മകളെ ശ്വാസംമുട്ടിച്ച് കൊന്നു,ഭാര്യമാരുടെ കഴുത്തറുത്തു; കൂട്ടക്കൊലയ്ക്ക് പിന്നില്‍ കോടികളുടെ കടം

രണ്ട് സഹോദരന്മാരും കുടുംബവും കൂട്ടമായി ജീവനൊടുക്കാൻ ശ്രമിച്ച പദ്ധതി പാളിയതോടെ പരസ്പരം കൊലനടത്തുകയായിരുന്നു. അപകടത്തെ അതിജീവിച്ച 15-കാരനെ ഏറ്റെടുക്കാൻ മറ്റ് കുടുംബാംഗങ്ങൾ തയ്യാറാകുന്നില്ല

dot image

കൊൽക്കത്ത : കൊൽക്കത്ത കൂട്ടക്കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൂട്ടക്കൊലയ്ക്ക് പിന്നില്‍ കുടുംബത്തിനുണ്ടായ പതിനാറ് കോടി രൂപയുടെ കടമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സഹോദരങ്ങളായ പ്രസൂണ്‍ ഡേ, പ്രണോയ് ഡേ എന്നിവരാണ് ആസൂത്രിതമായി കൊലപാതകം നടത്തിയത്. പ്രസൂണ്‍ ഡേ കൊലപാതകകുറ്റം സമ്മതിച്ചു. വാഹനാപകടമുണ്ടാക്കി സ്വയം ജീവനൊടുക്കാൻ ശ്രമിച്ച പ്രണോയ് ഡേ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെയും പൊലീസ് ഉടൻ അറസ്റ്റ് ചെയ്യും. സഹോദരങ്ങളെ ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് പൊലീസ് നീക്കം. ചോദ്യം ചെയ്യലിനുശേഷം കൊലപാതകത്തിന് പുറമേ മറ്റു വകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തും.

ഫെബ്രുവരി 19-നാണ് കൊല്‍ക്കത്തയിലെ താന്‍ഗ്രയിലെ മൂന്നുനില വീട്ടില്‍ രണ്ട് സ്ത്രീകളേയും 14-കാരിയേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സുധേഷ്ണ ഡേ, റോമി ഡേ, റോമിയുടെ 14-കാരിയായ മകള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കടത്തെത്തുടര്‍ന്ന് കൂട്ട ആത്മഹത്യചെയ്യാനായിരുന്നു കുടുംബത്തിന്റെ ശ്രമം. പ്രസൂൺ, പ്രണോയ്, ഇവരുടെ ഭാര്യമാർ, കുട്ടികൾ എന്നിവരാണ് മരിക്കാൻ പ്ലാനിട്ടിരുന്നത്. ഇതിനായി ഇവർ പ്ലാൻ എ, ബി എന്നിങ്ങനെ തയ്യാറാക്കി. കൂട്ടത്തോടെ സ്വയം ജീവനൊടുക്കാനുള്ള പദ്ധതി പാളിയതോടെ സ്ത്രീകളേയും കുട്ടികളേയും കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാനായിരുന്നു സഹോദരങ്ങളുടെ പദ്ധതി.

ഫെബ്രുവരി 17-ന് താനും സഹോദരന്‍ പ്രണയ് ഡേയും സഹോദരഭാര്യ സുധേഷ്ണയും ഭാര്യ റോമിയും ആത്മഹത്യാശ്രമം നടത്തിയെന്ന് പ്രസൂണ്‍ ഡേ മൊഴി നല്‍കിയിട്ടുണ്ട്. എന്നാൽ ഇത് പരാജയപ്പെട്ടതോടെ പ്ലാന്‍ ബി നടപ്പാക്കാന്‍ തീരുമാനിച്ചു. ആത്മഹത്യാശ്രമം പരാജയപ്പെടുകയാണെങ്കില്‍ ജീവനൊടുക്കാന്‍ പരസ്പരം സഹായിക്കാമെന്നായിരുന്നു ധാരണ. ആദ്യം സ്വന്തം മകളെ കൊലപ്പെടുത്താനായിരുന്നു പ്രസൂണ്‍ തീരുമാനിച്ചത്. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചുക്കൊല്ലാനായിരുന്നു ഇവരുടെ പദ്ധതി.

പ്രസൂണ്‍ മകളെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ചപ്പോള്‍, ഭാര്യ കാലു രണ്ടും പിടിച്ചുവെക്കുകയായിരുന്നു. മകള്‍ മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രസൂണ്‍, ഭാര്യ റോമിയുടേയും സഹോദര ഭാര്യ സുധേഷ്ണയുടേയും കൈത്തണ്ടയും കഴുത്തും അറുത്തു കൊലപ്പെടുത്തുകയായിരുന്നു.

മൂന്ന് കൊലപാതകങ്ങളും നടക്കുന്ന സമയത്ത് പ്രണയ്‌യും 15-കാരനായ മകനും വീടിന്റെ മുകൾ നിലയിലുണ്ടായിരുന്നു. എന്നാൽ താഴെ നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ച് ഇരുവര്‍ക്കും അറിവുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു.

കൊലപാതകത്തിന് ശേഷം ഉറക്കഗുളിക കഴിച്ച പ്രസൂണ്‍ ഉറങ്ങിപ്പോവുകയായിരുന്നു. എന്നാൽ മകനൊപ്പം താഴത്തെ നിലയിലേക്ക് ഇറങ്ങിവന്ന പ്രണയ് അടുത്ത പദ്ധതിയിലേക്ക് നീങ്ങി. മെട്രോ തൂണില്‍ വാഹനം ഇടിച്ചുകയറ്റി തന്റെയും മകന്റെയും ജീവിതം അവസാനിപ്പിക്കാനായിരുന്നു ശ്രമം.എന്നാല്‍ ഇത് പരാജയപ്പെടുകയായിരുന്നു. അപകടത്തെ അതിജീവിച്ച പ്രണയ്‌യുടെ മകനെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറാവുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റേണ്ടിവരുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കുടുംബത്തിന് 16 കോടിയുടെ കടമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. വീട് പണയത്തിലായിരുന്നു. കുടുംബത്തിന്റെ മൂന്ന് കാറുകളില്‍ രണ്ടെണ്ണത്തിന്റേയും 47 ലക്ഷത്തോളം രൂപ വായ്പ തിരിച്ചടവ് കുടിശ്ശികയായിരുന്നു. ബാങ്ക് അക്കൗണ്ടുകളും കാലിയായിരുന്നു. അറിയപ്പെടുന്ന ബിസിനസ്സ്കാരന്റെ മക്കളായിട്ടും പ്രസൂണിന്റെയും പ്രണോയുടെയും ആഡംബരജീവിതം കുടുംബത്തിന്റെ താളം തെറ്റിക്കുകയായിരുന്നു.

content highlights : Kolkata triple death: Family was under Rs 16 crore debt

dot image
To advertise here,contact us
dot image