ന്യൂഡൽഹി: യുഎൻ സുരക്ഷാ സമിതി അന്താരാഷ്ട്ര തീവ്രവാദിയായി പ്രഖ്യാപിച്ച മസൂദ് അസ്ഹറിനെതിരെ പാകിസ്താൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. ജെയ്ഷെ മുഹമ്മദ് കേഡർമാരെ കഴിഞ്ഞ മാസം മസൂദ് അസ്ഹർ അഭിസംബോധന ചെയ്തത് ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയുടെ ആവശ്യം.
'മസൂദ് അസ്ഹർ യുഎൻ്റെ പട്ടികയിലുള്ള ഭീകരനാണ്. അയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അസർ പാകിസ്താനിലില്ലെന്ന് നിഷേധിച്ചിരുന്നു. മസൂദ് അസ്ഹർ ഉള്ള ഇടം സംബന്ധിച്ച് പുറത്ത് വന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ പാക്കിസ്ഥാൻ്റെ ഇരട്ടമുഖമാണ് തുറന്ന് കാണിക്കുന്നത്' എന്നായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധിർ ജെയ്സ്വാൾ വ്യക്തമാക്കിയത്. 'മസൂദ് അസ്ഹർ ഇന്ത്യയ്ക്കെതിരായ അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനത്തിൽ പങ്കാളിയാണ്. അയാൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു' എന്നും വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു.
'പുതിയ ഇസ്ലാമിക ലോകക്രമം സൃഷ്ടിക്കുന്നതിനായി ഇന്ത്യയ്ക്കും ഇസ്രയേലിനും എതിരെ ഭീകരാക്രമണങ്ങൾ പുനഃരാരംഭിക്കുമെന്നായിരുന്നു' മസൂദ് അസ്ഹർ പറഞ്ഞത്. ഗാസയിലെ സംഘർഷങ്ങൾ പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ പ്രസംഗം അടുത്തിടെ നടന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രസംഗം നടന്നത് കഴിഞ്ഞ മാസമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ "ദുർബലൻ" എന്ന് വിളിച്ച മസൂദ് അസ്ഹർ തൻ്റെ ഏറ്റവും പുതിയ പ്രസംഗത്തിൽ, അസ്ഹർ കാശ്മീർ തിരിച്ചുപിടിക്കാൻ സായുധരായ പേരാളികളെ അയയ്ക്കുമെന്നും പറയുന്നുണ്ട്. പ്രസംഗത്തിൽ ബാബറി മസ്ജിദ് വിഷയവും മസൂദ് അസർ ഉയർത്തുന്നുണ്ട്. ഇന്ത്യയേയും ഇസ്രയേലിനേയും കേന്ദ്രീകരിച്ച് ആക്രമണം നടത്തണമെന്ന വ്യക്തമായ ആഹ്വാനങ്ങളും പ്രസംഗത്തിൽ ഇടംപിടിച്ചിരുന്നു. മസ്കറ്റിൽ ഇന്ത്യയുടെയും പാകിസ്താൻ്റെയും വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ തമ്മിൽ അടച്ചിട്ട മുറിയിൽ നടന്ന സംഭാഷണത്തിന് പിന്നാലെയായിരുന്നു അസ്ഹറിൻ്റെ പ്രസംഗം.
പാക്കിസ്ഥാൻ്റെ മുൻ സൈനിക ഭരണാധികാരി ജനറൽ പർവേസ് മുഷറഫിനെതിരെ ജെയ്ഷെ മുഹമ്മദിൽ നിന്നും വേർപിരിഞ്ഞ ഒരു വിഭാഗം നടത്തിയ ആക്രമണത്തെത്തുടർന്ന് 2003 മുതൽ അസ്ഹറിന് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്ന് നിയന്ത്രണമുണ്ട്.
പ്രഖ്യാപിത കുറ്റവാളിയായി പാകിസ്താൻ പ്രഖ്യാപിക്കുന്നതിന് തെട്ടുമുമ്പ് അസ്ഹർ അഫ്ഗാനിസ്ഥാനിലേയ്ക്ക് രക്ഷപെട്ടതായി 2022-ൽ അന്നത്തെ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ അറിയിച്ചിരുന്നു.
കാഠ്മണ്ഡുവിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈജാക്ക് ചെയ്യപ്പെട്ട ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് ഐസി -814ലെ ബന്ധികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട ധാരണയുടെ ഭാഗമായാണ് തടവിൽ കഴിഞ്ഞിരുന്ന മസൂദ് അസ്ഹറിനെ ഇന്ത്യ നേരത്തെ കൈമാറിയത്. അതുവരെ ഏതാണ്ട് അഞ്ചുവർഷമായി ഇന്ത്യയിൽ തടവിൽ കഴിയുകയായിരുന്നു മസൂദ് അസ്ഹർ. ജെയ്ഷെ മുഹമ്മദിൻ്റെ സ്ഥാപകനായ അസ്ഹറാണ് 2001 ലെ പാർലമെൻ്റ് ആക്രമണം, 2016 ലെ പത്താൻകോട്ട് ആക്രമണം എന്നിവയുൾപ്പെടെ നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ്. അൽ-ഖ്വയ്ദയുമായുള്ള ബന്ധത്തിൻ്റെ പേരിൽ യുഎൻ സുരക്ഷാ കൗൺസിൽ അസ്ഹറിനെ അന്താരാഷ്ട്ര തീവ്രവാദിയായി 2019ൽ പ്രഖ്യാപിച്ചിരുന്നു.
Content Highlights: India has demanded that Pakistan take strict action against Masood Azhar