ഐസിസിയുടെ ഈ കലണ്ടർ വർഷത്തെ ഏറ്റവും പ്രധാന ടൂർണമെന്റായ ചാംപ്യൻസ് ട്രോഫി ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ ചാംപ്യൻസ് ട്രോഫിയുമായി ബന്ധപ്പെട്ട വിവാദങ്ങളും വേദി സംബന്ധിച്ചുള്ള ഇന്ത്യ- പാക് ക്രിക്കറ്റ് ബോർഡ് തർക്കങ്ങളും ഇപ്പോഴും ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോൾ എവിടെയായിരുന്നു വിവാദങ്ങൾ ഉടലെടുത്തത്? എന്താണ് വിവാദങ്ങളുടെ ഇപ്പോഴത്തെ സ്ഥിതിവിശേഷം? നമുക്കൊന്ന് പരിശോധിക്കാം.
ചാംപ്യൻസ് ട്രോഫി 2025 ലെ വിവാദങ്ങളുടെ തുടക്കമാവുന്നത് വേദിയായി ഐസിസി പാകിസ്താനെ പ്രഖ്യാപിച്ചത് മുതലാണ്. പാകിസ്താനെ ആതിഥേയരായി പ്രഖ്യാപിച്ചത് മുതൽ തന്നെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡായ ബിസിസിഐ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. വർഷങ്ങളായി ഇന്ത്യൻ ടീമും പാക് ടീമുമായുള്ള ക്രിക്കറ്റ് പര്യടനങ്ങൾ ഇല്ലാതായതിന് പിന്നിലെ രാഷ്ട്രീയ കാരണങ്ങളെല്ലാം പല കാലത്തായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. 80 കളിലേയും 90 കളിലേയും ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങളിലൊന്നായിരുന്നല്ലോ ഇന്ത്യ- പാക് പര്യടനങ്ങളും പോരാട്ടങ്ങളും.
എന്നാൽ പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചതോടെയാണ് പര്യടനങ്ങളൊക്കെയും ഇല്ലാതാവുന്നത്. അതിനാൽ തന്നെ ഇത്തവണ ബിസിസിഐ വേദി സംബന്ധമായ എതിർപ്പുകളുമായി തുടക്കത്തിലേ രംഗത്തെത്തിയിരുന്നു. പാകിസ്താനെ സംബന്ധിച്ചിടത്തോളം കാത്തുകാത്ത് കിട്ടിയ ഒരു ഐസിസി ഇവന്റായിരുന്നു ഇത്. ഇന്ത്യ എതിർപ്പുമായി വന്നെങ്കിലും നിശ്ചിത ഇടവേളകൾക്കിടയിൽ പ്രധാന ക്രിക്കറ്റ് രാജ്യങ്ങൾക്കെല്ലാം പ്രധാന ടൂർണമെന്റുകളുടെ ആതിഥേയത്വം നൽകണം എന്ന ഐസിസി നിയമം പാകിസ്താന് വേദി നൽകാൻ ഐസിസിയെ നിർബന്ധിതരാക്കുകയായിരുന്നു.
ഒടുവിൽ ബിസിസിഐ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ടൂർണമെന്റ് കളിക്കാൻ പാകിസ്താനിലേക്ക് വിടില്ലെന്ന നിലപാടിലെത്തി. ബിസിസിഐയുടെ ഈ നിസ്സഹകരണം താത്കാലികമാണെന്നും ടൂർണമെന്റ് അടുക്കുമ്പോൾ നയത്തിൽ മാറ്റമുണ്ടാകുമെന്നുമായിരുന്നു ഐസിസിയുടെ കണക്കുകൂട്ടൽ. എന്നാൽ തങ്ങളുടെ നിലപാടിൽ ബിസിസിഐ തുടർന്നതോടെ ഒടുവിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലേക്ക് മാറ്റേണ്ടി വന്നു. ചാംപ്യൻസ് ട്രോഫി ബഹിഷ്കരിക്കും എന്നതടക്കമായിരുന്നു ബിസിസിഐ മുന്നോട്ട് വെച്ച സമ്മർദ്ദ തന്ത്രം.
