വേർപാട് ശരീരത്തിൻ്റേത് മാത്രം, എംടി ബാക്കിവെച്ചുപോയ മലയാളം ഇവിടെ ശേഷിക്കുന്നുണ്ട്; കെ സി വേണുഗോപാല്‍

'എഴുതിയാലും എഴുതിയാലും തീരാത്ത കഥ പോലെയാണ് നമ്മൾ മലയാളികൾക്ക് എം ടി വാസുദേവൻ നായർ'

dot image

ന്യൂഡൽ​ഹി: എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. വേർപാട് ശരീരത്തിന്റേത് മാത്രമാണെന്നും അദ്ദേഹം ബാക്കിവെച്ചുപോയ മലയാളം ഇവിടെ ശേഷിക്കുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ ഫെസ്ബുക്കിൽ കുറിച്ചു.

കെ സി വേണുഗോപാലിന്റെ ഫെസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എനിക്കെല്ലാക്കാലവും വിസ്മയമായിരുന്നു എംടി വാസുദേവൻ നായർ. വ്യക്തിപരമായി, അതിനേക്കാളേറെ, ഹൃദയത്തോട് ചേർന്നുനിൽക്കുന്ന തരത്തിലായിരുന്നു എനിക്ക് എം.ടിയുമായുണ്ടായിരുന്ന ബന്ധം. നേരിട്ട് കാണാനും ഇടപഴകാനും എണ്ണമറ്റ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഭയം കലർന്ന ഒരാദരവും ആരാധനയും കാത്തുസൂക്ഷിച്ചിരുന്നു. അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങിയ കാലം മുതൽക്കേ ആ ആദരവും ആരാധനയും തുടങ്ങിയിരുന്നു. വല്ലപ്പോഴുമാണ് അദ്ദേഹത്തെ കാണാറുള്ളത്. കാണുമ്പോൾ അത്ര പെട്ടെന്നൊന്നും വിടാറുമില്ല. സാഹിത്യവും രാഷ്ട്രീയവും സമൂഹവും ചർച്ചയാകുന്ന ഞങ്ങളുടെ കൂടിക്കാഴ്ചകൾ എക്കാലത്തും സൂക്ഷിച്ച് വെയ്ക്കാൻ കഴിയുന്ന കാലത്തിൻ്റെ ഓർമ്മപ്പൂക്കളങ്ങൾ തന്നെയാണ്. അദ്ദേഹം നവതിയുടെ നിറവിലെത്തിയപ്പോൾ, നേരിട്ട് വീട്ടിൽച്ചെന്ന് കാണുകയും ഏറെ സമയം ചിലവഴിക്കുകയും ചെയ്തതാണ് ഒടുവിലെ ഓർമ. രാഹുൽ ഗാന്ധി കോട്ടയ്ക്കലിൽ ചികിത്സയിൽക്കഴിഞ്ഞിരുന്നപ്പോൾ, അന്ന് എം ടിയും അവിടെയുണ്ടായിരുന്നു.

അന്നും അദ്ദേഹവുമായി സംസാരിക്കാനും അടുത്ത് ഇടപഴുകാനും കഴിഞ്ഞു.

ഏറ്റവുമൊടുവിൽ കോഴിക്കോട്ട് ചികിത്സയിലായ സമയത്ത്, അദ്ദേഹത്തിന്റെ മകൾ അശ്വതിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായപ്പോൾപ്പോലുമുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. തിരിച്ചുവരുമെന്ന് അത്രമേൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ നഷ്ടപ്പെട്ടിരിക്കുകയാണ്, നമുക്ക്, മലയാളത്തെത്തെന്നെ. പക്ഷേ, വേർപാട് ശരീരത്തിന്റേത് മാത്രമാണല്ലോ. അദ്ദേഹം ബാക്കിവെച്ചുപോയ മലയാളം ഇവിടെ ശേഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഗുരുസ്ഥാനീയനായ അക്കിത്തത്തിന്റെ ഭാഷ കടമെടുത്താൽ 'നിത്യനിർമല പൗർണ്ണമി'യായി എം.ടി ഇവിടെത്തന്നെ ശേഷിക്കുന്നുണ്ട്.

