പാലക്കാട്: പി വി അൻവറിനെ പരിഹസിച്ച് മുതിർന്ന സിപിഐഎം നേതാവ് എ കെ ബാലൻ. ഉത്തരേന്ത്യയിൽ എവിടെയോ കിടക്കുന്നൊരു പാർട്ടിയിലേക്കാണ് അൻവർ ചേക്കേറുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുല്ല് പാർട്ടിയിലേക്കാണ് അൻവർ ചേക്കേറിയത്. അൻവറിൻ്റേത് രാഷ്ട്രിയ ആത്മഹത്യയാണെന്നും എ കെ ബാലൻ പറഞ്ഞു.
നിലമ്പൂരിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഈ രാജി. അൻവർ എന്തിനാണ് എൽഡിഎഫ് വിട്ടതെന്ന് ചോദിച്ച ബാലൻ ഈ മാറ്റം അൻവറിന് ഗുണമുണ്ടാക്കില്ലെന്നും കൂട്ടിച്ചേർത്തു. അൻവറിൻ്റെ പരാതിയിൽ മൂന്ന് കമ്മീഷനെ സർക്കാർ നിയമിച്ചിരുന്നു. എൽഡിഎഫിന് ഇതൊന്നും പ്രതിസന്ധിയുണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എംഎൽഎ സ്ഥാനം രാജിവെച്ചതായി പി വി അൻവർ അറിയിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയുടെ നിർദേശപ്രകാരമാണ് എംഎൽഎ പദവി ഒഴിഞ്ഞതെന്നും അൻവർ വ്യക്തമാക്കി.
എംഎൽഎ സ്ഥാനം രാജിവെച്ച് പോരാട്ടത്തിനിറങ്ങിയാൽ മനുഷ്യ-വന്യജീവി സംഘർഷം പാർലമെന്റിൽ ഉന്നയിക്കാമെന്നും ഇൻഡ്യാ സഖ്യവുമായി ചർച്ച ചെയ്യാമെന്നും മമത ഉറപ്പ് നൽകിയതായി അൻവർ പറഞ്ഞു. സ്പീക്കർക്ക് രാജിക്കത്ത് കൈമാറിയ ശേഷം തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അൻവർ രാജിക്കാര്യം വിശദീകരിച്ചത്.
Content Highlights: ak balan against pv anvar