
തിരുവനന്തപുരം: പ്രായപൂര്‍ത്തി ആവുന്നതിനു മുന്‍പേ കൂടെ പഠിക്കുന്ന സഹപാഠിയെ ടാര്‍ഗറ്റ് ചെയ്ത് ആക്രമിച്ചു കൊലപ്പെടുത്തുന്ന നിലയിലേക്ക് നമ്മുടെ നാട് മാറിയിരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അധികാരം നിലനിര്‍ത്തുന്നതിനായി നാടിനെ ലഹരി മാഫിയയ്ക്ക് തീറെഴുതിയിരിക്കുന്ന സര്‍ക്കാരും അതിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥ വൃന്ദവുമാണ് കേരളത്തിലെ ക്രമസമാധാന തകര്‍ച്ചയ്ക്ക് ഉത്തരവാദികളെന്നും കെ സുധാകരന്‍ പറഞ്ഞു. താമരശ്ശേരിൽ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട ഷഹബാസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഫേസ്ബുക്കിലെഴുതിയ കുറിപ്പിലായിരുന്നു കെ സുധാകരന്റെ പ്രതികരണം.
'ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്ന നിരുത്തരവാദപരമായ സമീപനമാണ് കഴിഞ്ഞ 9 വര്‍ഷങ്ങളിലും പിണറായി വിജയന്‍ സ്വീകരിച്ചു പോരുന്നത്. കണ്‍ മുൻപിൽ അക്രമങ്ങള്‍ നടക്കുമ്പോള്‍ നിറഞ്ഞ ചിരിയോടെ അതൊക്കെ രക്ഷാപ്രവര്‍ത്തനമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തിലെ മുഴുവന്‍ ക്രിമിനലുകളുടെയും ഊര്‍ജവും റോള്‍ മോഡലുമാണ്. സംസ്ഥാനത്തെ ഒരു എംഎല്‍എയുടെ മകനെ കഞ്ചാവുമായി പിടികൂടിയതിനു കേസ് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടുന്ന സാഹചര്യമടക്കം ഉണ്ടായി എന്നത് സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത് എന്നതിന് ഉദാഹരണമാണ്', കെ സുധാകരൻ പറഞ്ഞു.
ലഹരി മാഫിയയുടെ കടിഞ്ഞാണില്ലാത്ത വ്യാപനം മൂലമാണ് കൊലപാതകങ്ങളും അക്രമങ്ങളും ഇതുപോലെ വര്‍ദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലഹരി മാഫിയയെ പ്രോത്സാഹിപ്പിക്കുന്ന പിണറായി സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിക്കാന്‍ കേരളത്തിന്റെ പൊതുസമൂഹം എല്ലാം മറന്ന് ഒന്നിച്ചു നിൽക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സഹപാഠികളുടെ അക്രമണത്തില്‍ മരണമടഞ്ഞ ഷഹബാസിന് കണ്ണീര്‍ പ്രണാമം. ഓരോ ദിവസവും കൊലപാതക വാര്‍ത്തകള്‍ കേട്ടുക്കൊണ്ടാണ് കേരളം ഉണരുന്നത്. പ്രായഭേദമന്യേ കൊലപാതകം നടക്കുന്ന രീതിയിലേക്ക് കേരളം മാറിയിരിക്കുന്നു. ഏത് അക്രമങ്ങളുടെ ഉള്ളറകളിലേക്ക് കടന്നാലും വലിയ രീതിയില്‍ ലഹരി ഉപയോഗിക്കുന്നവരാണ് ഓരോ പ്രതികളുമെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
സഹപാഠികളുടെ മര്‍ദനമേറ്റ് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ഒരു പത്താം ക്ലാസുകാരന്‍ കൊല്ലപ്പെട്ടിരിക്കുന്നു. അതിനുശേഷം പുറത്തുവന്ന ശബ്ദ സന്ദേശങ്ങളില്‍ നിന്നും ആ ആക്രമണം കരുതിക്കൂട്ടി ചെയ്തതാണ് എന്നാണ് വ്യക്തമാവുന്നത്. പ്രായപൂര്‍ത്തി ആവുന്നതിനു മുന്‍പേ കൂടെ പഠിക്കുന്ന സഹപാഠിയെ ടാര്‍ഗറ്റ് ചെയ്ത് ആക്രമിച്ചു കൊലപ്പെടുത്തുന്ന നിലയിലേക്ക് നമ്മുടെ നാട് മാറിയിരിക്കുന്നു. കഴിഞ്ഞദിവസം സ്വന്തം കുടുംബത്തിലെ അംഗങ്ങളെ കിലോമീറ്റര്‍ യാത്ര ചെയ്തു ഒന്നൊന്നായി കൊലപ്പെടുത്തിയ സംഭവം നാട്ടിലെ ക്രമസമാധാന രംഗത്തിന്റെ തകര്‍ച്ച എത്രത്തോളം വലുതാണെന്ന് ചൂണ്ടിക്കാണിക്കുന്നതാണ്.
