പട്‌ന; സ്‌കൂളിലേക്ക് പോകുംവഴി അധ്യാപകനെ തോക്ക് ചൂണ്ടി വിവാഹം കഴിപ്പിച്ച് വധുവിന്റെ ബന്ധുക്കള്‍. ബിഹാറിലാണ് സംഭവം. ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അധ്യാപകനായ അവിനാഷ് കുമാറിനെയാണ് വധുവിന്റെ കുടുംബം ഭീഷണിപ്പെടുത്തിയത്. നേരത്തെ വിവാഹത്തിന് താത്പര്യമറിയിച്ചിരുന്ന അവിനാഷ് പിന്നീട് പിന്മാറിയെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം.
ഇരുവരും നാല് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. എന്നാൽ താനും യുവതിയും പ്രണയത്തിലായിരുന്നില്ലെന്നാണ് അവിനാഷിൻ്റെ പ്രതികരണം. അടുത്തിടെയാണ് അവിനാഷ് ബിപിഎസ്‌സി പരീക്ഷ പാസായി അധ്യാപകനായത്. കാടിഹാറിലായിരുന്നു പോസ്റ്റിങ്. രജൗരയിലെ സഹോദരയുടെ വീട്ടില്‍ നിന്ന് പഠിക്കുകയായിരുന്നു യുവതി. ഇതിനിടെ കാടിഹാറില്‍ ജോലി ലഭിച്ചതോടെ അവിനാഷ് യുവതിയെ കാടിഹാറിലേക്ക് ക്ഷണിച്ചു. പത്ത് ദിവസം അവിനാഷിനൊപ്പം യുവതി തങ്ങിയിരുന്നു. ഇതിനിടെയാണ് ഇരുവരെയും നാട്ടുകാരായ ചിലര്‍ കണ്ടത്. യുവതി വിവരം നേരത്തേ വീട്ടില്‍ അറിയിച്ചിരുന്നതിനാല്‍ പെട്ടെന്ന് വിവാഹം നടത്തണമെന്നായി കുടുബം. ഉടന്‍ വിവാഹം നടത്താന്‍ താന്‍ തയ്യാറല്ലെന്നായിരുന്നു അവിനാഷിന്റെ പ്രതികരണമെന്നാണ് യുവതി ആരോപിക്കുന്നത്.
മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരേയും കാടിഹാറില്‍ ഒരുമിച്ച് കണ്ടുവെന്ന് യുവതിയുടെ കുടുംബത്തിന് വിവരം ലഭച്ചു. ഇതോടെ കുടുംബം പ്രദേശത്ത് എത്തുകയും യുവാവിനെ ബലം പ്രയോഗിച്ച് വിവാഹത്തിന് എത്തിക്കുകയുമായിരുന്നു. കാടിഹാറിലെ ക്ഷേത്രത്തില്‍ എത്തിച്ചായിരുന്നു വിവാഹം നടത്തിയത്. യുവാവിനെ ബന്ധുക്കള്‍ ബലം പ്രയോഗിച്ച് തടഞ്ഞുവെച്ചിരിക്കുന്നതും താലി കെട്ടാന്‍ ആക്രോശിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
വിവാഹത്തിന് ശേഷം രജൗരയിലേക്കുള്ള യാത്രാ മധ്യേ യുവാവ് വാഹനത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടു. യുവതിയെ അവിനാഷിന്റെ വീട്ടിലെത്തിച്ചെങ്കിലും സ്വീകരിക്കാന്‍ കുടുംബം വിസമ്മതിക്കുകയായിരുന്നു. ഇതോടെ തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് യുവതി പൊലീസിനെ സമീപിച്ചിരിക്കുകയാണ്.
അതേസമയം പ്രണയത്തിലായിരുന്നുവെന്നത് തെറ്റാണെന്നാണ് അവിനാഷിന്റെ പ്രതികരണം. താന്‍ യുവതിയുമായി പ്രണയത്തിലായിരുന്നില്ല. പലപ്പോഴും യുവതി തന്നെ വിളിച്ച് ശല്യപ്പെടുത്തിയിരുന്നുവെന്നും നമ്പര്‍ ബ്ലോക്ക് ചെയ്യുമ്പോള്‍ മറ്റ് പല നമ്പറുകളില്‍ നിന്നും വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നുവെന്നും അവിനാഷ് ആരോപിച്ചു.
Content Highlight: Bihar teacher kidnapped, forced to marry a girl at gun point