
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൊലപാതക കേസിലെ പ്രതി അഫാന്റെ നില ഗുരുതരമല്ല. പ്രതിയെ ചെസ്റ്റ് പെയിന്‍ യൂണിറ്റിലേക്ക് (സിപിയു) മാറ്റിയിട്ടുണ്ട്. എലിവിഷം കഴിച്ചതിനാല്‍ നിരീക്ഷണത്തില്‍ തുടരും. ആറ് പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം എലി വിഷം കഴിച്ചാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കുഴിമന്തിയില്‍ വിഷം ചേര്‍ത്ത് കഴിച്ചതെന്നാണ് അഫാന്‍ ഡോക്ടറോട് പറഞ്ഞത്.
അതേസമയം അഫാനുമായുള്ള ഇഷ്ടം പെണ്‍സുഹൃത്തായ ഫര്‍സാനയുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. അഫാന്‍ വീട്ടില്‍ വന്ന് വിവാഹം ചെയ്ത് നല്‍കാമോയെന്ന് ചോദിച്ചിരുന്നതായി ഫര്‍സാനയുടെ സഹോദരന്‍ അമല്‍ മുഹമ്മദ് പറഞ്ഞു. അഫാന്‍ വീട്ടില്‍ വന്നിട്ടുണ്ടെന്നും വിവാഹത്തിന് തങ്ങള്‍ക്ക് സമ്മതമായിരുന്നുവെന്നും അമല്‍ പ്രതികരിച്ചു. അഞ്ചല്‍ കോളേജില്‍ ബിഎസ്‌സി കെമസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ഫര്‍സാന. ഫര്‍സാന വീട്ടില്‍ നിന്നിറങ്ങിയത് ഇന്നാണെന്നും സ്ഥിരീകരണം വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസവും ഫര്‍സാന വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇന്ന് പോയെന്നാണ് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞതെന്ന് മുന്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ബിനു എസ് നായരും പറഞ്ഞു. മൂന്നര മണിക്ക് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയെന്നാണ് മാതാപിതാക്കള്‍ മൊഴി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ പഞ്ചായത്ത് മെമ്പറുടെ സാന്നിധ്യത്തില്‍ പൊലീസ് രക്ഷിതാക്കളുടെ മൊഴിയെടുക്കുകയാണ്. അച്ഛന്‍ സുനില്‍,അമ്മ ഷീജ എന്നിവരാണ് പൊലീസിന് മൊഴി നല്‍കുന്നത്. പെണ്‍കുട്ടിയ്ക്ക് ഒരു സഹോദരനുമുണ്ട്. പെണ്‍കുട്ടിയുടെ പിതാവുമായി സംസാരിക്കാന്‍ പറ്റിയില്ലെന്നും പെണ്‍കുട്ടിയുടെ മൃതദേഹം ആശുപത്രിയില്‍ പോയി സ്ഥിരീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള സൗഹൃദം അറിയില്ലെന്നും ബിനു വ്യക്തമാക്കി. വെഞ്ഞാറമൂട് മുക്കുന്ന് സ്വദേശിനിയാണ് പെണ്‍കുട്ടി.
അതേസമയം പേരുമലയില്‍ കൊലപാതകം നാട്ടുകാര്‍ അറിഞ്ഞത് പൊലീസ് എത്തിയപ്പോഴാണെന്ന വിവരങ്ങളും വരുന്നുണ്ട്. അഫാന്‍ ആസൂത്രിതമായാണ് കൊലപാതകം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയതായി ഡി കെ മുരളി എംഎല്‍എയും പ്രതികരിച്ചു. സാമ്പത്തിക ബാധ്യത മൂലം കൊന്നെന്നാണ് മൊഴിയെന്നും എംഎല്‍എ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ലെന്നും മുരളി പറഞ്ഞു. ഉമ്മയും അനുജനും മരിക്കണമെന്ന് ഉറപ്പിച്ചിരുന്നുവെന്നും എംഎല്‍എ പറയുന്നു.
Content Highlights: Venjaramood murder case Accused say he eat poison with Manthi