'ദുരന്ത സർക്കാരിൽ നിന്ന് ഡൽഹിക്ക് മുക്തി, കുറുക്കുവഴികളുടെ രാഷ്ട്രീയം പരാജയപ്പെട്ടു'; നരേന്ദ്ര മോദി

ഡൽഹി നിയമസഭാ വിജയത്തിന് പിന്നാലെ ബിജെപി കേന്ദ്ര ആസ്ഥാനത്തെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്ര മോദി

dot image

ന്യൂഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയം ആഘോഷമാക്കാൻ ബിജെപി ആസ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി വിളികളോടെ ഭീമൻ പൂമാല അണിയിച്ചാണ് നരേന്ദ്ര മോദിയെ വേദിയിലേക്ക് പ്രവർത്തകർ സ്വീകരിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും മോ​ദിക്ക് ഒപ്പം ബിജെപിയുടെ കേന്ദ്ര ആസ്ഥാനത്തിലേയ്ക്ക് എത്തിയിരുന്നു.

ഡൽഹിക്ക് ദുരന്ത സർക്കാരിൽ നിന്ന് മുക്തി ലഭിച്ചുവെന്ന് നരേന്ദ്ര മോദി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇന്ന് ഇവിടുത്തെ ജനങ്ങൾ സന്തുഷ്ടരാണ്. ബിജെപിയെ വിശ്വസിച്ചതിന് ജനങ്ങൾക്ക് നന്ദി. ഈ ഡബിൾ എഞ്ചിൻ സർക്കാർ ഡൽഹിയിൽ അതിവേഗം വികസനം കൊണ്ടുവരുമെന്നും മോദി ഉറപ്പുനൽകി.

അഹങ്കാരത്തിനും ആഢംബരത്തിനുമെതിരായ വിധി എഴുത്താണിതെന്നും മോദി പറഞ്ഞു. ഡൽഹിയിലെ ജനങ്ങളാണ് ഡൽഹിയുടെ അടുത്ത ഉടമ. ജനാധിപത്യത്തിൽ നുണകൾക്ക് സ്ഥാനമില്ല, കുറുക്കുവഴികളുടെ രാഷ്ട്രീയം ഇന്ന് പരാജയപ്പെട്ടിരിക്കുകയാണ്. എല്ലാ ലോക്സഭാ തിരഞ്ഞെടുപ്പിലും മുഴുവൻ സീറ്റുകളും ഡൽഹിയിലെ ജനങ്ങൾ ബിജെപിക്ക് നൽകി, അവർ ഒരിക്കലും തങ്ങളെ നിരാശപ്പെടുത്തിയിട്ടില്ലെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

എല്ലാവർക്കും ഒപ്പം എല്ലാവരുടേയും വികാസം, ദില്ലിയുടെ വികസനം ഇതാണ് മോദി ഗ്യാരണ്ടി എന്നും മോദി പ്രഖ്യാപിച്ചു. ഡൽഹിയിൽ എല്ലാ മേഖലകളിലും താമര തിളങ്ങുകയാണ്. വികസനത്തിലേക്കുള്ള തടസങ്ങളും ഇന്ന് നീക്കപ്പെട്ടു, എവിടെ എൻഡിഎ ഉണ്ടോ അവിടെ വികസനം വരും. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. ഇവിടെ നാടകം കളിക്കാനുള്ള ഇടമല്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.

എല്ലായിടത്തും ബിജെപി സർക്കാറുകൾ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. യുപിയിൽ ക്രമസമാധാനം ഒരുകാലത്ത് വെല്ലുവിളിയായിരുന്നു. എന്നാൽ ബിജെപി അധികാരത്തിലെത്തിയ ശേഷം ഉത്തർപ്രദേശിലെ ഗുണ്ടാരാജ് അവസാനിപ്പിച്ചു. ബിജെപി വികസനത്തിൻ്റെ പുതിയ മോഡൽ കാണിക്കുന്നു. ഡൽഹിയിലെ എല്ലാ വിഭാഗങ്ങളും ബിജെപിക്ക് വോട്ട് ചെയ്തു. നാരി ശക്തി ഡൽഹിയിൽ ബിജെപിക്ക് ആശീർവാദം നൽകി. നാരി ശക്തിക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചു. ഇവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ മുഴുവൻ ശക്തിയോടെ പ്രവർത്തിക്കും. വിജയത്തിൽ യമുന ദേവിക്ക് മുന്നിൽ തലകുനിക്കുന്നുവെന്നും മോദി പ്രസം​ഗിച്ചു.

