
മാവോയിസ്റ്റ് തടവുകാരൻ രൂപേഷ് ജയിലിൽ വെച്ചെഴുതിയ നോവൽ പ്രസിദ്ധീകരിക്കാൻ അനുമതി നിഷേധിച്ച ജയിൽ വകുപ്പിന്റെ നടപടിക്കെതിരെ ഇടതുപക്ഷ സഹയാത്രികരായ എഴുത്തുകാർ രംഗത്ത്. കവിയും കേരള സാഹിത്യ അക്കാദമി ചെയർമാനുമായ കെ സച്ചിദാനന്ദൻ, എഴുത്തുകാരായ പി എൻ ഗോപീകൃഷ്ണൻ, അശോകൻ ചെരുവിൽ തുടങ്ങിയവരാണ് ജയിൽ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധവുമായി രംഗത്തുവന്നത്.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എഴുത്തുകാർ പ്രതിഷേധം പങ്കുവെച്ചത്. ജയിൽശിക്ഷ വ്യക്തിയെ സംസ്കാരത്തിൻ്റെ വഴിയിലേക്ക് നയിക്കാൻ ഉതകണമെന്നും ജയിലിലെ അന്തേവാസികളുടെ വിദ്യാഭ്യാസവും സർഗ്ഗാത്മകജീവിതവും എഴുത്തും പ്രോത്സാഹിപ്പിക്കുകയാണ് ആധുനിക ജനാധിപത്യ സംവിധാനത്തിൽ ഉണ്ടാകേണ്ടത് എന്നുമാണ് അശോകൻ ചെരുവിൽ പറഞ്ഞത്.
അശോകൻ ചെരുവിലിന്റെ പോസ്റ്റ് പൂർണരൂപം
ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ് എഴുതിയ നോവൽ പ്രസിദ്ധപ്പെടുത്താൻ അനുവാദം നൽകണമെന്ന് അധികൃതരോട് അഭ്യർത്ഥിക്കുന്നു. ജയിൽശിക്ഷ വ്യക്തിയെ സംസ്കാരത്തിൻ്റെ വഴിയിലേക്ക് നയിക്കാൻ ഉതകണം. ജയിലിലെ അന്തേവാസികളുടെ വിദ്യാഭ്യാസവും സർഗ്ഗാത്മകജീവിതവും എഴുത്തും പ്രോത്സാഹിപ്പിക്കുകയാണ് ആധുനിക ജനാധിപത്യ സംവിധാനത്തിൽ ഉണ്ടാകേണ്ടത്.
സർക്കാരും നീതിന്യായ സംവിധാനങ്ങളും ഇക്കാര്യത്തിൽ ഇടപെടണം. എന്തായാലും ജയിൽ അധികൃതർക്ക് മാത്രമായി തീരുമാനിച്ചു തടസ്സപ്പെടുത്താവുന്ന ഒരു സംഗതിയാവരുത് എഴുത്തും പുസ്തകപ്രസാധനവും.
ജനാധിപത്യത്തിൽ വിശ്വസിക്കുന്ന പൗരൻ എന്ന നിലയിലും മലയാളത്തിലെ എളിയ എഴുത്തുകാരൻ എന്ന നിലയിലും ഈ നോവൽ പ്രസിദ്ധീകരിക്കാൻ അനുമതി നൽകണമെന്ന് കവിയും പ്രഭാഷകനും ഗ്രന്ഥകർത്താവുമായ പി എൻ ഗോപീകൃഷ്ണൻ പറഞ്ഞു. രൂപേഷ് നിരാഹാരത്തിന് ഒരുങ്ങുന്നുവെന്നത് നിർഭാഗ്യകരമായ ഒരു കാര്യമാണ്. അധികൃതർ തീരുമാനം പുനഃപരിശോധിക്കണമെന്നും ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു.