അധികാരം നിലനിര്‍ത്തുന്നതിനായി നാടിനെ ലഹരി മാഫിയക്ക് തീറെഴുതിയിരിക്കുന്ന സര്‍ക്കാരും അതിന് ഒത്താശ പാടുന്ന ഉദ്യോഗസ്ഥ വൃന്ദവുമാണ് കേരളത്തിലെ ക്രമസമാധാന തകര്‍ച്ചയ്ക്ക് ഉത്തരവാദികള്‍. സ്വന്തം വകുപ്പ് പോലും ഭരിക്കാന്‍ അറിയാത്ത പൂര്‍ണ്ണ പരാജയമായ ഒരു മുഖ്യമന്ത്രിയെ ബിംബവല്‍ക്കരിക്കാന്‍ സാധാരണക്കാരുടെ നികുതിപ്പണത്തില്‍ നിന്ന് അനേകം കോടികളാണ് ചിലവഴിച്ചു കൊണ്ടിരിക്കുന്നത്.
ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്ന നിരുത്തരവാദപരമായ സമീപനമാണ് കഴിഞ്ഞ 9 വര്‍ഷങ്ങളിലും പിണറായി വിജയന്‍ സ്വീകരിച്ചു പോരുന്നത്. കണ്‍മുമ്പില്‍ അക്രമങ്ങള്‍ നടക്കുമ്പോള്‍ നിറഞ്ഞ ചിരിയോടെ അതൊക്കെ രക്ഷാപ്രവര്‍ത്തനമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തിലെ മുഴുവന്‍ ക്രിമിനലുകളുടെയും ഊര്‍ജ്ജവും റോള്‍ മോഡലുമാണ്. സംസ്ഥാനത്തെ ഒരു എംഎല്‍എയുടെ മകനെ കഞ്ചാവുമായി പിടികൂടിയതിനു കേസ് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടുന്ന സാഹചര്യമടക്കം ഉണ്ടായി എന്നത് സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത് എന്നതിന് ഉദാഹരണമാണ്.
മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെടുന്ന ബഹുഭൂരിപക്ഷം പ്രതികള്‍ക്കും സിപിഎം നേതാക്കളുടെ സംരക്ഷണം ഉള്ളതിനാല്‍ അവര്‍ക്കെതിരെ കേസെടുക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ ഭയപ്പെടുകയാണ്. ലഹരി മാഫിയയുടെ കടിഞ്ഞാണില്ലാത്ത വ്യാപനം മൂലമാണ് കൊലപാതകങ്ങളും അക്രമങ്ങളും ഇതുപോലെ വര്‍ദ്ധിക്കുന്നത്. ലഹരി മാഫിയയെ പ്രോത്സാഹിപ്പിക്കുന്ന പിണറായി സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിക്കാന്‍ കേരളത്തിന്റെ പൊതുസമൂഹം എല്ലാം മറന്ന് ഒന്നിച്ചു നില്‍ക്കേണ്ടതായിട്ടുണ്ട്. കക്ഷിരാഷ്ട്രീയഭേദമന്യേ ലഹരി എന്ന വിപത്തിനെ സമൂഹത്തില്‍ നിന്ന് ഇല്ലാതാക്കാന്‍ ചെയ്യാന്‍ നമുക്ക് കൂട്ടായി തീരുമാനമെടുക്കാം.
Content Highlights: K Sudhakaran against Pinarayi Vijayan on drug issues