യമുനയെ എഎപി മലിനമാക്കി, അവർ യമുന ദേവിയെ അപമാനിച്ചുവെന്നും മോദി പറഞ്ഞു. അഴിമതി വിരുദ്ധതയിൽ നിന്നാണ് ആം ആദ്മി പാർട്ടി രൂപം കൊണ്ടത്, എന്നാൽ ഏറ്റവും അഴിമതിയുള്ള പാർട്ടിയായി മാറി. അതിൽ നിന്നും അണ്ണാ ഹസാരെ ഇന്ന് മുക്തനായെന്നും മോദി പറഞ്ഞു.

കോൺ​ഗ്രസിനെ മോദി പരിഹസിക്കുകയും ചെയ്തു. ഇന്ന് ജനങ്ങൾ കോൺഗ്രസിന് വലിയൊരു സന്ദേശം നൽകി. പരാജയത്തിന്റെ സ്വർണ്ണ മെഡൽ കോൺഗ്രസ് സ്വന്തമാക്കുകയാണ്. ഡൽഹിയിലെ കഴിഞ്ഞ ആറ് തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് പൂജ്യം ആയിരുന്നു. രാജ്യത്തിന് കോൺഗ്രസിൽ വിശ്വാസമില്ല. 2014ന് ശേഷം കോൺഗ്രസ് ഹിന്ദു ആവാൻ ശ്രമിച്ചു, പക്ഷേ കോൺഗ്രസിന്റെ ഹിന്ദു കാർഡ് വിലപ്പോയില്ല. ഇപ്പോൾ കോൺഗ്രസിന്റെ കണ്ണ് പ്രാദേശിക പാർട്ടികളിലാണ്. അവരുടെ വോട്ട് തട്ടിയെടുക്കാനാണ് നീക്കം. കോൺഗ്രസ് പഴയ കോൺഗ്രസ് അല്ല, അവർ രാജ്യത്തിനെതിരെ പോരാടുന്നു. അർബൻ നക്സലുകളുടെ രാഷ്ട്രീയമാണ് കോൺ​ഗ്രസ് ചെയ്യുന്നതെന്നും നരേന്ദ്ര മോദി വിമർശിച്ചു.

ഡൽഹി വിജയത്തിൽ പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ എന്നായിരുന്നു ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ ആശംസ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നേടിയത് വലിയ വിജയമാണ്. ബിജെപിയെ തിരഞ്ഞെടുത്ത ഡൽഹിയിലെ ജനങ്ങൾക്ക് നന്ദി, രാപ്പകൽ ബിജെപിയുടെ വിജയത്തിന് പ്രവർത്തിച്ച പ്രവർത്തർക്ക് നന്ദി. ഡൽഹിയുടെ ഹൃദയത്തിൽ മോദി ആണെന്ന് വ്യക്തമാക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും ജെ പി നദ്ദ പറഞ്ഞു.

ജനങ്ങൾ മോദിയുടെ ഗ്യാരണ്ടിക്ക് വോട്ട് നൽകിയെന്നും ജെ പി നദ്ദ ചൂണ്ടിക്കാണിച്ചു. മോദി ചെയ്യുമെന്ന് പറഞ്ഞതെല്ലാം യാഥാർത്ഥ്യമാക്കി, ചെയ്യുമെന്ന് പറയാത്തതും യാഥാർത്ഥ്യമാക്കി. ആം ആദ്മി പാർട്ടി ഡൽഹിയെ മാലിന്യ കൂമ്പാരമാക്കി എന്നും ജെ പി നദ്ദ വിമർശിച്ചു.

കാൽനൂറ്റാണ്ടിന് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. എഎപി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മധ്യവർ​​ഗ വിഭാ​ഗങ്ങളെ പിന്തുണയ്ക്കുന്ന ബജറ്റ് തീരുമാനങ്ങളും ബിജെപിയ്ക്ക് തുണയായി. എഎപി ശക്തി കേന്ദ്രങ്ങളിലെല്ലാം ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. എഎപിയുടെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ തുടങ്ങിയ പ്രധാന നേതാക്കൾ ഡൽഹിയിൽ പരാജയപ്പെട്ടിരുന്നു. ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. 13,766 പോളിങ്ബൂത്തുകളിലായാണ് ഡൽഹി ജനവിധി രേഖപ്പെടുത്തിയത്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.

Content Highlights: Narendra Modi Criticize Delhi Freed from Disaster Government Over Delhi Election 2025

dot image
To advertise here,contact us
dot image