പി എൻ ഗോപീകൃഷ്ണന്റെ പോസ്റ്റ് പൂർണരൂപം
ഞാൻ ചീമേനിയിൽ പ്രവർത്തിക്കുന്ന തുറന്ന ജയിൽ സന്ദർശിച്ചിട്ടുണ്ട്. 2015 ലാണെന്നാണ് ഓർമ്മ . അവിടെ അന്തേവാസിയായ ഷാ തച്ചില്ലം എന്ന കവിയുടെ "തടവറയിലെ ധ്യാനനിമിഷങ്ങൾ " എന്ന കവിതാ സമാഹാരം പ്രകാശിപ്പിക്കാനാണ് അന്നവിടെ ചെന്നത്. തൃശ്ശൂരിൽ വിയ്യൂരിൽ പ്രവർത്തിക്കുന്ന ജയിലിലും പലവട്ടം പോയിട്ടുണ്ട്. ഒരിക്കൽ അവിടുത്തെ അന്തേവാസികളുടെ സൃഷ്ടികൾ ഉൾക്കൊള്ളുന്ന പുസ്തകം പ്രകാശിപ്പിക്കാനാണ് പോയത്. തൃശ്ശൂരിൽ തന്നെയുള്ള ജുവനൈൽ ഹോമിലെ കുട്ടികൾക്ക് വേണ്ടി അധികൃതർ കുറച്ചു കാലം മുമ്പു വരെ സാഹിത്യ ക്യാമ്പുകൾ നടത്താറുണ്ടായിരുന്നു. അതിലും ഞാൻ ചിലവട്ടം സംസാരിക്കാനായി പോയിട്ടുണ്ട്. ആ സമയത്തൊക്കെ അതിന് മുൻകൈയ്യെടുത്ത ജയിൽ ഉദ്യോഗസ്ഥരെ ബഹുമാനത്തോടെ നോക്കി നിന്നിട്ടുമുണ്ട്. സന്തോഷ് കുമാർ, തോമസ് തുടങ്ങിയ ഉദ്യോഗസ്ഥരൊക്കെ എടുക്കുന്ന മുൻകൈ കണ്ട് ആനന്ദിച്ചിട്ടുമുണ്ട്.
ഇതൊക്കെ ഓർക്കാൻ കാരണം, അശോകൻ ചെരുവിലിൻ്റെ പോസ്റ്റിൽ വായിക്കാനിടവന്ന ഒന്നാണ്. മാവോയിസ്റ്റ് നേതാവും, എൻ്റെ കോളേജ് മേറ്റും, ഒരു കാലത്ത് ഒന്നിച്ച് ക്രിക്കറ്റ് കളിച്ചവരും ആയിരുന്ന രൂപേഷ് ,തടവറയിൽ ഇരുന്ന് എഴുതിയ നോവലിന് ജയിലധികൃതർ വാക്കാൽ പ്രസിദ്ധീകരണ അനുമതി നിഷേധിച്ചുവെന്നും ,അതിനെതിരെ രൂപേഷ് നിരാഹാരത്തിന് ഒരുങ്ങുന്നുവെന്നും അതിൽ നിന്ന് അറിയാനിട വന്നു. അങ്ങനെയാണെങ്കിൽ, അത് നിർഭാഗ്യകരമായ ഒന്നാണ്. എത്രയും പെട്ടെന്ന് അധികൃതർ ഇക്കാര്യം പുന:പരിശോധിക്കുമെന്നും ആ നോവലിന് പ്രസിദ്ധീകരണാനുമതി നല്കുമെന്നും ആശിക്കട്ടെ. ഇന്ന് സാഹിത്യം എന്ന് വിളിക്കുന്ന സാംസ്കാര എടുപ്പ് ,ജയിലിൽ നിന്നെഴുതിയ അനേകം കൃതികൾ ചേർന്നു കൂടി ഉണ്ടാക്കിയതാണ് എന്ന് ഒറ്റനോട്ടത്തിൽ കാണാനാകും. അത് മുന്നിൽ കണ്ട് എത്രയും പെട്ടെന്ന് അധികൃതർ ആ നോവലിന് പ്രസിദ്ധീകരണാനുമതി നൽകണമെന്ന് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന പൗരൻ എന്ന നിലയിലും മലയാളത്തിലെ എളിയ എഴുത്തുകാരൻ എന്ന നിലയിലും അഭ്യർത്ഥിക്കുന്നു.
