'കയ്യും കാലും വിറച്ചുപോയി മോനെ, രാത്രി ഉറങ്ങിയതേയില്ല'; തീപിടുത്തത്തിൻ്റെ ദൃക്സാക്ഷിയായ സരസ്വതി

പുലർച്ചെ ഒരു മണിയോടെയാണ് സൗത്ത് പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിൽ തീപിടുത്തമുണ്ടായത്

dot image

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുണ്ടായ തീപിടിത്തത്തിൽ സമീപത്തുള്ള കുടുംബങ്ങൾക്ക് നേരിടേണ്ടിവന്നത് ഒരു ദുരിതരാത്രിയെയാണ്. വർക്ക് ഷോപ്പ് അടക്കമുള്ള അതിജീവന മാർഗ്ഗങ്ങൾ നഷ്ടപ്പെട്ടവരുമുണ്ട്. പരിസരത്തെ പലരുടെയും വീടുകളിൽ ചാരമടക്കം അടിഞ്ഞുകൂടുന്ന സാഹചര്യവുമുണ്ടായി.

തീപിടിത്തം കണ്ട് തന്റെ കയ്യും കാലും വിറച്ചുപോയെന്നാണ് സ്റ്റേഷന് സമീപം താമസിക്കുന്ന സരസ്വതി എന്ന വയോധിക റിപ്പോർട്ടറിനോട് പറഞ്ഞത്. 'രാത്രി ഞാൻ ഉറങ്ങിയതേയില്ല. മൂന്നും നാലും സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. മണിക്കൂറുകൾ കഷ്ടപ്പെട്ടാണ് തീ അണയ്ക്കാനും പറ്റിയത്' എന്ന് സരസ്വതിയമ്മ പറഞ്ഞു.

സരസ്വതിയമ്മയുടെ അടുക്കളയ്ക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. തൊട്ടപ്പുറത്തെ വർക് ഷോപ്പിലേക്കും തീപടർന്നതിനാൽ അടുക്കളയുടെ ചില്ലുകൾ തകരുകയും ചാരവും മറ്റും ഉള്ളിൽ അടിഞ്ഞുകൂടുകയും ചെയ്തിട്ടുണ്ട്. വാട്ടർ കാൻ, അരി എന്നിവയെല്ലാം നശിച്ചു. മകന്റെ വർക് ഷോപ്പ് പൂർണമായും കത്തിനശിച്ചതായും സരസ്വതിയമ്മ പറഞ്ഞു.

പുലർച്ചെ ഒരു മണിയോടെയാണ് സൗത്ത് പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിൽ തീപിടുത്തമുണ്ടായത്.

തീപിടുത്തത്തിൽ ​ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുവെന്നാണ് വിവരം. തീപിടുത്തം നടന്നതിന് പിന്നാലെ ​സ്ഥലത്ത് എത്തിച്ചേർന്ന അ​ഗ്നിശമന സേന ​ഗോഡൗണിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തി. ​ഗോഡൗണിന് സമീപത്തെ ലോഡ്ജുകളിലെയും വീടുകളിലെയും താമസക്കാരെയും അടിയന്തരമായി ഒഴിപ്പിക്കുകയായിരുന്നു. ഏറെ നേരത്തെ കഠിനപരിശ്രമത്തിന് ശേഷം അ​ഗ്നിശമന സേനാവിഭാ​ഗം തീ നിയന്ത്രണവിധേയമാക്കിയത്.

അപകടം ഉണ്ടായ ഉടൻ സൗത്ത് മേൽപ്പാലം വഴിയുള്ള ​ഗതാ​ഗതം നിർത്തിവെച്ചിരുന്നു. തീപിടുത്തമുണ്ടായതിന് പിന്നാലെ സൗത്ത് റെയിൽവെ സ്റ്റേഷനിൽ നിന്നും ആലപ്പുഴ ഭാ​ഗത്തേയ്ക്ക് നിർത്തിവെച്ച ട്രെയിൻ ​ഗതാ​ഗതം രണ്ട് മണിക്കൂറുകൾക്ക് ശേഷം പുനഃസ്ഥാപിക്കുകയായിരുന്നു. സമീപത്തുള്ള വർക്ക് ഷോപ്പിലേയ്ക്കും തീപടർന്നു. ഷോർട്ട് സർക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Content Highlights: More details of ernakulam fire incident

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us