ഐസിസി ചെയർമാനായി ജയ് ഷാ ചുമതലയേറ്റതും ഐസിസിയിൽ ബിസിസിഐയ്ക്ക് കൂടുതൽ ആധിപത്യമുണ്ടാക്കി. ഇതിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് കടുത്ത എതിർപ്പുണ്ടായിരുന്നു. ലാഭ വിഹിതത്തിലടക്കം ഗുണകരമായ മാറ്റങ്ങൾ നടത്താമെന്ന വ്യവസ്ഥയിലും തിരിച്ചും ടൂർണമെന്റുകൾക്ക് ഇന്ത്യയിലേക്ക് പോകേണ്ടതില്ലെന്ന വ്യവസ്ഥയിലുമാണ് വേദി മാറ്റ വിവാദം അവസാനിച്ചത്.
ഇതോടെ മാസങ്ങളായുള്ള തലവേദന അവസാനിച്ചുവെന്നും ഇനി സ്വസ്ഥമായി ടൂർണമെന്റ് നടത്താമെന്നുമുള്ള ആശ്വാസത്തിലായിരുന്നു ഐസിസി. എന്നാൽ പല രൂപത്തിൽ വീണ്ടും ഐസിസി അനിശ്ചിതത്വത്തിലായി. പാക് ക്രിക്കറ്റ് ബോർഡിന്റെ ചുമതലയിലുള്ള പാകിസ്താനിലെ വേദി തയ്യാറെടുപ്പ് കാലതാമസം കാരണം ഐസിസി തന്നെ നേരിട്ട് ഏറ്റെടുക്കേണ്ട അവസ്ഥയിലേക്ക് വരെ മാറുകയുണ്ടായി.
പാക് ക്രിക്കറ്റ് ബോർഡും ബിസിസിഐയും തമ്മിൽ വീണ്ടും പ്രശ്നങ്ങൾ ഉടലെടുത്തതും കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാക്കി. ചാംപ്യൻസ് ട്രോഫി ടൂര്‍ണമെന്‍റിനുള്ള ഇന്ത്യൻ ടീമിന്‍റെ കിറ്റില്‍ പാകിസ്താൻ എന്നെഴുതരുതെന്ന് ബിസിസിഐ ആവശ്യപ്പെട്ടപ്പോൾ ക്രിക്കറ്റിൽ രാഷ്ട്രീയം കലർത്തരുതെന്ന് പിസിബി തിരിച്ചടിച്ചു. ഐസിസി മാര്‍ഗനിര്‍ദേശം അനുസരിച്ച് ആതിഥേയ രാജ്യത്തിന്‍റെ പേര് എല്ലാ ടീമുകളുടെയും ടീം ജേഴ്സി ഉള്‍പ്പെടെയുള്ള കിറ്റുകളില്‍ ഉണ്ടാകണമെന്നുണ്ട്.
ബിസിസിഐ-പിസിബി തർക്കത്തിൽ ഇരു രാജ്യങ്ങളിലെയും മറ്റ് രാജ്യങ്ങളുടെയും മുൻ താരങ്ങൾ അഭിപ്രായങ്ങളുമായി രംഗത്തെത്തിയതോടെ ഐസിസി വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിതിനെ ടൂർണമെന്റിന്റെ ഫോട്ടോ ഷൂട്ടുകൾക്കും വാർത്താസമ്മേനങ്ങൾക്കും ഉദ്ഘാടന ചടങ്ങുകൾക്കും പറഞ്ഞയക്കില്ലെന്ന് ബിസിസിഐ ഇതിനകം അറിയിച്ചിട്ടുണ്ട്. ക്രിക്കറ്റിലെ വാണിജ്യ സോത്രസ്സായും പ്രേക്ഷക സോത്രസ്സായും മുന്നിലുള്ള രണ്ട് രാജ്യങ്ങൾ എന്ന നിലയിൽ ഇരു രാജ്യങ്ങളെയും പിണക്കാതെ പരമാവധി കൂടെ നിർത്താനാവും ഐസിസിയുടെ ഇനിയുള്ള ശ്രമം. അതിന് വേണ്ടിയുള്ള ഐസിസിയുടെ പുതിയ കരുനീക്കങ്ങൾ എന്തൊക്കെയാണെന്ന് കണ്ടറിയണം.
Content Highlights: The BCCI-Pak Cricket Board clash will end?;ICC Champions Trophy 2025 controversy continues