
തിരുവനന്തപുരം : എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് ഫെഫ്ക. എമ്പുരാനിൽ പ്രവർത്തിച്ച എല്ലാ ചലച്ചിത്ര പ്രവർത്തകരെയും ചേർത്ത് നിർത്തി ഫെഫ്ക ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സിനിമയുമായി ബന്ധപ്പെട്ട വിവാദവും സൈബർ ആക്രമണവും തീർത്തും നിർഭാഗ്യകരമെന്ന് ഫെഫ്ക ഫേസ്ബുക്കിൽ കുറിച്ചു. വിമർശനം വ്യക്തി അധിക്ഷേപവും ഭീഷണിയും ചാപ്പകുത്തലും ആകരുതെന്നും ഫെഫ്ക വിമർശിച്ചു.
നിങ്ങൾക്കൊരാളെ നശിപ്പിക്കാൻ കഴിയും തോൽപ്പിക്കാൻ കഴിയില്ല എന്നും മോഹൻലാലിനും പൃഥ്വിരാജിനും എതിരായ സൈബർ ആക്രമണം പ്രതിഷേധാർഹം എന്നും ഫെഫ്ക ഫേസ്ബുക്കിൽ പ്രതികരിച്ചു. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ നിരവധി ദിവസങ്ങൾക്ക് ശേഷമാണ് ഫെഫ്ക ആദ്യമായി പ്രതികരിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം,
'എമ്പുരാൻ' സിനിമയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളും ചിത്രത്തിൻ്റെ സംവിധായകൻ ശ്രീ.പൃഥ്വിരാജിനും മുഖ്യനടനായ ശ്രീ.മോഹൻലാലിനും എതിരെ (സാമൂഹ്യ)മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണങ്ങളും നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്. സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും വിട്ടുവീഴ്ച്ചയില്ലാതെ വിമർശിക്കുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
സർഗ്ഗാത്മകമായ വിമർശനത്തിലൂടെ മാത്രമേ ഒരു കലാരൂപത്തിന് പരിണമിക്കാൻ സാധിക്കൂ. എന്നാൽ വിമർശനം വ്യക്ത്യാധിക്ഷേപവും, ഭീഷണിയും, ചാപ്പകുത്തലുമാവരുതെന്നാണ് കക്ഷിരാഷ്ട്രീയ-മത ഭേദമന്യേ എല്ലാവരോടും ഞങ്ങൾക്ക് പറയാനുള്ളത്. സാർത്ഥകമായ ഏതു സംവാദത്തിൻ്റേയും ലക്ഷ്യം മറുവശത്ത് നിലകൊള്ളുന്നവരെ നിശബ്ദരാക്കുകയല്ല, അവരെ സംസാരിക്കാൻ അനുവദിക്കുക എന്നതാണ്.
എമ്പുരാനിൽ പ്രവർത്തിച്ച എല്ലാ ചലച്ചിത്ര പ്രവർത്തകരേയും ഞങ്ങൾ ചേർത്തു നിര്‍ത്തുന്നു. ഉറക്കത്തിൽ സിംഹങ്ങളെ സ്വപ്നം കണ്ട വൃദ്ധനായ സാൻ്റിയാഗോ എന്ന ഹെമിങ്ങ് വേ കഥാപാത്രം പറയുന്നുണ്ട്, "നിങ്ങൾക്കൊരാളെ നശിപ്പിക്കാൻ കഴിയും, പക്ഷേ അയാളെ തോല്പിക്കാനാവില്ല." കലയും കലാകാരന്മാരും ഇതുതന്നെയാണ് സദാ ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.
Content highlights : 'Can be destroyed, cannot be defeated'; FEFKA unites everyone who worked on Empuran