തിരുവനന്തപുരം: എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കവി ആലങ്കോട് ലീലാകൃഷ്ണൻ. വല്ലാത്തൊരു ശൂന്യതയിൽ അകപ്പെട്ടത് പോലെയാണ് ഇപ്പോൾ തോന്നുന്നത്. മലയാള ഭാഷയുടെ വംശ വൃക്ഷമാണ് വീണു പോയതെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. അക്ഷരങ്ങൾ കൊണ്ട് നടക്കുന്ന ഞങ്ങളെ പോലുള്ളവർ അനാഥരായി പോയ പോലൊരു അവസ്ഥ. ഒരുപാട് എഴുത്തുകാർ നമ്മളെ വിട്ടു പോയിട്ടുണ്ടെങ്കിലും എം ടി പോകുമ്പോഴുള്ള സാഹിത്യ ലോകത്തുള്ള ശൂന്യത വാക്കുകൾ കൊണ്ട് പറയാൻ ആകാത്തതാണെന്ന് അദ്ദേഹം റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.
മലയാളത്തിന്റെ നാല് തലമുറകളുടെ ഹൃദയത്തിൽ ഒരേ വികാര തീവ്രതയോടു കൂടി സ്ഥാനം ഉറപ്പിച്ച എഴുത്തുകാരൻ ആണ് എം ടി വാസുദേവൻ നായർ. ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് എംടി യുടെ രക്തം പൂണ്ട മൺത്തരികൾ വായിക്കുന്നത്. അന്ന് തൊട്ട് വാസുവേട്ടന്റെ എല്ലാം കൃതികളും വായിക്കും. വളരും വളർന്നു വലുതാകും, കൈയ്ക്ക് നല്ല കരുത്തുണ്ടാകുമെന്ന് അപ്പുണ്ണിയെ പോലെ സ്വപ്നം കണ്ടു. അപ്പുണ്ണിയും, സേതുവും, ഗോവിന്ദൻകുട്ടിയുമെല്ലാം ഞങ്ങൾ ഓരോരുത്തരും ആയിരുന്നുവെന്ന് ആ കഥകൾ വായിക്കുമ്പോൾ തോന്നുമായിരുന്നു. കോടിക്കണക്കിനു മലയാളികൾ ഇത് ഞാൻ തന്നെയാണല്ലോ എന്ന വികാരത്തോട് കൂടിയാണ് എം ടി യുടെ കഥകൾ വായിക്കുക. ഇങ്ങനെ യുഗ പ്രഭാവനായ എഴുത്തുകാരൻ മലയാളത്തിൽ മറ്റൊരാളില്ല. ഇത്രയേറെ ജനങ്ങളുടെ സ്വന്തമായി തീർന്നൊരു വേറൊരു ആളില്ല. ഇനി ആ വെളിച്ചമില്ലല്ലോ. ഞാൻ വേദ പുസ്തകം വായിക്കുന്ന പോലെ എംടിയുടെ മഞ്ഞൊക്കെ വായിച്ചിട്ടുണ്ട്.
വേദന തോന്നുമ്പോഴോ, ശൂന്യത തോന്നുമ്പോഴോ, ആത്മഹത്യയ്ക്ക് പുറപ്പെട്ട ആളുകളോ അദ്ദേഹത്തിന്റെ കഥകൾ അതിൽ നിന്നൊക്കെ പിൻ വാങ്ങിയിട്ടുണ്ട്. മനുഷ്യരെ മരണത്തിൽ നിന്നും, മാനസിക തകർച്ചയിൽ നിന്നും രക്ഷിച്ച, കുറ്റവാളികൾ ആകാതെ മനുഷ്യന്റെ മനസിനെ നിലനിർത്തിയ എഴുത്തുകാരൻ ആണ് നഷ്ടപ്പെട്ടത്. ഭാഷ മരിച്ചു പോയി എന്ന് തോന്നുകയാണ്. മലയാളത്തെ ലോകോത്തര ഭാഷയാക്കി മാറ്റാനുളള ഒരു വലിയ പ്രവർത്തനം മൂന്നര പതിറ്റാണ്ടു കാലമായിട്ട് അദ്ദേഹം തുഞ്ചൻ പറമ്പിൽ നടത്തി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രവർത്തനവും അതായിരുന്നു. ഭാഷയുടെ കാവൽക്കാരനെ പോലെ പുതിയ കുട്ടികളിലേക്ക് ഭാഷയും സാഹിത്യവും സംക്രമിപ്പിക്കാൻ വേണ്ടി ഉണർന്നിരുന്ന് പ്രവർത്തിച്ചു. ഒടുവിൽ 91-ാം വയസിൽ പിരിഞ്ഞു പോകുമ്പോൾ, അതിൽ 80 ആണ്ടുകളും മലയാളത്തിന് വേണ്ടി ജാഗ്രതയോട് കൂടി പ്രവർത്തിച്ച ഒരു വലിയ ഇതിഹാസ സമാനമായ ഒരു ചരിത്രമായിട്ട് അദ്ദേഹം നമ്മുടെ മുന്നിൽ കിടക്കുകയാണ്.
എന്നും ഭാഷയുടെ വിസ്മയം ആയിരുന്നു എംടി. അദ്ദേഹം എഴുതി തുടങ്ങിയ കാലം തൊട്ട് ആഘോഷിക്കപ്പെട്ടു ഇനിയും ആഘോഷിക്കപ്പെടും. അദ്ദേഹത്തിന്റെ കൃതികൾ ഉള്ളിടത്തോളം കാലം അദ്ദേഹം ജീവിക്കും. മരണമില്ലാത്ത എഴുത്തുകാരൻ ആണ് എംടി. ഞാൻ രണ്ട് ദിവസം ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു. ഗുരുതരമായ അവസ്ഥയിലാണ് കണ്ടത്. പക്ഷേ പിറ്റേ ദിവസം അദ്ദേഹം തിരിച്ചു വരുമെന്ന് ഞങ്ങൾക്ക് തോന്നി. പഴയ കരുത്തോട് കൂടി വാസുവേട്ടൻ വരുമെന്ന് തോന്നി. അദ്ദേഹത്തെ ബലമില്ലാതെ ഞാൻ ഒരിക്കലും കണ്ടട്ടില്ല.
അദ്ദേഹത്തിൻ്റെ കൃതികളിൽ കണ്ടത് ഇതിഹാസത്തിൽ നമ്മൾ വായിച്ച ഭീമനെ ആയിരുന്നില്ല. നാല് നൂറ്റാണ്ടിൽ ഏറെകാലം നാടോടി കഥകളിലൂടെ ചതിയാനായി മാത്രം അറിയപ്പെട്ട ചന്തുവിനെ ഒറ്റ സിനിമ കൊണ്ട് ചതിയൻ അല്ലാത്ത ചന്തുവാക്കി. ഇനിയുള്ള തലമുറകൾ ചന്തുവിനെ അറിയുന്നത് ചതിയൻ ആയിട്ടല്ല. മനസ്സിൽ പതിഞ്ഞ ഫോക്ലോർ കഥകളെ തിരുത്തുക എന്നത് അത്ര അസാമാന്യാനായ കഥാകാരനെ സാധിക്കു. അങ്ങനെ അസാധ്യമായതിനെ സാധ്യമാക്കിയ മായാജാലമാണ് അദ്ദേഹം തൂലിക കൊണ്ട് നിർവഹിച്ചത്. അതുകൊണ്ട് ആ എഴുത്ത് ഒരിക്കലും അവസാനിക്കില്ല.
Content Highlights: Alankode Leelakrishnan response to M T Vasudevan Nair's Death