പുനെ: മഹാരാഷ്ട്രയിലെ സോലാപൂരിലെ മർകദ്‌വാഡിയിൽ ഇന്ന് വീണ്ടും അനൗദ്യോഗിക വോട്ടെടുപ്പ്. മഹാവികാസ് അഘാഡി പ്രവർത്തകരാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇവിഎം ഫലങ്ങളിൽ എതിർപ്പ് രേഖപ്പെടുത്തി മർകദ്‌വാഡിയിൽ ബാലറ്റ് പേപ്പറിൽ വോട്ടുരേഖപ്പെടുത്താനൊരുങ്ങുന്നത്. സോലാപൂരിലെ മൽഷിറാസ് അസംബ്ലി മണ്ഡലത്തിന് കീഴിലാണ് മർകദ്‌വാഡി വരുന്നത്. മഹാവികാസ് അഘാഡിയിലെ ഉത്തംറാവു ജങ്കാർ ബിജെപിയുടെ മുൻ എംഎൽഎ രാം സത്പുതേയെ ഇവിടെ പരാജയപ്പെടുത്തിയിരുന്നു. എൻസിപി ശരദ് പവാർ വിഭാഗം ഇവിടെ വിജയിച്ചെങ്കിലും മർകദ്‌വാഡിയിൽ ബിജെപി സ്ഥാനാർത്ഥിക്കായികുന്നു ലീഡ്. എന്നാൽ ഇവിഎം ഫലങ്ങൾ ശരിയല്ലെന്ന നിലപാടിലായിരുന്നു ഇവിടുത്തെ മഹാവികാസ് അഘാഡി പ്രവർത്തകർ. ഇതിൽ പ്രതിഷേധിച്ചാണ് മഹാവികാസ് അഘാഡി പ്രവർത്തകർ ഇവിടെ അനൗദ്യോഗിക വോട്ടെടുപ്പ് നടത്തുന്നത്.
ഇതിനിടെ അനൗദ്യോഗിക വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ സോലാപൂർ ഭരണകൂടം ഗ്രാമീണരിൽ ചിലർക്ക് നോട്ടീസ് നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഘർഷ സാധ്യത ചൂണ്ടിക്കാണിച്ചാണ് ജില്ലാ ഭരണകൂടം നോട്ടീസ് നൽകിയിരിക്കുന്നത്. "അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടിയായി നോട്ടീസ് നൽകിയിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നത്തിലേക്ക് നയിക്കുന്ന നടപടികൾ ഒഴിവാക്കാൻ ഭരണകൂടം ഗ്രാമവാസികളോട് സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും" സോലാപൂർ എസ്പി അതുൽ കുൽക്കർണിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഈ ഗ്രാമത്തിലെ ഭൂരിപക്ഷം പേരും മഹാവികാസ് അഘാഡിയുടെ അനുഭാവികളാണെന്നാണ് ഗ്രാമവാസികളായ എംവിഎ പ്രവർത്തകർ അവകാശപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സ്ഥാനാർത്ഥിക്ക് 843 വോട്ടുകൾ മാത്രമാണ് കിട്ടിയതെന്നും എന്നാൽ ബിജെപി സ്ഥാനാർത്ഥി സത്പുട്ടിന് 1,003 വോട്ടുകൾ ലഭിച്ചുവെന്നും ഗ്രാമീണർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പു കമ്മീഷൻ്റെ ഈ കണക്ക് വിശ്വസിക്കുന്നില്ല എന്നാണ് ഇവരുടെ പക്ഷം. അതുകൊണ്ടാണ് ഡിസംബർ 3 ന് ബാലറ്റ് പേപ്പറിൽ പോളിംഗ് സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് ഗ്രാമീണരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മൽഷിറാസ് നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച് എല്ലാ സ്ഥാനാർത്ഥികളുടെയും പേരും ഫോട്ടോയും അടങ്ങിയ ബാലറ്റ് പേപ്പറുകൾ അച്ചടിക്കാനായി ക്രൗഡ് ഫണ്ടിംഗ് നടത്തിയതായാണ് ഗ്രാമീണർ പറയുന്നത്. അനൗദ്യോഗിക തിരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഗ്രാമീണർ തഹസിൽദാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ അഭ്യർത്ഥന നിരസിക്കപ്പെടുകയായിരുന്നു.
മർകഡ്‌വാഡിയിലെ 3 ബൂത്തുകളിലെയും പ്രക്രിയ സുതാര്യമായിരുന്നുവെന്നും ഡാറ്റയിൽ പൊരുത്തക്കേടൊന്നുമില്ലെന്നെന്നുമാണ് മൽഷിറാസ് നിയമസഭാ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർ വിജയ് പംഗാർക്കറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഗ്രാമത്തിൽ നിന്നുള്ളവർ അനൗദ്യോഗിക വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്നാണ് ഗ്രാമത്തിലെ ബിജെപി പ്രവർത്തകർ വ്യക്തമാക്കുന്നത്. "ഗ്രാമത്തിലെ ബാക്കിയുള്ളവരെ വിശ്വാസത്തിലെടുക്കാതെ കുറച്ചുപേരാണ് ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ട് ചെയ്യാനുള്ള തീരുമാനം എടുത്തത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞു. വീണ്ടും ഇതിൻ്റെ ആവശ്യമില്ല. ഞങ്ങൾ ഇത് ബഹിഷ്കരിക്കും എന്നാണ് ബിജെപി പ്രവർത്തകനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
Content Highlight: Markadwadi Unofficially vote today on ballot paper to challenge EVM