നോവലിൽ ഭീകരമായി ഒന്നും കണ്ടില്ല എന്നും അപകടകരമായ ഒരു രഹസ്യവും പുറത്താക്കുന്നില്ല എന്നും കവി കെ സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. 'ഞാന്‍ ഈ നോവല്‍ വായിച്ചു. ഭീകരമായി ഒന്നും കണ്ടില്ല. ജയില്‍ ജീവിതം എങ്ങിനെ എന്ന് ജനങ്ങൾക്ക് പല കഥകളും നോവലുകളും ആത്മകഥകളും വായിച്ചറിയാം. ഈ നോവല്‍ ഒരു അപകടകരമായ രഹസ്യവും പുറത്താക്കുന്നില്ല. നോവല്‍രചന ഒരു ഭീകരവാദപ്രവര്‍ത്തനവും അല്ല. ഞാനും ഗോപി പറഞ്ഞ സ്ഥലത്ത് പോയിട്ടുണ്ട്. അല്പസമയമെങ്കിലും അറസ്റ്റില്‍ കഴിഞ്ഞിട്ടുമുണ്ട്. ലോകത്തെ ഏറ്റവും നല്ല പല കൃതികളും അവിടെ ആണല്ലോ രചിക്കപ്പെട്ടത്.' എന്നായിരുന്നു സച്ചിദാനന്ദൻ കുറിച്ചത്.
നോവൽ പ്രസിദ്ധീകരിക്കാൻ സമ്മതിക്കില്ലെന്ന ജയില്‍ വകുപ്പിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് രൂപേഷ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥാ കാലത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജന്റെ രക്തസാക്ഷി ദിനമായ ഇന്ന് രൂപേഷ് നിരാഹാര സമരം ആരംഭിച്ചു.
'ബന്ദിതരുടെ ഓര്‍മക്കുറിപ്പുകള്‍' എന്ന പേരില്‍ ജയിലില്‍വെച്ച് എഴുതിയ നോവല്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതി തേടി രൂപേഷ് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഒരു മാസത്തിന് ശേഷവും ജയിൽ വകുപ്പ് ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്ന് രൂപേഷിന്റെ ജീവിത പങ്കാളിയും സാമൂഹ്യ പ്രവര്‍ത്തകയും അഭിഭാഷകയുമായ പി എ ഷൈന പറയുന്നു. അനുമതി നൽകാനാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് രൂപേഷ് ജയിലിൽ സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഷൈന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ജയില്‍ കഴിയുന്ന രൂപേഷിന്റെ രണ്ടാത്തെ നോവലാണിത്. ഒളിവില്‍ കഴിയുന്ന കാലത്ത് രൂപേഷ് എഴുതിയ ആദ്യ നോവല്‍ 'വസന്തത്തിലെ പൂമരങ്ങള്‍' എന്ന പേരില്‍ ഗ്രീന്‍ ബുക്‌സും, 'മാവോയിസ്റ്റ്' എന്ന പേരില്‍ ഡിസി ബുക്‌സും പ്രസിദ്ധീകരിച്ചിരുന്നു.
ജയിലില്‍ വെച്ച് രൂപേഷ് എഴുതിയ രണ്ടാമത്തെ നോവലിനാണ് ഇപ്പോള്‍ അനുമതി നിഷേധിച്ചിരിക്കുന്നത്. നോവലില്‍ ജയില്‍, യുഎപിഎ നിയമം, കോടതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പരാമര്‍ശങ്ങളുണ്ടെന്നതാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്. എഴുതാനും വായിക്കാനും എഴുതിയത് പ്രസിദ്ധീകരിക്കാനുമുള്ള തടവുകാരുടെ അവകാശം മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് നിരവധി സുപ്രീംകോടതി വിധികള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷൈന പറഞ്ഞിരുന്നു.