
ന്യൂഡൽഹി: പൗരന്മാരുടെ പെരുമാറ്റം, സുരക്ഷ, ലിംഗ മനോഭാവം, വൈവിധ്യവും വിവേചനവും തുടങ്ങിയ സാമൂഹ്യ സൂചകങ്ങൾ ഉൾക്കൊള്ളുന്ന ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയറിൽ കേരളം മുന്നിലെന്ന് ഇന്ത്യാ ടുഡേ സർവേ. വിശകലന സ്ഥാപനമായ ഹൗ ഇന്ത്യ ലിവ്‌സുമായി സഹകരിച്ച് ഇന്ത്യാ ടുഡേ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. വ്യത്യസ്ത സാമൂഹിക സൂചകങ്ങൾ ഉൾക്കൊള്ളുന്ന ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയർ സർവേയിൽ കേരളം ഒന്നാമതെത്തിയപ്പോൾ തമിഴ്നാട് രണ്ടാമതും പശ്ചിമ ബംഗാൾ മൂന്നാമതുമാണ്. മഹാരാഷ്ട്ര, ഒഡീഷ, ഹിമാചൽപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്. ചണ്ഡീഗഡ്. ഡൽഹി, തെലങ്കാന എന്നിവയാണ് പട്ടികയിൽ ആദ്യ പത്ത് സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത്. 21 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നടത്തിയ സർവേയിൽ ഉത്തർപ്രദേശും പഞ്ചാബുമാണ് ഏറ്റവും ദുർബലമായ സാമൂഹിക സൂചകങ്ങളുമായി ഏറ്റവും പിന്നിലുള്ളത്.
പൗരന്മാരുടെ പെരുമാറ്റമെന്ന സൂചകത്തിൽ പൊതു നിയമങ്ങൾ പാലിക്കുന്നതാണ് വിലയിരുത്തപ്പെട്ടത്. ഭരണ സംവിധാനങ്ങളുടെ പരാജയവും സർക്കാരിന്റെ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിലെ വെല്ലുവിളിയുമാണ് സർവേ ഡാറ്റകളിൽ വെളിപ്പെടുന്നതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 61 ശതമാനം പേരും കാര്യങ്ങൾ ചെയ്തു തീർക്കാൻ കൈക്കൂലി നൽകാൻ തയ്യാറായിരുന്നുവെന്നും ഉത്തർപ്രദേശ് പട്ടികയിൽ ഒന്നാമതെത്തിയെന്നും സർവേ വെളിപ്പെടുത്തി. നികുതി ഒഴിവാക്കാൻ സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകൾക്കായി പണം നൽകാൻ 52 ശതമാനം പേർ തയ്യാറാണെന്നും സർവേ കണ്ടെത്തി. പൗരന്മാരുടെ പെരുമാറ്റം സംബന്ധിച്ച പട്ടികയിൽ തമിഴ്നാടാണ് ഒന്നാമത്. പശ്ചിമബംഗാൾ രണ്ടാമതും ഒഡീഷ മൂന്നാമതും ഡൽഹി നാലാമതും കേരളം അഞ്ചാമതുമാണ്.
ലിംഗ മനോഭാവങ്ങളെക്കുറിച്ചുള്ള സർവേയിൽ കേരളമാണ് ഒന്നാമത്. ലിംഗസമത്വവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളിൽ കേരളം ഏറ്റവും പുരോഗമനപരമായ നിലപാടോടെ ഒന്നാം സ്ഥാനത്തും ഉത്തർപ്രദേശ് ഏറ്റവും പിന്നാലുമാണെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഉത്തരാഖണ്ഡ് രണ്ടാമതും തമിഴ്നാട് മൂന്നാമതും ഹിമാചൽപ്രദേശ് നാലാമതും മഹാരാഷ്ട്ര അഞ്ചാമതുമാണ്.
സർവേയിൽ പങ്കെടുത്തവരിൽ ഏകദേശം 93 ശതമാനം പേർ പെൺമക്കൾക്ക് ആൺകുട്ടികളെപ്പോലെ തന്നെ വിദ്യാഭ്യാസ അവസരങ്ങൾ അർഹിക്കുന്നുവെന്ന് പറഞ്ഞുവെന്നും, 84 ശതമാനം പേർ സ്ത്രീകൾ സ്വന്തം സംസ്ഥാനത്തിന് പുറത്ത് തങ്ങളുടെ കരിയർ പിന്തുടരണമെന്ന് ചൂണ്ടിക്കാണിച്ചുവെന്നുമാണ് സർവെ പറയുന്നത്. പ്രധാന കുടുംബ തീരുമാനങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പുരുഷ കുടുംബാംഗങ്ങളാണെന്ന് 69 ശതമാനം പേർ ഇപ്പോഴും വാദിക്കുന്നുണ്ടെന്നും സർവേ വെളിപ്പെടുത്തുന്നു.
