മൂർച്ചയേറിയആയുധംഉപയോ​ഗിച്ച് പരിക്കേൽപ്പിച്ചു;തലയിലുംനെഞ്ചിലും ക്ഷതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിലെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

dot image

കോട്ടയം : കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി. കൊല്ലപ്പെട്ട വിജയകുമാറിന്റെയും മീരയുടെയും മരണകാരണം തലയ്ക്കേറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. തലയിലേറ്റ ക്ഷതം കാരണം രക്തസ്രാവം ഉണ്ടായി. പരിക്കേൽപ്പിച്ചത് മൂർച്ചയേറിയ ആയുധം ഉപയോഗിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. വിജയകുമാറിൻ്റെ നെഞ്ചിലും ക്ഷതമേറ്റിട്ടുണ്ട്.

അതേ സമയം വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രതി മനപൂർവ്വം വിജയകുമാറിനെയും മീരയെയും വിവസ്ത്രരാക്കി എന്നാണ് സംശയം. ഇരുവരുടെയും മുഖം വികൃതമാക്കിയ നിലയിലാണ്. അമ്മിക്കല്ലും കോടാലിയും ഉപയോ​ഗിച്ചാണ് കൊലപാതകി മരിച്ചവരുടെ മുഖം വികൃതമാക്കിയത്. അതേ സമയം വിജയകുമാറിന്റെയും ഭാര്യയുടെയും മൊബൈൽ ഫോണുകൾ വീട്ടിൽ നിന്നും മോഷണം പോയ നിലയിലാണ്. ഈ മൊബൈൽ ഫോണുകളിൽ സിസിടിവി കണക്ടിവിറ്റി ഉണ്ടായിരുന്നു. സിസിടിവി ഹാ‍ർഡ് ഡിസ്‌കുകളും കാണ്മാനില്ല.

ദൃശ്യങ്ങൾ നശിപ്പിക്കാനായി കൊലയാളി ഫോൺ കൊണ്ടുപോയിരിക്കാം എന്നാണ് അന്വേഷണസംഘത്തിൻ്റെ നിഗമനം. അതേ സമയം കൊലപാതകം നടന്ന വീട്ടിലെ കിണർ പരിശോധിക്കും. കിണറ്റിലെ വെള്ളം വറ്റിച്ച് പരിശോധന നടത്താനാണ് തീരുമാനം. മോഷണം പോയ സിസിടിവി ഡിവിആർ അടക്കം കണ്ടെത്താനുള്ള തിരച്ചിലിന്റെ ഭാ​ഗമായാണ് പരിശോധന. കിണറിന്റെ പരിസരത്ത് പ്രതി എത്തിയതിന്റെ ലക്ഷണങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പേപ്പർ കഷ്ണങ്ങളും കാൽപ്പാടുകളും കിണറിനരികിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

സിബിഐ സംഘം ഇരട്ടക്കൊലപാതകം നടന്ന വീട്ടിൽ എത്തി പരിശോധന നടത്തി. ഇവരുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. നേരത്തെ വീട്ടുജോലിക്കായി നിന്നിരുന്ന ഇയാളെ മൊബൈല്‍ മോഷണത്തിന്റെ പേരില്‍ വിജയകുമാര്‍ വീട്ടില്‍ നിന്നും പറഞ്ഞുവിടുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണോ കൊലപാതകമെന്നതില്‍ സ്ഥിരീകരണം ഇല്ല.

ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വിജയകുമാറിനെയും മീരയെയും ചോര വാര്‍ന്ന് മരിച്ച നിലയില്‍ ഇരുമുറികളിലായി കണ്ടെത്തിയത്. ജോലിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വിജയകുമാറിന്റെയും ഭാര്യയുടെയും മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്.

സംഭവ സ്ഥലത്ത് നിന്നും കോടാലിയും വീടിന് സമീപത്തെ ഗേറ്റിന് അടുത്ത് നിന്ന് അമ്മിക്കല്ലും കണ്ടെത്തിയിരുന്നു. വീട്ടിലെയും സമീപത്തെയും സിസിടിവി ഫൂട്ടേജുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. ആസൂത്രിതമായാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. വിദേശത്ത് ബിസിനസ് ചെയ്തുവരികയായിരുന്ന വിജയകുമാര്‍ പിന്നീട് നാട്ടിലേക്ക് താമസം മാറുകയായിരുന്നു.

മകളും മകനും ഭാര്യയും ഉള്‍പ്പെടുന്നതായിരുന്നു വിജയകുമാറിന്റെ കുടുംബം. മകന്‍ അപകടത്തില്‍ മരിച്ചു. ഡോക്ടറായ മകള്‍ അമേരിക്കയിലാണ്. കോട്ടയത്തെ പ്രമുഖമായ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ കൂടിയാണ് വിജയകുമാര്‍.

content highlights : injured using a sharp weapon; postmortem report is out

dot image
To advertise here,contact us
dot image