കൊയിലാണ്ടി ക്ഷേത്രത്തിലെ അപകടം: സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിന് കേസ്, പീതാംബരനും ​ഗോകുലിനും വിലക്ക്

സംഭവത്തിൽ സോഷ്യൻ ഫോറസ്ട്രി കോഴിക്കോട് ഡിവിഷൻ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

dot image

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ അപകടത്തിൽ സ്ഫോടക വസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്ത കുറ്റം കൂടി ചേർത്ത് കേസെടുക്കാൻ പൊലീസ്. നേരത്തെ അസ്വാഭാവിക മരണത്തിന് മാത്രമായിരുന്നു കേസെടുത്തിരുന്നത്. പുതിയ വകുപ്പ് കൂടി ചേർക്കുന്നതോടെ കൂടുതൽ പേരെ പുതുതായി പ്രതിപട്ടികയിൽപെടുത്തും.

സംഭവത്തിൽ സോഷ്യൻ ഫോറസ്ട്രി കോഴിക്കോട് ഡിവിഷൻ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ‌പേരാമ്പ്ര കോടതിയിലാണ് സോഷ്യൽ ഫോറസ്ട്രി റിപ്പോർട്ട് സമർപ്പിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരവും നാട്ടാന പരിപാലന ചട്ട പ്രകാരവും കേസെടുത്തതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്ഷേത്രഭാരവാഹികൾ, ആനപ്പാപ്പാൻ ഉൾപ്പെടെ ആറു പേരെ പ്രതി ചേർത്താണ് റിപ്പോർട്ട് നൽകിയത്. പടക്കം പൊട്ടിച്ചു, ആനയുടെ ഇടചങ്ങലവേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ല, ആനയെ പരിപാലിക്കുന്നതിലും എഴുന്നള്ളിക്കുന്നതിലും അശ്രദ്ധ കാട്ടി എന്നീ കുറ്റമാണ് പാപ്പാൻമാർക്കെതിരെയുളളത്.

സോഷ്യൽ ഫോറസ്ട്രി വിഭാഗവും അപകടത്തിൽ കേസ് എടുത്തിട്ടുണ്ട്. ഫോറസ്റ്റ് ഓഫീസർ എൻ കെ ഇബ്രായി തയ്യാറാക്കിയ മഹസറിൽ ആറു പേരെയാണ് പ്രതിയാക്കിയിട്ടുള്ളത്. ആഘോഷ കമ്മിറ്റി ഭാരവാഹികളും പീതാംബരൻ, ഗോകുൽ എന്നീ ആനകളുടെ നാലു പാപ്പാന്മാരെയും പ്രതികൾ ആക്കിയാണ് കേസ്.

അതേസമയം മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞ ഗുരുവായൂരിലെ ആനകളായ പീതംബരനും, ഗോകുലിനും കോഴിക്കോട് ജില്ലയിൽ വിലക്ക് ഏർപ്പെടുത്തി. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയാണ് പീതംബരനേയും, ഗോകുലിനേയും ക്ഷേത്രങ്ങളിൽ എഴുന്നള്ളിക്കുന്നതിന് സ്ഥിരം വിലക്കേർപ്പെടുത്തിയത്. ഉത്സവങ്ങളിൽ ആനകളെ എഴുന്നള്ളിക്കാൻ ഒരുമാസം മുൻപ് അപേക്ഷ നൽകണമെന്നും ക്ഷേത്രങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ് വ്യാഴാഴ്ചയാണ് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞത്. പീതാംബരൻ എന്ന ആന ​ഗോകുലിനെ കുത്തിയതോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ കെട്ടിടം തകർന്നും ആനയുടെ ചവിട്ടേറ്റും മൂന്ന് പേർ മരിച്ചിരുന്നു. ലീല, അമ്മുക്കുട്ടി, വടക്കയില്‍ സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ലീല എന്ന സ്ത്രീക്ക് ആനയുടെ ചവിട്ടേറ്റുവെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കെട്ടിടം മേലിലേക്ക് തകർന്നുവീണാണ് മറ്റ് രണ്ട് പേരും മരിച്ചത്. അപകടത്തില്‍ 30 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഘോഷയാത്ര വരുന്നതിനിടെ ക്ഷേത്രത്തിൽ കതിന പൊട്ടിച്ചിരുന്നു. ഇതിന് പിന്നാലെ പീതാംബരൻ എന്ന ആന ​ഗോകുൽ എന്ന ആനയെ കുത്തുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്ന ദേവസ്വം ഓഫീസിന്റെ ഓടിൽ ​ഗോകുൽ കുത്തുകയുണ്ടായി. പിന്നാലെ കെട്ടിടം തകർന്നുവീഴുകയായിരുന്നു. ഉത്സവം കാണാനായി ഓഫീസിൽ ഇരുന്നവരുടെ മേലിലേക്ക് ഓടും പട്ടികയും ഇഷ്ടികയും തകർന്നുവീണു. പരിഭ്രാന്തിയിലായ ആളുകൾ നിലവിളിച്ചോടുകയും ചെയ്തു. ക്ഷേത്ര പരിസരത്തുകൂടെ മുന്നോട്ട് ഓടിയ ആനകളെ പിന്നീട് ഏറെ ശ്രമപ്പെട്ടാണ് തളച്ചത്. സംഭവത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ ഉത്സവ ആനകളെ എഴുന്നളളിക്കുന്നതിന് ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Content Highlight: Case Against Use Explosives in Koyilandy Manakkulangara Temple Fest and Ban Elephants in Kozhikode

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us