ബിജെപിക്കായി ഒഴുക്കിയത് കോടികളെന്ന് ധർമരാജന്റെ മൊഴി; കൂടുതൽ തൃശൂരിനും തിരുവനന്തപുരത്തും

പാലക്കാട്ടേയ്ക്ക് കൊണ്ടുവന്ന പണം സേലത്ത് വെച്ച് കവർച്ച ചെയ്യപ്പെട്ടതായും മൊഴിയിലുണ്ട്

dot image

തൃശൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തേക്ക് ബിജെപിക്ക് വേണ്ടി ഒഴുക്കിയ കള്ളപ്പണത്തിന്റെ വിശദ വിവരം പുറത്ത്. കൊടകര കുഴൽപ്പണക്കേസിൽ കക്ഷികളിൽ ഒരാളായ ധർമരാജന്റെ മൊഴിയിലാണ് ഇത് സംബന്ധിച്ച വിശദ വിവരങ്ങളുള്ളത്. കൂടുതല്‍ പണമെത്തിച്ചത് തൃശൂരിലാണെന്നാണ് മൊഴിയില്‍ പറയുന്നത്. പന്ത്രണ്ട് കോടി രൂപയാണ് തൃശൂര്‍ ജില്ലയില്‍ മാത്രം എത്തിച്ചത്.

പതിനൊന്നര കോടി നല്‍കിയത് തിരുവനന്തപുരം ജില്ലയിലാണെന്നും മൊഴിയില്‍ പറയുന്നു. 2021 മാര്‍ച്ച് അഞ്ചിനും ഏപ്രില്‍ അഞ്ചിനും മധ്യേ കള്ളപ്പണം ഏറ്റുവാങ്ങിയവരുടെ പേരുകളും ധര്‍മരാജന്‌റെ മൊഴിയിലുണ്ട്. പാലക്കാട്ടേയ്ക്കുള്ള നാലരക്കോടി രൂപ സേലത്ത് കവര്‍ച്ച ചെയ്യപ്പെട്ടെന്നും ധര്‍മരാജന്‍ പറയുന്നു.

ആലുവയില്‍ ഒരു നേതാവിന് മാത്രം 50 ലക്ഷം രൂപയാണ് ബിജെപി കൈമാറിയത്. ആലപ്പുഴയില്‍ ഒരു കോടി പത്ത് ലക്ഷം, കണ്ണൂരില്‍ ഒരു കോടി നാൽപത് ലക്ഷം തുടങ്ങി പണം ഓഫീസ് സ്റ്റാഫുകള്‍ക്കായി നല്‍കിയിട്ടുണ്ട്. കാസര്‍കോട് 1 കോടി 50 ലക്ഷം മേഖല സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. കോഴിക്കോട് വൈസ് പ്രസിഡന്‌റിന് 1കോടി 50 ലക്ഷം രൂപയും കൈമാറിയിയെന്നും മൊഴിയിലുണ്ട്. ആലപ്പുഴയില്‍ ജില്ലാ ട്രഷറര്‍ക്ക് മൂന്നര കോടി രൂപ കൈമാറാനായിരുന്നു നിര്‍ദ്ദേശം. ഈ പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. പത്തനംതിട്ടയില്‍ 1 കോടി 40 ലക്ഷവും നല്‍കിയിട്ടുണ്ട്. പാലക്കാട്ടേക്ക് കൊണ്ടുവന്ന പണം സേലത്ത് വെച്ച് മോഷ്ടിക്കപ്പെട്ടിരുന്നു.

മാര്‍ച്ച് 1, മാര്‍ച്ച് 26 തീയതികള്‍ക്കിടയിലാണ് തമിഴ്‌നാട്ടില്‍ നിന്നും കോടികള്‍ ബിജെപി കേരളത്തിലേക്ക് ഒഴുക്കിയത്. 41 കോടി രൂപയാണ് പല ഘട്ടങ്ങളിലായി ജില്ലകള്‍ക്ക് കൈമാറിയത്. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ 12 കോടിയോളം എത്തിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് സയത്ത് പാർട്ടികൾ സംസ്ഥാനത്തിന് പുറത്തുനിന്നും പണം സ്വീകരിക്കുന്നത് സാധാരണമാണെങ്കിലും കോടികളുടെ കള്ളപ്പണം കടത്തുന്ന സംഭവം സംസ്ഥാനത്ത് ആദ്യമാണ്.

അതേസമയം കൊടകര കുഴൽപ്പണ കേസിലെ തുടരന്വേഷണത്തിന്റെ മുന്നോടിയായി ഇരിഞ്ഞാലക്കുട കോടതിയിൽ പൊലീസ് ഇന്ന് റിപ്പോർട്ട് നൽകിയേക്കും. തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് കോടതിയെ സമീപിക്കുക. കോടതിയുടെ അനുമതിയോടെ സതീഷിൽ നിന്നും പൊലീസ് മൊഴിയെടുക്കും. കോടതിയിൽ സതീഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനും പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. തുടരന്വേഷണം സംബന്ധിച്ച ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇന്നുണ്ടായേക്കും. കുഴൽപ്പണ കേസിൽ ബിജെപി ബന്ധം വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പൊലീസിന് നൽകുമെന്ന് സതീഷ് പറഞ്ഞു.

Content Highlight: BJP spends crores on assembly election, claims Dharmarajan's statement

dot image
To advertise here,contact us
dot image