പറഞ്ഞത് സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ചയെക്കുറിച്ച് മാത്രം, രാഷ്ട്രീയം പറഞ്ഞിട്ടില്ല; വീണ്ടും ശശി തരൂര്‍

തന്റെ ലേഖനം കേരളത്തിന്റെ സാമ്പത്തിക അവസ്ഥയെ വിലയിരുത്താനുള്ള ശ്രമമല്ലെന്നും തരൂർ

dot image

കൊച്ചി: കേരളത്തിന്റെ വ്യവസായ വളര്‍ച്ചയെ പ്രകീര്‍ത്തിച്ചുള്ള ലേഖനത്തില്‍ നിലപാട് മയപ്പെടുത്തി ശശി തരൂര്‍ എംപി. സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ചയിലൂടെ കാണുന്ന വ്യവസായ പരിസ്ഥിതിയിലെ മാറ്റത്തെക്കുറിച്ചു മാത്രമാണ് എഴുതിയതെന്ന് തരൂര്‍ വിശദീകരിച്ചു. പാര്‍ട്ടി രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അതില്‍ പറയുന്നില്ല. ലേഖനം വായിച്ചിട്ട് മാത്രം അഭിപ്രായം പറയണമെന്നും തരൂര്‍ പറഞ്ഞു.

'ലേഖനത്തെക്കുറിച്ചുള്ള വിവാദം അതിശയിപ്പിച്ചു. സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ചയിലൂടെ കാണുന്ന വ്യവസായപരിസ്ഥിതിയിലെ മാറ്റം എന്നത് മാത്രം', എന്ന വിഷയത്തെക്കുറിച്ചാണ് എഴുതിയത്. ഇതിന് തുടക്കം കുറിച്ചത് ഉമ്മന്‍ചാണ്ടിയാണെന്ന് അഭിമാനത്തോടെ പറയാന്‍ ഈ അവസരം വിനിയോഗിക്കുന്നു. സ്റ്റാര്‍ട്ടപ്പ് വില്ലേജിനെയും സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് മിഷനെയും അദ്ദേഹം ആരംഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ വികസിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സര്‍ക്കാര്‍ അതിനെ സ്വാഭാവികമായി മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്', തരൂര്‍ വിശദീകരിച്ചു.

തന്റെ ലേഖനം കേരളത്തിന്റെ സാമ്പത്തിക അവസ്ഥയെ വിലയിരുത്താനുള്ള ശ്രമമല്ല. കേരളം ഇപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതൊക്കെ പരിഹരിക്കാന്‍ ഏറെ സമയം വേണം. എന്നാല്‍ എവിടെയെങ്കിലും ഒരു മാറ്റം കാണുമ്പോള്‍ അതിനെ അംഗീകരിക്കാതിരിക്കാനാകില്ലെന്നും തരൂര്‍ പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ പ്രശംസിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ വിശദീകരണത്തിന് പിന്നാലെയാണ് പുതിയ പോസ്റ്റ്.

ശശി തരൂരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ഇന്ത്യന്‍ എക്‌സ്പ്രസിലെ എന്റെ ലേഖനത്തെക്കുറിച്ചുള്ള വിവാദം അല്പം അതിശയിപ്പിച്ചു. ഞാന്‍ ഈ ലേഖനം കേരളത്തിലെ ഒരു എംപി എന്ന നിലയില്‍ ഒരു പ്രത്യേക വിഷയത്തെ കുറിച്ചാണ് എഴുതിയത് - സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ചയിലൂടെ കാണുന്ന വ്യവസായപരിസ്ഥിതിയിലെ മാറ്റം എന്നത് മാത്രം- ഒരു കോണ്‍ഗ്രസ്സുകാരന്‍ എന്ന നിലയില്‍ തന്നെ ഇതിന് തുടക്കം കുറിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് ഞാന്‍ അഭിമാനത്തോടെ പറയാന്‍ ഈ അവസരം വിനിയോഗിക്കുന്നു. സ്റ്റാര്‍ട്ടപ്പ് വില്ലേജിനെയും സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് മിഷനെയും അദ്ദേഹം ആരംഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ വികസിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സര്‍ക്കാര്‍ അതിനെ സ്വാഭാവികമായി മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്.
എന്നാല്‍, എന്റെ ലേഖനം കേരളത്തിന്റെ സമ്പൂര്‍ണ്ണ സാമ്പത്തിക അവസ്ഥയെ വിലയിരുത്താനുള്ള ശ്രമമല്ല. പല വട്ടം ഞാന്‍ പറഞ്ഞതുപോലെ, കേരളം ഇപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് - ഉയര്‍ന്ന തൊഴില്‍ക്ഷാമം, പ്രത്യേകിച്ച് വിദ്യാഭ്യാസമുള്ള യുവാക്കളുടെ വിദേശത്തേയ്ക്കുള്ള പ്രവാസം, കൃഷി മേഖലയിലെ പ്രതിസന്ധി (റബ്ബര്‍, കശുമാവ്, റബ്ബര്‍ മുതലായ മേഖലകളില്‍), കൂടാതെ ചരിത്രത്തിലാദ്യമായി ഏറ്റവും ഉയര്‍ന്ന കടബാധ്യതയും എന്നിവ ഉള്‍പ്പെടെ. ഇതൊക്കെ പരിഹരിക്കാന്‍ ഏറെ സമയം വേണ്ടിയിരിയ്ക്കുന്നു. എന്നാല്‍, എവിടെയെങ്കിലും ഒരു മേഖലയെങ്കില്‍ ആശാവഹമായ ഒരു മാറ്റം കാണുമ്പോള്‍ അതിനെ അംഗീകരിക്കാതിരിക്കുക ചെറുതായിരിക്കും.
ഞാന്‍ ലേഖനം എഴുതിയതിന്റെ അടിസ്ഥാനമായത് 2024 ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റിപ്പോര്‍ട്ട് ആണ്; അതില്‍ നിന്നുള്ള കണക്കുകളും വിവരങ്ങളും ചേര്‍ത്ത് തന്നെയാണ് എന്റെ ആശയവിനിമയം.
അവസാനമായി ഒരു അഭ്യര്‍ത്ഥന: ലേഖനം വായിച്ചിട്ട് മാത്രമേ അഭിപ്രായമൊന്നും പറയാവൂ! പാര്‍ട്ടി രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അതില്‍ ഇല്ല, കേരളം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് പുറത്തുവരാന്‍ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്നതിനെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. കഴിഞ്ഞ 16 വര്‍ഷമായി കേരളത്തിലെ സാമ്പത്തിക പുരോഗതിയെക്കുറിച്ച് തന്നെയാണ് പലതവണ ഞാന്‍ പറഞ്ഞിട്ടുള്ളതും.

Content Highlights: Shashi Tharoor Explanation over economic innovation

dot image
To advertise here,contact us
dot image