ഹിറ്റ്മാന്റെ തിരിച്ചുവരവിന് പിന്നിൽ കാരണമുണ്ട്; ഏകദിനത്തിൽ തുടരുന്ന രോഹിത് സ്വാഗ്

തന്റെ കരിയറിലെ ഏറ്റവും കൂടുതൽ നേട്ടങ്ങൾ തന്ന ഫോർമാറ്റിൽ കൂടിയാണ് രോഹിത്തിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവ് എന്നതും ശ്രദ്ധേയമാണ്

dot image

ഇംഗ്ലണ്ടിനെതിരെ ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ഫോം വീണ്ടെടുത്തിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കഴിഞ്ഞ കുറെ മത്സരങ്ങളിൽ നിരാശപെടുത്തുന്ന പ്രകടനമായിരുന്നു താരത്തിന്റേത്. 2023 ടി 20 ലോകകപ്പിന് ശേഷം ടി 20 യിൽ നിന്ന് വിരമിച്ച രോഹിത് ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയവർക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ നിരാശപ്പെടുത്തി. ഒടുവിൽ ഓസീസിനെതിരായ അവസാന മത്സരത്തിൽ നിന്നും മാറ്റി നിർത്തുന്ന സാഹചര്യം പോലും ക്യാപ്റ്റൻ രോഹിത്തിനുണ്ടായി. ഇതാദ്യമായിട്ടായിരുന്നു ഒരു ഇന്ത്യൻ ക്യാപ്റ്റൻ പരമ്പരയ്ക്കിടെ മോശം ഫോമിന്റെ പേരിൽ മാറ്റിനിർത്തപ്പെടുന്നത്.

ഫോം വീണ്ടെടുക്കാൻ രഞ്ജിയിലേക്ക് മടങ്ങിയെത്തിയെങ്കിലും അവിടെയും രോഹിത് പരാജയപ്പെട്ടു. ശേഷം രോഹിത് വിരമിക്കണമെന്ന ആവശ്യം ആരാധകരിൽ നിന്നും മുൻ താരങ്ങളിൽ നിന്നും ബിസിസിഐ മെമ്പർമാരിൽ നിന്നും ഒക്കെയും ഉയർന്നു. ഇതിനെയെല്ലാം മറികടന്നാണ് ഹിറ്റ്മാൻ ഇപ്പോൾ ഗംഭീരമായി തിരിച്ചുവന്നിരിക്കുന്നത്. ഏകദിനത്തിലെ മുപ്പത്തിരണ്ടാം സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെതിരെ രോഹിത് സ്വന്തമാക്കിയത്. പ്രതാപകാലത്തെ ബാറ്റിങ് ഫോം ഓര്‍മിപ്പിക്കുന്നതായിരുന്നു ഓരോ ഷോട്ടുകളും. മനോഹരമായ ഫ്ലിക്കുകളും നോ ലുക്ക് ഷോട്ടുകളും ആ ബാറ്റിൽ നിന്ന് പിറന്നു.

90 പന്തുകള്‍ മാത്രം നേരിട്ട രോഹിത് 119 റണ്‍സാണ് അടിച്ചെടുത്തത്. ഏഴ് സിക്‌സറുകളും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. 331 സിക്സറുമായി രണ്ടാം സ്ഥാനത്തുള്ള ക്രിസ് ഗെയ്‌ലിനെ പിന്നിലാക്കിയ രോഹിത്തിന് ഇനി മറികടക്കാനുള്ളത് 351 സിക്‌സറുകൾ നേടിയിട്ടുള്ള ഷാഹിദ് അഫ്രീദിയെയാണ്. ഈ ഫോം തുടർന്നാൽ ചാംപ്യൻസ് ട്രോഫിയിൽ തന്നെ ഈ റെക്കോർഡ് രോഹിത് മറികടന്നേക്കും.

അതേ സമയം തന്റെ കരിയറിലെ ഏറ്റവും കൂടുതൽ നേട്ടങ്ങൾ തന്ന ഫോർമാറ്റിൽ കൂടിയാണ് രോഹിത്തിന്റെ തിരിച്ചുവരവ് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഒരു വർഷമായി മോശം പ്രകടനത്തിൽ രോഹിത് പഴി കേൾക്കുമ്പോഴും അദ്ദേഹം കളിച്ച ഏകദിനങ്ങളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചിരുന്നു.

2024 കലണ്ടർ വർഷത്തിൽ നടന്ന ഇന്ത്യയുടെ ഏക ഏകദിന പരമ്പര ശ്രീലങ്കയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞപ്പോഴും രോഹിത് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. അന്ന് മൂന്ന് മത്സരങ്ങളിൽ നിന്ന് അദ്ദേഹം രണ്ട് അർധ സെഞ്ച്വറിയടക്കം 157 റൺസ് നേടിയിട്ടുണ്ട്. കഴിഞ്ഞ അവസാന 21 ഏകദിന ഇന്നിങ്‌സുകൾ നോക്കിയാലും രോഹിത്തിന്റെ പ്രകടനം ആവറേജിനും മുകളിലാണ്. കഴിഞ്ഞ 21 ഏകദിന മത്സരങ്ങളിൽ നിന്നും അദ്ദേഹം 56.95 ശരാശരിയിലും 116.34 സ്‌ട്രൈക്ക് റേറ്റിലും 1139 റൺസ് നേടിയിട്ടുണ്ട്. ഇതിൽ രണ്ട് സെഞ്ച്വറിയും 5 അർധ സെഞ്ച്വറിയും ഉൾപ്പെടുന്നുമുണ്ട്. ഇത്രയും ഉയർന്ന സ്ട്രൈക്ക് റേറ്റിൽ 50 ന് മുകളിൽ ബാറ്റിങ് ശരാശരിയുള്ള വിരലിലെണ്ണാവുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് രോഹിത്.

ഏതായാലും ചാംപ്യൻസ് ട്രോഫി ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രോഹിത്തിന്റെ ഈ പ്രകടനവും ഏകദിനത്തിലെ സമീപ കാല കണക്കുകളും ക്രിക്കറ്റ് ആരാധകർക്ക് ഏറെ ആത്‌മവിശ്വാസമേകുമെന്ന കാര്യത്തിൽ സംശയമില്ല.

Content Highlights: rohit sharma outsanding return in to form in cricket

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us