പൊതുജന സുരക്ഷയെന്ന ഘടകം പരിശോധിക്കുമ്പോഴും കേരളമാണ് ഒന്നാമത്. ഹിമാചൽ പ്രദേശ് രണ്ടാമതും ഒഡീഷ മൂന്നാമതുമാണ്. പശ്ചിമബംഗാൾ നാലാമതെത്തിയപ്പോൾ മഹാരാഷ്ട്രയാണ് അഞ്ചാമത്. 'ഏറ്റവും നന്നായി പെരുമാറുന്ന' സംസ്ഥാനം തമിഴ്‌നാടാണെന്നും ഏറ്റവും മോശം സംസ്ഥാനം കർണാടകയാണെന്നുമാണ് സർവേ ഫലം. കർണാടകയിൽ പ്രതികരിച്ചവരിൽ 79 ശതമാനം പേരും പീഡനം ഒരു പതിവ് പ്രശ്‌നമാണെന്നാണ് അഭിപ്രായപ്പെട്ടത്. പൊതുഗതാഗത സംവിധാനത്തിൽ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്ന് സർവേയിൽ പങ്കെടുത്ത 86 ശതമാനം പേർ അഭിപ്രായപ്പെട്ടു. എന്നാൽ ഏകദേശം 44 ശതമാനം സ്ത്രീകളും പീഡനം നേരിടുന്നതായാണ് അഭിപ്രായം പറഞ്ഞത്.
മതപരവും ജാതിപരവുമായ വൈവിധ്യത്തെ അംഗീകരിക്കുന്ന പട്ടികയിലും കേരളമാണ് മുന്നിൽ. മധ്യപ്രദേശാണ് ഏറ്റവും പിന്നിൽ. ഹിമാചൽ പ്രദേശ് രണ്ടാമതും ഒഡീഷ മൂന്നാമതുമാണ്. പശ്ചിമ ബംഗാൾ നാലാമതും മഹാരാഷ്ട്ര അഞ്ചാമതുമാണ്. സർവേയിൽ പങ്കെടുത്തവരിൽ 70 ശതമാനം പേരും തങ്ങളുടെ അയൽപക്കങ്ങളിലെ മതപരമായ വൈവിധ്യത്തെ സ്വാഗതം ചെയ്യുന്നതായി കണ്ടെത്തി. 60 ശതമാനം പേർ ജോലിസ്ഥലത്തെ നിയമനത്തിലെ മതപരമായ വിവേചനത്തെ എതിർക്കുന്നു. ഇവിടെയും കേരളം മുന്നിലാണെന്നാണ് സർവെ പറയുന്നത്. മതത്തെ അടിസ്ഥാനമാക്കി വിവേചനം കാണിക്കാനുള്ള തൊഴിലുടമയുടെ അവകാശത്തെ 88 ശതമാനം പേർ എതിർക്കുന്നു. മിശ്രവിവാഹങ്ങൾക്കെതിരായ എതിർപ്പും സർവെയിൽ പ്രകടമായി. പ്രതികരിച്ചവരിൽ 61 ശതമാനം പേർ മിശ്ര വിവാഹങ്ങളെ എതിർക്കുമ്പോൾ 56 ശതമാനം പേർ രണ്ടാമത്തേതിനെ എതിർക്കുന്നുവെന്നാണ് ഇന്ത്യാ ടുഡേ ചൂണ്ടിക്കാണിക്കുന്നത്.
ഹൗ ഇന്ത്യ ലൈവ്സ് (എച്ച്ഐഎൽ), കാഡൻസ് ഇന്റർനാഷണൽ എന്നിവയുമായി സഹകരിച്ചാണ് ഇന്ത്യാ ടുഡേ ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയർ സർവേ നടത്തിയത്. 21 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 98 ജില്ലകളിൽ നിന്നുള്ള 9,188 ആളുകളാണ് സർവെയിൽ പങ്കെടുത്തത്. പങ്കെടുത്തവരിൽ 54.4 ശതമാനം പേർ നഗരപ്രദേശത്ത് നിന്നുള്ളവരും 45.6 ശതമാനം പേർ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരുമാണ്.
നാല് വിഷയങ്ങളിലായി 30 ചോദ്യങ്ങളാണ് സർവേയിൽ ചോദിച്ചത്. പൗരന്മാരുടെ പെരുമാറ്റം (സമൂഹ പ്രവർത്തനങ്ങളിലെ പങ്കാളിത്തം, പൊതു നിയമങ്ങൾ പാലിക്കൽ) എന്ന തലക്കെട്ടിൽ 12 ചോദ്യങ്ങൾളാണ് ഉണ്ടായിരുന്നത്. പൊതു സുരക്ഷ (നിയമപാലനത്തിലുള്ള വിശ്വാസം, വ്യക്തിഗത സുരക്ഷാ ധാരണകൾ) എന്ന തലക്കെട്ടിൽ ആറ് ചോദ്യങ്ങളും ലിംഗ മനോഭാവം (ലിംഗപരമായ റോളുകളെയും സമത്വത്തെയും കുറിച്ചുള്ള വീക്ഷണങ്ങൾ) എന്നതിൽ ഏഴ് ചോദ്യങ്ങളും ഉണ്ടായിരുന്നു. വൈവിധ്യവും വിവേചനവും (ജാതി, മതം അല്ലെങ്കിൽ വംശീയതയെ അടിസ്ഥാനമാക്കിയുള്ള പക്ഷപാതം) എന്ന തലക്കെട്ടിൽ അഞ്ച് ചോദ്യങ്ങളും ഇടംപിടിച്ചിരുന്നുവെന്നാണ് ഇന്ത്യാ ടുഡേ ചൂണ്ടിക്കാണിക്കുന്നത്.
Content Highlights: Mapping India's GDB Survey reveals how states fare in social behaviour