മെഷീനുകൾ മോഷണം പോയി; കാൽനൂറ്റാണ്ടിലും മാറാതെ റൈസ് പാർക്കിന്റെ ദുരിതം; 'ചേലക്കരയ്ക്ക് ഈ ചേല് മതിയോ'

അടച്ചുറപ്പുള്ള വാതിലുകൾ പോലുമില്ലാത്ത റൈസ് പാർക്കിൽ നിന്നും 12 ലക്ഷം രൂപ വിലവരുന്ന മെഷീനുകളാണ് മോഷണം പോയത്

dot image

ചേലക്കര: തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ നടക്കുമ്പോഴും ചേലക്കരയിൽ അനാസ്ഥയുടെ സ്മാരകമായി റൈസ് പാർക്ക്. ഉദ്ഘാടനം കഴിഞ്ഞ് 24 വർഷമായിട്ടും റൈസ് പാർക്ക് പദ്ധതിയിൽ കാര്യമായ പുരോ​ഗതിയുണ്ടാക്കാൻ മാറി വന്ന സർക്കാരുകൾക്ക് സാധിച്ചിട്ടില്ല. ഉപയോ​ഗശൂന്യമായ റൈസ് പാർക്ക് പദ്ധതിയ്ക്കായി ഏറ്റെടുത്ത സ്ഥലവും നിർമിച്ച കെട്ടിടങ്ങളും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രങ്ങളായി മാറി. കോടിക്കണക്കിന് രൂപ മുടക്കി വാങ്ങിയ യന്ത്രങ്ങൾ തുരുമ്പെടുത്ത നിലയിലാണ്. തിര‍ഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള റിപ്പോർട്ടർ ടിവി പരിപാടി 'ചേലക്കരയ്ക്ക് ഈ ചേല് മതിയോ' എന്ന ലൈവാത്തോണിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്.

2000 ജൂലൈ 13നാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. അന്നത്തെ പട്ടികജാതി വികസന വകുപ്പ് മന്ത്രിയായിരുന്ന കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നിയമസഭാ സ്പീക്കറായിരുന്ന എം വിജയകുമാറാണ് പാരക്കാട് റൈസ് പാർ‍ക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ജില്ലാ വ്യവസായ കേന്ദ്രത്തിനായിരുന്നു റൈസ് പാർക്കിന്റെ പ്രവർത്തന ചുമതല.

പ്രാദേശിക കർഷകരിൽ നിന്ന് നെല്ല് ശേഖരിച്ച് അരിയാക്കി ആശിർവാദ് എന്ന ബ്രാൻഡിൽ വിപണിയിലെത്തിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പ്രദേശത്തെ മുപ്പതോളം പേർക്ക് സ്ഥരിം തൊഴിലും പരോക്ഷമായി നൂറിലേറെ പേർക്ക് തൊഴിൽ ഉറപ്പ് നൽകുന്നതുമായിരുന്നു പദ്ധതി. ആഘോഷത്തോടെ നാട്ടുകാർ റൈസ് പാർക്കിനെ വരവേറ്റെങ്കിലും ഒരു വർഷം തികയ്ക്കാൻ പദ്ധതിക്ക് സാധിച്ചില്ല.

ആദ്യത്തെ ഏതാനും മാസങ്ങളിൽ പദ്ധതി മുന്നോട്ടുപോയെങ്കിലും കാര്യമായ ലാഭം ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഇടപെടുകയായിരുന്നു. ഇതോടെയാണ് ബസ്മതി നെല്ല് അരിയാക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ഇതിനായി ടൺ കണക്കിന് ബസ്മതി നെല്ലും സർക്കാർ റൈസ് പാർക്കിലെത്തിച്ചിരുന്നു. എന്നാൽ ഇതിന് ശേഷമാണ് ബസ്മതി നെല്ല് അരിയാക്കാനുള്ള ശേഷി കോടികൾ മുടക്കി വാങ്ങിയ മെഷീനുകൾക്കില്ലെന്ന് മനസിലാകുന്നത്. നെല്ല് കുത്തി അരിയാക്കാനുള്ള പുതിയ മെഷീനുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചെങ്കിലും മെഷീൻ എത്തിയപ്പോഴേക്കും സംഭരിച്ച നെല്ലിന് കേടുസംഭവിക്കുകയായിരുന്നു. ഇതോടെ റൈസ് പാർക്ക് പദ്ധതി സ്മാരകം മാത്രമായി മാറി.

റൈസ് പാർക്കിൽ തുരുമ്പെടുത്ത മെഷീനുകൾ

കേസുകളും തർക്കങ്ങളും നിലനിന്നിരുന്നുവെങ്കിലും കാലക്രമേണ അതും ഇല്ലാതായി. അടച്ചുറപ്പുള്ള വാതിലുകൾ പോലുമില്ലാത്ത റൈസ് പാർക്കിൽ നിന്നും 12 ലക്ഷം രൂപ വിലവരുന്ന മെഷീനുകളാണ് മോഷണം പോയത്. കൊണ്ടുപോകാൻ സാധിക്കാത്ത മെഷീനുകൾ മാത്രമാണ് നിലവിൽ സ്ഥാപനത്തിലുള്ളത്. നൂറേക്കർ ഭൂമിയിൽ നിർമിച്ച പദ്ധതിയായിരുന്നു റൈസ് പാർക്ക്.

Content Highlight: Reporter Livathon: Rice Park project in chelakkara continues to be a monument of negligence

dot image
To advertise here,contact us
dot image