രോഗികളും 14 വർഷം പൂർത്തിയാക്കിയവരുമുൾപ്പെടെ നിരവധി പേർ,എന്നിട്ടും ഷെറിന് എന്ത് പ്രത്യേകത? ഇളവിൽ വിമർശനം

അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലാത്ത കേസായതിനാല്‍ ഷെറിന് ഇളവ് നല്‍കാമെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്

dot image

തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം അര്‍ഹരെ പിന്തള്ളിയെന്ന് ആരോപണം. സര്‍ക്കാരിന്റേത് അസാധാരണ നടപടിയെന്നാണ് ആക്ഷേപം. അര്‍ഹരായ തടവുകാരെ പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. അഞ്ഞൂറോളം തടവുകാര്‍ 14 വര്‍ഷം പൂര്‍ത്തിയാക്കി 11 ജയിലുകളിലായി കഴിയുന്നുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

പൂജപ്പുര സെര്‍ട്രല്‍ ജയിലില്‍ മാത്രം കഴിയുന്നത് 14 വര്‍ഷം കഴിഞ്ഞ 93 തടവുകാരാണ്. ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട രോഗികള്‍ വരെ തടവുകാരായി കഴിയുന്നുണ്ട്. ഷെറിന്‍ ജയിലുകളില്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിച്ചെന്നും ആക്ഷേപമുയരുന്നുണ്ട്. അതേസമയം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലാത്ത കേസായതിനാല്‍ ഷെറിന് ഇളവ് നല്‍കാമെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

14 വര്‍ഷം തടവ് പൂര്‍ത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നല്‍കണമെന്ന് ഷെറിന്‍ സമര്‍പ്പിച്ച അപേക്ഷയും പരിഗണിച്ചാണ് ശിക്ഷയില്‍ ഇളവു ചെയ്ത് ജയില്‍മോചനത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കിയത്. തന്റെ മകന്‍ പുറത്തുണ്ടെന്നും അപേക്ഷയില്‍ ഷെറിന്‍ സൂചിപ്പിച്ചിരുന്നു.

സംസ്ഥാനത്ത് ശിക്ഷാകാലയളവില്‍ ഏറ്റവുമധികം തവണ പരോള്‍ ലഭിച്ച തടവുകാരി കൂടിയാണ് ഷെറിന്‍. ശിക്ഷാകാലയളവിനിടെ 500 ദിവസത്തോളം ഷെറിന്‍ ജയിലിന് പുറത്തായിരുന്നു. കൊവിഡ് സമയത്തും ഷെറിന്‍ പുറത്തായിരുന്നു.

കാരണവര്‍ കൊലക്കേസിന്റെ വിധി വന്നത് 2010 ജൂണ്‍ 11നാണ്. 2012 മാര്‍ച്ച് മൂന്നിന് ഷെറിന് ആദ്യ പരോള്‍ ലഭിച്ചു. തിരുവനന്തപുരം ജയിലില്‍വെച്ചു മാത്രം എട്ടുതവണ പരോള്‍ ലഭിച്ചു. ഇതില്‍ രണ്ടെണ്ണം അടിയന്തര പരോളായിരുന്നു. ആദ്യം പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു ഷെറിന്‍. പിന്നീട് നെയ്യാറ്റിന്‍കര വനിതാ ജയിലിലായിരുന്നു. ഇവിടെവെച്ച് അനധികൃതമായി ഫോണ്‍ ഉപയോഗം ഉള്‍പ്പെടെ ആരോപണങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് ഷെറിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. പിന്നീട് തിരുവനന്തപുരം വനിതാ ജയിലിലേക്ക് മാറ്റുകയായിരുന്നു.

Content Highlights: Karanavar Bhaskar case Criticism in concession of Sherin

dot image
To advertise here,contact us
dot image