"കഥകൾ ആത്മാവിൽ നിന്നൊഴുകുമ്പോൾ കവിതയാണ്’ എന്നായിരുന്നല്ലോ എം.ടിയുടെ പക്ഷം. അങ്ങനെ എത്രയോ കഥാപാത്രങ്ങളിലൂടെ പ്രണയവും നൊമ്പരവുമെല്ലാം അതേ എം.ടി തന്നെ നമ്മളിലേക്ക് പകർത്തി നൽകിയിട്ടുണ്ട്. മലയാളികൾ സ്നേഹസദൃശം സദാ സ്മരിക്കുന്ന, അതിന്റെ ആധിക്യത്തിന് അനുസരിച്ച് ആദരിയ്ക്കുന്ന എഴുത്തുകാരനായിരുന്നല്ലോ അദ്ദേഹം. അത്രമേൽ ആർദ്രമായ പ്രണയവും അടങ്ങാത്ത ആനന്ദവും ദുഃഖവും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ജൈവികമാക്കിയപ്പോൾ, അതേ പ്രതിഭയുടെ വേർപാട് നൊമ്പരമെന്ന വികാരമാവുകയാണ്.

എഴുതിയാലും എഴുതിയാലും തീരാത്ത കഥ പോലെയാണ് നമ്മൾ മലയാളികൾക്ക് എം.ടി വാസുദേവൻ നായർ. ആ തൂലികയിൽ നിന്നിറങ്ങി മലയാളിമനസ്സുകളിലേക്ക് കയറിവന്ന എണ്ണമറ്റ കഥാപാത്രങ്ങൾ, അവരുടെ വികാരവിക്ഷോഭങ്ങൾ, വായിച്ചു തീരുമ്പോഴും ബാക്കിയാവുന്ന അവരുടെ ജീവിതം. ഇതൊക്കെയാണ് നമുക്ക് ഇതുവരെ എം.ടി. ശരീരം മൺമറഞ്ഞ് പോയെങ്കിലും ഇനിയും എം ടി നമുക്ക് അങ്ങനെതന്നെയായിരിക്കും. എം ടി എന്ന കഥാകാരനെ വ്യത്യസ്തനാക്കുന്ന ഒരു പ്രധാന ഘടകം എഴുത്തിൽ അദ്ദേഹം പുലർത്തിയ സ്വയം ശാസനമായിരുന്നു. എങ്ങനെയെങ്കിലും പൂർത്തീകരിച്ച് പ്രസാധകനെയോ പത്രാധിപരെയോ തൃപ്തിപ്പെടുത്തുകയല്ല എം ടിയുടെ രീതി. താൻ മുൻപേ എഴുതിയതിനേക്കാൾ മെച്ചപ്പെട്ട ഒന്ന് എഴുതാൻ കഴിയില്ലെങ്കിൽ എഴുതാതിരിക്കുക എന്നതാണ് എം ടിയുടെ രീതി.

സ്വയം ശാസനത്തോടൊപ്പം കൃത്യമായ വിമർശനങ്ങൾ ഉന്നയിക്കാനും കഴിയുന്ന എം ടി ഭരണകൂട താല്പര്യങ്ങൾക്ക് അനുസൃതമായി ജീവിക്കുന്ന സാഹിത്യകാരന്മാർക്ക് ഒരു മാതൃകയാണ്. ഭരണകൂടത്തെയും ഭരണാധിപന്മാരെയും നിശിതമായി വിമർശിക്കാൻ ശേഷിയുള്ള വ്യക്തി കൂടിയാണ് എം ടി. സമീപകാലത്ത് കേരളം കണ്ട ഏറ്റവും ശക്തിയുക്തമായ പ്രതികരണവും അദ്ദേഹത്തിന്റേത് തന്നെയായിരുന്നു. എം ടി.യുടെ കഥകളിലെ പൗർണ്ണമിയുടെ പ്രകാശമാണ് എല്ലാക്കാലത്തും ഹൃദയത്തിൽ തൊട്ടിട്ടുള്ളത്. നിലാവ് ഇഷ്ടപ്പെടുന്നവരെല്ലാം എം ടിയുടെ കഥകളും ഇഷ്ടപ്പെടുന്നുണ്ട്. ആ പൗർണ്ണമിക്ക്, നിലാവിന് മരണമില്ലല്ലോ. ഏറെ ആദരവോടെ, മലയാളത്തിന്റെ എം ടിക്ക് പ്രണാമം.

Content Highlights: KC Venugopal MP condoles the demise of MT Vasudevan Nair

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us