പരസ്യം ബിജെപിയെ ജയിപ്പിക്കാൻ, സന്ദീപ്‌ വര്യർ പോയതിന് എൽഡിഎഫ് എന്തിനാണ് ഇത്ര കരയുന്നത്?: പി കെ കുഞ്ഞാലിക്കുട്ടി

പരസ്യം കൊടുത്തവർക്ക് അത് വേണ്ടിയിരുന്നില്ല എന്ന് ആയിട്ടുണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

dot image

മലപ്പുറം: സിറാജ്, സുപ്രഭാതം പത്രങ്ങളിലെ എൽഡിഎഫ് പരസ്യത്തിൽ, ഇടതുപക്ഷത്തിനെതിരെ വിമർശനവുമായി പി കെ കുഞ്ഞാലിക്കുട്ടി. ജനങ്ങളെ ചേരി തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തിരഞ്ഞെടുപ്പ് ഉദ്ദേശിച്ച്‌ ചെയ്യുന്ന കാര്യമാണിതെന്നും കുഞ്ഞാലികുട്ടി വിമർശിച്ചു.

ബിജെപിയെ ജയിപ്പിക്കാൻ ഉള്ള പരസ്യമാണ് എൽഡിഎഫ് നൽകിയതെന്നും കുഞ്ഞാലികുട്ടി കുറ്റപ്പെടുത്തി. ന്യുനപക്ഷ വോട്ടുകൾ വിഭജിക്കാനാണ് ഇത്തരം പരസ്യങ്ങൾ നൽകുന്നത്. ബിജെപിയിൽ നിന്ന് സന്ദീപ് വാര്യർ പോയതിന് ഇടതുപക്ഷം എന്തിനാണ് ഇത്ര കരയുന്നതെന്നും തൃശ്ശൂരിൽ പൂരം കലക്കിയ പോലെ പാലക്കാടും കലക്കാൻ നോക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പത്രപരസ്യവുമായി സമസ്തയ്ക്ക് ബന്ധമില്ലെന്ന് സമസ്ത നേതൃത്വം അറിയിച്ചതാണെന്നും പരസ്യം കൊടുത്തവർക്ക് അത് വേണ്ടില്ല എന്ന് ആയിട്ടുണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുഖ്യമന്ത്രിയുടെ സാദിഖലി തങ്ങൾ വിമർശനത്തിനെതിരെയും കുഞ്ഞാലികുട്ടി രംഗത്തുവന്നു. സാദിഖലി തങ്ങൾ സമാധാനത്തിനും മതസൗഹാർദ്ദത്തിനും ശ്രമിക്കുന്ന വ്യക്തിയാണ്. മുനമ്പം വിഷയം പരിഹരിക്കുന്ന നായകനാണ് സാദിഖലി ശിഹാബ് തങ്ങൾ. ഈ വിഷയത്തിൽ സാദിഖലി തങ്ങളുടെ ഇടപെടൽ ചർച്ചയാവാതെയിരിക്കാനാണ് മുഖ്യമന്ത്രി ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. വിഷയത്തിൽ ഇടപെട്ടുകൊണ്ട് തങ്ങൾ ചരിത്രത്തിന്റെ ഭാഗമാകാൻ പോകുകയാണെന്നും സർക്കാർ ആകെ പരാജയപ്പെട്ടുവെന്നും കുഞ്ഞാലികുട്ടി കുറ്റപ്പെടുത്തി. മുനമ്പം വിഷയത്തിൽ തുടർച്ചയായുള്ള ഇടപെടലുകൾ ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മുനമ്പം വിഷയം സർക്കാർ നീട്ടികൊണ്ടു പോയി വഷളാക്കാതെയിരുന്നാൽ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താന്‍ പറഞ്ഞത് മുസ്‌ലിം ലീഗ് പ്രസിഡന്റിനെ കുറിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങള്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സാദിഖലി തങ്ങളെ കുറിച്ച് പറയരുതെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞാല്‍ നാട് അംഗീകരിക്കുമോയെന്നും പിണറായി വിജയന്‍ ചോദിച്ചിരുന്നു. പല കോണ്‍ഗ്രസുകാര്‍ക്കും വര്‍ഗീയ നിലപാടാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വര്‍ഗീയതയോട് കോണ്‍ഗ്രസിന് മൃദു സമീപനമാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us