പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; എട്ട് പേർ കൂടി കസ്റ്റഡിയിൽ

കേസിൽ ഇതുവരെ 13 പേർ പിടിയിൽ

dot image

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അറുപത്തിരണ്ട്‍ പേർ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കഴിഞ്ഞ ദിവസം അഞ്ചുപേർ റിമാൻഡിൽ ആയതിന് പിന്നാലെ എട്ടു പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

ശിശുക്ഷേമ സമിതിയുടെ കൗൺസിലിംഗിനിടെയാണ് പതിമൂന്ന് വയസ് മുതൽ പീഡനത്തിനിരയായതായി പതിനെട്ടുകാരി വെളിപ്പെടുത്തിയത്. അറുപതോളം പേർ പീഡിപ്പിച്ചതായാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. സംഭവത്തിൽ നിലവിൽ അറസ്റ്റിലായ അഞ്ച് പ്രതികൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2019 മുതൽ പീഡനം ആരംഭിച്ചു എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. ആൺസുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കൾക്ക് കൈമാറുകയും ചെയ്‌തതായാണ് പ്രാഥമിക വിവരം. മറ്റൊരു പീഡനക്കേസിൽ ഇപ്പോൾ ജയിലിൽ കഴിയുന്ന പ്രതിയും ഇക്കൂട്ടത്തിലുണ്ട്.

ലൈംഗിക ചൂഷണത്തിനെതിരെ ക്ലാസില്‍ നല്‍കിയ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. തുടര്‍ന്ന് മഹിളാ സമഖ്യ സൊസൈറ്റി വഴി വിവരം സിഡബ്ല്യുസിയിലേക്ക് എത്തുകയായിരുന്നു. സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ വിശദമായ വിവരങ്ങളും പീഡനം സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനായിരുന്നു ആദ്യഘട്ട ശ്രമം. തുടര്‍ന്ന് സൈക്കോളജിസ്റ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാന്‍ സിഡബ്ല്യുസി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിക്ക് സിഡബ്ല്യുസി രണ്ടാഴ്ചയോളം കൗണ്‍സിലിംഗ് നല്‍കിയിരുന്നു.

പീഡനകാലയളവിൽ പെൺകുട്ടിക്ക് ഫോൺ ഉണ്ടായിരുന്നില്ല. എന്നാൽ രാത്രികാലങ്ങളിൽ കുട്ടി പിതാവിന്റെ ഫോൺ ഉപയോഗിച്ചിരുന്നു. പീഡിപ്പിച്ചവരിൽ ചിലർ പെൺകുട്ടിയുടെ അച്ഛന്റെ ഫോണിലേക്കാണ് വിളിച്ചിരുന്നത്. ഇതിൽ 32 പേരുടെ പേരുകൾ ഫോണിൽ സേവ് ചെയ്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

പീഡനം നടന്ന കാലത്ത് കുട്ടിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ആ ദൃശ്യങ്ങൾ കണ്ട ചിലരും പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും പീഡിപ്പിച്ചിരുന്നതായും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നൽകി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us