ജയ്പൂർ; ദീപാവലി പ്രമാണിച്ച് വീട് വൃത്തിയാക്കുന്നതിനിടെ നാല് ലക്ഷം രൂപയുടെ സ്വർണാഭരണം മാലിന്യ ട്രക്കിലേക്ക് എറിഞ്ഞു. അമളി മനസിലാക്കിയതോടെ കുടുംബം മുൻസിപ്പൽ കോർപറേഷനെ സമീപിക്കുകയായിരുന്നു. രാജസ്ഥാനിലെ ഭില്വാര സ്വദേശി ചിരാഗ് ശർമയ്ക്കാണ് 'ലക്ഷങ്ങളുടെ അമളി' സംഭവിച്ചത്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വീട് വൃത്തിയാക്കുന്നതിനിടെ സ്വർണ്ണാഭരണങ്ങൾ എല്ലാം ഒരുമിച്ച് സുരക്ഷിതമായി കവറിലാക്കി മാറ്റിവെച്ചിരുന്നു. ഇതിനിടെയാണ് മാലിന്യം ശേഖരിക്കാൻ ട്രക്ക് എത്തിയത്. ധൃതിയിൽ മാലിന്യങ്ങൾക്കൊപ്പം എടുത്തുവെച്ച സ്വർണവും ട്രക്കിലേക്ക് എറിഞ്ഞു. ഏറെ നേരം കഴിഞ്ഞാണ് അമളി പറ്റിയ കാര്യം ചിരാഗ് തിരിച്ചറിയുന്നത്. ഉടനെ മുൻസിപ്പൽ കോർപറേഷൻ മേയറെ വിളിച്ച് വിവരമറിയിച്ചു.
മേയറുടെ നേതൃത്വത്തിൽ മറ്റ് ഉദ്യോഗസ്ഥരുമെത്തി പ്രത്യേക സംഘത്തെ രൂപീകരിച്ച് നടത്തിയ തിരച്ചിലിലാണ് ആഭരണങ്ങൾ കണ്ടെത്താനായത്. ഗൗരവം മനസിലാക്കിയ മേയർ ട്രക്ക് സഞ്ചരിച്ച വഴി പിന്തുടരാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം, നൽകി. ട്രക്ക് ഡ്രൈവറെയും വിവരമറിയിച്ചു. എന്നാൽ വിവരമറിയിക്കുമ്പോഴേക്കും ട്രക്കിലെ മാലിന്യം കൂമ്പാരത്തിലേക്ക് ഇറക്കിയിരുന്നു.
ഇതോടെ ഉദ്യോഗസ്ഥരടക്കമുള്ള സംഘം തിരച്ചിൽ ആരംഭിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തിരിച്ചിലിനൊടുവിലാണ് സംഘത്തിന് സ്വർണാഭരണം കണ്ടെത്താനായത്. ഇത് യുവാവിന് കൈമാറി. സ്വർണം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അബദ്ധം ഇനിയാവർത്തിക്കില്ലെന്നും ചിരാഗ് പറഞ്ഞു.
Content Highlight: Man threw gold ornaments worth 4 lakhs to waste truck by accident in Rajasthan