കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള സഹായധനം 30 ദിവസത്തേക്ക് കൂടി നീട്ടി. ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് പ്രതിദിനം 300 രൂപ വീതം 30 ദിവസത്തേക്കാണ് നൽകുന്നത്. പുതിയ ഉത്തരവ് പ്രകാരം ഒരു കുടുംബത്തിലെ രണ്ട് പ്രായപൂർത്തിയായ വ്യക്തികൾക്ക് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിൽ നിന്നും സഹായധനം നൽകും. ദീരഘനാളായി ചികിത്സയിൽ കഴിയുന്ന രോഗികളോ, കിടപ്പുരോഗികളോ ഉള്ള കുടുംബങ്ങളിലെ ഒരാൾക്ക് കൂടി ഈ തുക കൈമാറുമെന്നും ദുരന്ത നിവാരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ ദുരിതബാധിതരായ എല്ലാവർക്കും ഈ ആനുകൂല്യം ലഭിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സർക്കാർ അനുവദിച്ച പണം ലഭിക്കാത്തവരും മുണ്ടക്കൈ ദുരന്തബാധിതരിലുണ്ടെന്ന ആരോപണവും ജനങ്ങൾ ഉന്നയിക്കുന്നുണ്ട്. ഒരു മാസത്തിൽ പല കുടുംബങ്ങളിലും ഒരാൾക്ക് മാത്രമാണ് ഇത്തരത്തിൽ ധനസഹായം ലഭിച്ചിട്ടുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.
'ചികിത്സാ ഫണ്ട് 30 പേർക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇനിയും കണ്ടെത്താനുള്ള 47 പേരുടെ മൃതദേഹം കണ്ടെത്തിയാൽ മാത്രമേ മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സർക്കാർ രേഖകൾ ലഭ്യമാകൂ. ദുരന്തം നടന്ന് 90 ദിവസം കഴിഞ്ഞിട്ടും ഓരോ കാര്യങ്ങൾ ശരിയാക്കാൻ മനുഷ്യർ ഓടുകയാണ്. ഇത് വലിയ ദുരന്തം ആണെന്ന് ലോകം മുഴുവൻ അറിഞ്ഞതാണ്. വേണ്ടപ്പെട്ട അധികാരികൾ അത് പ്രഖ്യാപിക്കണം. ഇനി തിരഞ്ഞാലും ബോഡി കിട്ടണമെന്നില്ല. മരണ സർട്ടിഫിക്കറ്റ് എങ്കിലും നൽകണം', നാട്ടുകാർ റിപ്പോർട്ടറിനോട് പറഞ്ഞു.
മുണ്ടക്കൈ മേഖലയിൽ താമസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും നിന്നും മാറി വാടക വീടുകളിൽ താമസിക്കുന്നവരെ ഏകീകരിപ്പിച്ച് സർക്കാർ സംവിധാനത്തിന് കീഴിൽ കൊണ്ടുവരണമെന്ന ആവശ്യവും നാട്ടുകാർ മുന്നോട്ടുവെക്കുന്നുണ്ട്. ആവശ്യങ്ങൾ നടപ്പിലാക്കാത്ത പക്ഷം പ്രതിഷേധം ശക്തമാക്കുമന്നും ഇവർ കൂട്ടിച്ചേർത്തു.
Content Highlight: Govt to extend relief funds for Mundakkai-Chooralmala landslide victims