സമാധാന കരാറിൻ്റെ ഭാഗം, ക്രിമിയയുടെ റഷ്യൻ നിയന്ത്രണം അംഗീകരിക്കുമെന്ന് ട്രംപ്;എതിർത്ത് വൊളോഡിമിര്‍ സെലന്‍സ്‌കി

ട്രംപിൻ്റെ വെടിനിർത്തൽ കരാർ ഉറപ്പാക്കാനാണ് ഇത്തരത്തിലൊരു നീക്കം

dot image

വാഷിങ്ടൺ: റഷ്യ-യുക്രെയ്ൻ സമാധാന കരാറിൻ്റെ ഭാ​ഗമായി ക്രിമിയ (യുക്രെയ്ൻ്റെ ഭാഗമായിരുന്ന ഉപദ്വീപ്)യുടെ മേലുള്ള റഷ്യയുടെ നിയന്ത്രണം അംഗീകരിക്കാൻ അമേരിക്ക തയ്യാറാണെന്ന് അന്തർ​ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ വെടിനിർത്തൽ കരാർ ഉറപ്പാക്കാനാണ് ഇത്തരത്തിലൊരു നീക്കമെന്നും റിപ്പോർട്ടുകളുണ്ട്.

2014-ൽ റഷ്യ ക്രിമിയയിൽ ആക്രമണം നടത്തുകയും ഉപദ്വീപിലെ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ സെവാസ്റ്റോപോളിലെയും സിംഫെറോപോളിലെയും വിമാനത്താവളങ്ങൾ ഉപരോധിക്കുകയും ക്രിമിയൻ പാർലമെന്റ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഉപദ്വീപിൽ സ്ഥിതി ചെയ്തിരുന്ന യുക്രെയ്ൻ സൈനിക താവളങ്ങളും റഷ്യ തടഞ്ഞുവെച്ചിരുന്നു. അന്ന് റഷ്യൻ സൈനികർക്ക് നേരെ വെടിയുതിർക്കാൻ യുക്രെയ്ൻ സൈനികർക്ക് ഉത്തരവ് ലഭിച്ചിരുന്നില്ല.

2014 മാർച്ചിൽ, റഷ്യൻ നിയന്ത്രണത്തിലുള്ള ക്രിമിയൻ പാർലമെന്റ് റഷ്യയിൽ ചേർക്കുന്നതിനായി ഒരു ജനഹിതപരിശോധന നടത്താൻ തീരുമാനമായിരുന്നു. അന്താരാഷ്ട്ര നിരീക്ഷകരുടെ അഭാവത്തിലും പോളിംഗ് സ്ഥലങ്ങളിൽ സായുധരായ റഷ്യൻ സൈനികരുടെ സാന്നിധ്യത്തിലുമായിരുന്നു വോട്ടെടുപ്പ് നടത്തിയത്. അന്ന് നടന്നത് വ്യാജ വോട്ടെടുപ്പാണെന്ന് ആരോപണം ഉയർന്നിരുന്നു. 2014 മാർച്ച് 16 ന് വോട്ടെടുപ്പ് ഫലങ്ങൾ പ്രഖ്യാപിക്കുകയും 97 ശതമാനം വോട്ടർമാരും കൂട്ടിച്ചേർക്കലിനെ അനുകൂലിച്ചുവെന്ന് റഷ്യൻ സർക്കാർ അവകാശപ്പെടുകയും ചെയ്തിരുന്നു.

വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ക്രിമിയയുടെ മേലുള്ള റഷ്യയുടെ നിയന്ത്രണം അംഗീകരിക്കുന്നത് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഒരു പ്രധാന വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ക്രിമിയയ്ക്ക് മേലുളള അവകാശവാദത്തിന് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിക്കുന്നതിന് ദീർഘകാലമായി പുടിൻ ശ്രമിച്ചുകൊണ്ടിരിക്കവെയാണ് അമേരിക്കയുടെ പ്രഖ്യാപനം. എന്നാൽ ഇതിന് പിന്നാലെ റഷ്യയ്ക്ക് ഭൂമി വിട്ടുകൊടുക്കാനുള്ള ഏതൊരു നിർദ്ദേശത്തെയും താൻ എതിർക്കുന്നുവെന്ന് യുക്രെയ്ൻ വൊളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. യുക്രെയ്നിൻ്റെ ഭാഗമായിരുന്ന ക്രിമിയ ഉൾപ്പെടെയുള്ള ഒരു പ്രദേശവും റഷ്യക്ക് വിട്ടു നൽകാനാവില്ലെന്നുമാണ് സെലന്‍സ്‌കിയുടെ നിലപാട്. 'ഞങ്ങൾ ഒരിക്കലും യുക്രെയ്ൻ ഭൂമിയെ റഷ്യൻ ഭൂമിയായി കണക്കാക്കില്ല. വെടിനിർത്തൽ വരെ ഞങ്ങളുടെ പ്രദേശത്തെക്കുറിച്ച് ഒരു ചർച്ചയും ഉണ്ടാകില്ല' സെലൻസ്കി പറഞ്ഞു.

അതേ സമയം, ചർച്ചകൾ ഉടൻ പുരോഗമിക്കുന്നില്ലെങ്കിൽ അമേരിക്ക സമാധാന ശ്രമങ്ങൾ ഉപേക്ഷിച്ചേക്കുമെന്ന് ട്രംപും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും അറിയിച്ചിട്ടുണ്ട്. ഇന്നലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പ്രസിഡൻ്റ് ട്രംപ് ഈ കാര്യം അറിയിച്ചത്. 'വെടിനിർത്തൽ എന്ന് നിർത്താൻ കഴിയുമെന്ന് കൃത്യമായി പറയാൻ കഴിയില്ല. പ്രത്യേക ദിവസത്തിനുള്ളിൽ അത് സംഭവിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല. പക്ഷേ അത് കഴിയുന്നതിലും വേ​ഗത്തിൽ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. വ്യക്തമായ പുരോഗതി ഉണ്ടായില്ലെങ്കിൽ ചർച്ചകൾ ഉപേക്ഷിക്കാനാണ് തീരുമാനം' ട്രംപ് പറഞ്ഞു.

ആഴ്ചകളോ മാസങ്ങളോ എടുത്ത് തുടർച്ചയായി റഷ്യ-യുക്രെയ്ൻ സമാധാന കരാറിൽ തീർപ്പുണ്ടാക്കാൻ തങ്ങൾ ശ്രമം നടത്തില്ലായെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബി മാധ്യമങ്ങളോട് പറഞ്ഞത്. റഷ്യ-യുക്രെയ്ൻ കൂടാതെ വേറെ പല മുൻഗണന നൽകേണ്ട കാര്യങ്ങൾ അമേരിക്കയ്ക്കുണ്ടെന്ന് മാർക്കോ റൂബി കൂട്ടിച്ചേർത്തു.

Content Highlights: Trump admin considers recognizing Russian control of Crimea as part of peace deal

dot image
To advertise here,contact us
dot image