
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനും അനുജനും തമ്മിൽ നല്ല ബന്ധം ആയിരുന്നുവെന്ന് സമീപത്തെ കടയുടമ്മ സിന്ധു. വൈകുന്നേരം അഫ്സാൻ സ്കൂളിൽ നിന്നും വരുന്നത് കണ്ടു. പിന്നീട് അഫാൻ ബൈക്കിൽ അഫ്സാനെ കൂട്ടി പോകുന്നത് കണ്ടെന്നും സിന്ധു റിപ്പോർട്ടറിനോട് പറഞ്ഞു.
''ഏകദേശം നാലരയോടെയാണ് അഫ്സാൻ സ്കൂൾ വിട്ട് വരുന്നത് കണ്ടത്. മൂത്തവൻ വണ്ടിയിൽ കൊണ്ടുപോകുന്നതും ഞാൻ കണ്ടു. തിരിച്ച് ഓട്ടോയിൽ ഒറ്റയ്ക്ക് അഫ്സാൻ വരുന്നതാണ് ഞാൻ കണ്ടത്. കയ്യിൽ എന്തോ ഒരു കവറുണ്ടായിരുന്നു. ഇളയയാൾ ഇടയ്ക്കിടെ കടയിൽ വരാറുണ്ട്. ഇന്നലെ കണ്ടപ്പോഴും ഞാൻ വിചാരിച്ചു, ഇപ്പോൾ വരുമല്ലോ തണുത്ത വെള്ളം വാങ്ങാനെന്ന്. പറ്റിൽ വാങ്ങിയിട്ട് ഉമ്മ തരുമെന്ന് പറഞ്ഞാണ് പോകാറ്'', സിന്ധു കണ്ണുനിറഞ്ഞുകൊണ്ട് പറഞ്ഞു.
കഴിഞ്ഞദിവസമാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങൾ നടന്നതെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് മാതാവ് ഷെമിയെ ഷാൾ കഴുത്തിൽ ചുറ്റി തല ചുമരിലിടിച്ച് പ്രതി ആക്രമിച്ചത്. പിന്നീട് ഷെമിയെ റൂമിൽ പൂട്ടിയിട്ട് പ്രതി പാങ്ങോട്ടെ മുത്തശിയുടെ വീട്ടിലേക്ക് പോയി. അഫാൻ നേരത്തെ മുത്തശിയുടെ സ്വർണ മോതിരം പണയം വെച്ചിരുന്നു. കൂടുതൽ സ്വർണം പണയം വെയ്ക്കാൻ നൽകാത്തതോടെയാണ് മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് സൂചന. കൂടുതൽ സ്വർണം നൽകാതെ വന്നതോടെ മുത്തശിയെ തലക്കടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മുത്തശിയുടെ മാല കവർന്ന് വെഞ്ഞാറമൂട്ടിൽ പണയം വച്ചു.
ഈ സമയം ചുള്ളാളത്തെ പിതാവിന്റെ സഹോദരൻ, അഫാനെ ഫോണിൽ വിളിച്ചിരുന്നു. തുടർന്നാണ് അവിടെ എത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊല്ലുന്നത്. ഇവരും സാമ്പത്തികമായി അഫാനെ സഹായിച്ചിരുന്നില്ല. ചുള്ളാളത്തെ കൊലപാതകത്തിന് ശേഷം വീട്ടിലേക്ക് തിരിക്കുന്ന സമയത്ത് പെൺസുഹൃത്ത് ഫർസാനയോട് വീട്ടിൽ വന്ന് തന്റെ മുറിയിൽ ഇരിക്കാൻ അറിയിച്ചിരുന്നു. പിന്നാലെ സ്വന്തം വീട്ടിൽ മടങ്ങിയെത്തിയാണ് അഫാൻ പെൺസുഹൃത്തിനെ കൊലപ്പെടുത്തുന്നത്.
പിന്നീട് സഹോദരൻ സ്കൂളിൽ നിന്ന് വരും വരെ അഫാൻ കാത്തുനിന്നു. അതിന് ശേഷം സഹോദരനെ മന്തി വാങ്ങാൻ വിടുന്നു. ഇതിന് ശേഷമാണ് സഹോദരനെ കൊലപ്പെടുത്തുന്നത്. മന്തിയും ചിതറിയ 500 രൂപ നോട്ടുകളും അഫാൻ്റെ വീട്ടിൽ കിടപ്പുണ്ട്. സിറ്റൗട്ടിൽ വസ്ത്രങ്ങളും ചിതറി കിടപ്പുണ്ട്. കൊലപാതക ശേഷം കുളിച്ചുവെന്നും പ്രതിമൊഴി നൽകിയിട്ടുണ്ട്. പിന്നാലെയാണ് എലിവിഷം കഴിച്ചതിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി ആറ് പേരെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തുന്നത്.
അതേസമയം, പ്രതി അഫാനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇതിനായി പൊലീസ് ഡോക്ടറുടെ അനുമതി തേടി. ഡോക്ടറുടെ നിർദ്ദേശപ്രകാരമായിരിക്കും പ്രതിയെ ചോദ്യം ചെയ്യുക. ഡോക്ടർ അനുമതി നൽകിയാൽ പ്രതിയെ പൊലീസ് ഇന്ന് തന്നെ ചോദ്യം ചെയ്യും. ഡോക്ടർമാരുടെ അനുമതിയോടെ ആശുപത്രിയിൽ ചോദ്യം ചെയ്യാനാണ് ആലോചന.
അഫാൻ്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്. ആരോഗ്യ സ്ഥിതി അനുസരിച്ചായിരിക്കും അറസ്റ്റ് നടപടികൾ. ആശുപത്രിയിൽ നിന്നും വിടുതൽ ലഭിച്ചില്ലെങ്കിലും അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.അഫാൻ മയക്കുമരുന്ന് അടിമയാണോ എന്നും പരിശോധന നടത്തും. രക്ത പരിശോധനയ്ക്ക് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. മയക്കുമരുന്ന് ലഭിക്കാത്തതാണോ കൊലപാതകത്തിന് കാരണമെന്നും പരിശോധിക്കും.
Content Highlights: neighbour sindhu on venjaramoodu crime case