
തിരുവനന്തപുരം: സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾക്കുമേൽ ഗവർണർമാരെ ഉപയോഗപ്പെടുത്തി കേന്ദ്രസർക്കാർ നടത്തുന്ന കടന്നുകയറ്റങ്ങൾക്കെതിരെയുള്ള ശക്തമായ തിരിച്ചടിയാണ് തമിഴ്‌നാട് സർക്കാർ നൽകിയ കേസിലെ സുപ്രീംകോടതി വിധിയെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്ന ഗവര്‍ണർമാരുടെ നടപടിക്ക് തടയിടുന്നതാണ് സുപ്രീംകോടതി വിധിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു
സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ ശക്തിയും ചൈതന്യവും ഉയർത്തിപ്പിടിക്കുന്ന ഈ വിധി രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. കേരള സർക്കാരും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും വർഷങ്ങളായി സ്വീകരിച്ച നിലപാടുകൾ ശരിയാണ് എന്ന് തെളിയിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,
സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. തമിഴ്നാട് സർക്കാർ ഗവർണർക്ക് എതിരെ നൽകിയ ഹർജി പരിഗണിച്ച സുപ്രീംകോടതി, സംസ്ഥാന സർക്കാരിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ വേണം ഗവർണർ പ്രവർത്തിക്കേണ്ടത് എന്ന് അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിരിക്കുകയാണ്.
നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും ഭരണഘടന ഗവർണർക്ക് വീറ്റോ അധികാരം നൽകുന്നില്ലെന്നും വ്യക്തമാക്കിയ സുപ്രീംകോടതി, നിയമസഭ പാസാക്കുന്ന ബില്ലുകളിൽ മൂന്നുമാസത്തിനുള്ളിൽ ഗവർണർ തീരുമാനം കൈക്കൊള്ളണമെന്നും ഉത്തരവിട്ടിരിക്കുകയാണ്.
അനിശ്ചിതകാലം ബില്ലുകളിൽ തീരുമാനമെടുക്കാതെ മാറ്റിവെയ്ക്കുവാനും, ഗവർണർ മടക്കിയതിനു ശേഷം നിയമസഭ രണ്ടാമതും പാസാക്കി അയക്കുന്ന ബില്ലുകൾ രാഷ്ട്രപതിക്ക് വിടാനും ഗവർണർക്ക് അധികാരമില്ലെന്നും, നിയമസഭ രണ്ടാമതും അയച്ച ബില്ലുകളിൽ ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നുമാണ് കോടതിയുടെ തീർപ്പ്.
ഭരണഘടനയുടെ ആർട്ടിക്കിൾ 200 പ്രകാരം ഗവർണറുടെ വിവേചനാധികാരം എന്നൊന്നില്ല എന്നും ആർട്ടിക്കിൾ 200 ൽ അനുശാസിക്കുന്ന നടപടികളിലൊന്ന് ഗവർണർ സ്വീകരിച്ചേ മതിയാകൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഒരു നാഴികക്കല്ലാണ് ഈ വിധി.
സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾക്കുമേൽ ഗവർണർമാരെ ഉപയോഗപ്പെടുത്തി കേന്ദ്രസർക്കാർ നടത്തുന്ന കടന്നുകയറ്റങ്ങൾക്കുള്ള ശക്തമായ തിരിച്ചടിയാണ് സുപ്രീംകോടതി വിധി. ഇന്ത്യൻ ഭരണഘടനയുടെ ശക്തിയും ചൈതന്യവും ഉയർത്തിപ്പിടിക്കുന്ന ഈ വിധി രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. കേരള സർക്കാരും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും വർഷങ്ങളായി സ്വീകരിച്ച നിലപാടുകൾ ശരിയാണ് എന്ന് തെളിയിക്കുന്നതാണ് സുപ്രീംകോടതിയുടെ വിധി.
ഗവർണർ ആർ എൻ രവിക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹർജിയിലാണ് നിര്‍ണായകമായ ഉത്തരവ്. ബില്ലുകള്‍ പിടിച്ചുവച്ച തമിഴ്നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും 10 ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി റദ്ദാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമസഭ വീണ്ടും പാസാക്കി അയക്കുന്ന ബില്ലുകൾ ആദ്യ ബില്ലിൽ നിന്ന് വ്യത്യസ്തമെങ്കിൽ മാത്രമേ രാഷ്ട്രപതിക്ക് വിടാൻ അവകാശമുള്ളൂവെന്നും കോടതി വിധിച്ചു. സംസ്ഥാന സർക്കാരിന്‍റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടത്. അനുഛേദം 200 അനുസരിച്ച് ഗവർണറുടെ വിവേചനാധികാരം എന്ന ഒന്നില്ല. അനുഛേദം 200 പ്രകാരം നടപടികളിൽ ഒന്ന് സ്വീകരിച്ചേ മതിയാകൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി.
ബില്ലുകളില്‍ തീരുമാനമെടുക്കാനും കോടതി സമയ പരിധി നല്‍കിയിട്ടുണ്ട്. ബില്‍ തടഞ്ഞുവെച്ചാല്‍ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. തീരുമാനമെടുത്തില്ലെങ്കില്‍ മൂന്ന് മാസത്തിനകം മന്ത്രിസഭയ്ക്ക് തിരിച്ചയക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. നിയമസഭ രണ്ടാമതും അംഗീകരിച്ച ബില്ലില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും ഗവര്‍ണറുടെ നടപടി കോടതിയുടെ പരിശോധനയ്ക്ക് വിധേയമെന്നും സുപ്രീം കോടതി പറഞ്ഞു. ബില്ലുകള്‍ വീറ്റോ ചെയ്യുന്നതിന് ഭരണഘടനയില്‍ സ്ഥാനമില്ലെന്നും ബില്ലുകള്‍ മുന്നിലെത്തിയാല്‍ ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരായ കേസിലെ വിധിയും സുപ്രീം കോടതി ശരിവെച്ചു.
content highlights : 'A strong setback to the central government that is using governors to dominate the states'; Finance Minister