പോക്‌സോ കേസിലെ അതിജീവിതയുടെ അമ്മയേയും സഹോദരനേയും വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടു; കൈത്താങ്ങായി മുഹ്സിൻ

അഭയം പ്രാപിക്കാന്‍ മറ്റൊരു ഇടവുമില്ലാത്ത അമ്മയും മകനും കളക്ടറേറ്റിന് മുന്നില്‍ ഇരിക്കുകയായിരുന്നു

dot image

കോഴിക്കോട്: വാടക വീട്ടില്‍ നിന്ന് വീട്ടുടമ ഇടക്കിവിട്ട തേഞ്ഞിപ്പലം പോക്‌സോ കേസിലെ അതിജീവിതയുടെ മാതാവിനും 17കാരനായ സഹോദരനും കൈത്താങ്ങ്. കോടതി ഉത്തരവിനെ തുടര്‍ന്ന് തെരുവിലേക്കിറങ്ങേണ്ടി വന്ന അതിജീവിതയുടെ മാതാവിനേയും സഹോദരനേയും അന്തിയുറങ്ങാൻ വീട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് മുഹ്സിൻ എന്നയാളും ഭാര്യയും അറിയിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കൊപ്പം കളക്ടറേറ്റിന് മുന്നിലെത്തിയാണ് ഇവർ ഇക്കാര്യം പറഞ്ഞത്. മാതാവിനും സഹോദരനും പുറമേ ഇവർ വളർത്തുന്ന ആടിനും സംരക്ഷണമൊരുക്കുമെന്ന് മനാഫ് അടക്കമുള്ളവര്‍ പറഞ്ഞു.

വീടിന് വാടക നൽകാത്തതിനെ തുടർന്ന് കോടതി ഉത്തവ് പ്രകാരമാണ് അതിജീവിതയുടെ മാതാവിനേയും സഹോദരനേയും വീട്ടുടമ ഇന്ന് രാവിലെ പുറത്താക്കിയത്. അഭയം പ്രാപിക്കാന്‍ മറ്റൊരു ഇടവുമില്ലാത്ത അമ്മയും മകനും കളക്ടറേറ്റിന് മുന്നില്‍ ഇരിക്കുകയായിരുന്നു. റിപ്പോര്‍ട്ടര്‍ വാര്‍ത്തയെ തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അമ്മയ്ക്കും മകനും സഹായവുമായെത്തുകയായിരുന്നു.

നേരത്തെ തന്നെ മാതാവിനും സഹോദരനും താമസ സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും ഉത്തരവിട്ടിരുന്നു. എന്നാല്‍ അതില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. 'കിടക്കാന്‍ ഒരിടം വേണം. മോനെയും കൊണ്ട് മനസമാധാനത്തില്‍ കിടന്നുറങ്ങാന്‍ പറ്റിയിട്ടില്ല. അവിടെ നിന്ന് എല്ലാ സാധനങ്ങളും പുറത്തിട്ട് എന്നെയും മോനെയും പുറത്താക്കി. ഇങ്ങനൊരു വിധി ആര്‍ക്കും വരാതിരിക്കട്ടെ. ജില്ലാ കളക്ടറെയും എഡിഎമ്മിനെയും കണ്ടു. ആരുടെ അടുത്ത് നിന്നും ഒരു മറുപടിയും കിട്ടിയിട്ടില്ല', മാതാവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പ്രവൃത്തി ദിവസത്തില്‍ വരാനാണ് തന്നോട് പൊലീസ് പറഞ്ഞതെന്നും മാതാവ് പറഞ്ഞു. സംഭവം വാർത്തയായതിന് പിന്നാലെയാണ് പിന്നാലെയാണ് മുഹ്‌സിനും ഭാര്യയും കൈത്താങ്ങുമായെത്തിയത്. വിവിധ അസുഖങ്ങൾകൊണ്ട് ബുദ്ധിമുട്ടുന്ന അതിജീവിതയുടെ മാതാവിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി വീട്ടില്‍ താമസിപ്പിക്കുമെന്ന് മുഹ്‌സിനും ഭാര്യയും പ്രതികരിച്ചു. മുഹ്‌സിന്റെ വീട്ടിലേക്ക് പോകാന്‍ സമ്മതമാണെന്ന് മാതാവും അറിയിച്ചു.

2017 ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. മൂന്ന് വര്‍ഷത്തിന് ശേഷം 2020ലാണ് പോക്‌സോ കേസ് രജിസ്റ്റര് ചെയ്തത്. ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹാലോചനയുമായി വന്ന യുവാവിനോടാണ് പെണ്‍കുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തുന്നത്. കേസിന്റെ അന്വേഷണ ഘട്ടത്തില്‍ 2022ല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. കോടതിയില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ സാധിക്കാത്തത് കേസില്‍ പ്രതികൂലമായി ബാധിച്ചു.

Content Highlights: POCSO case survivor and mother evicted from rented house Muhsin and his wife offered help

dot image
To advertise here,contact us
dot image