നേവി ഉദ്യോഗസ്ഥൻ്റെ കൊലപാതകം: ഭാര്യയ്ക്ക് ബോളിവുഡ് നടിയാകണം; കാമുകന് ദുർമന്ത്രവാദ ബന്ധമെന്ന് പൊലീസ്

കേസിൽ പ്രതിയായ ഭാര്യയുടെ സുഹൃത്ത് സാഹിലിൻ്റെ വീട്ടിലെ മുറിയിൽ നിന്ന് ഡ്രാഗണുകളുടെ രേഖാചിത്രങ്ങളും മറ്റ് ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട ചിത്രങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു

dot image

ന്യൂഡൽഹി:ഉത്തർപ്രദേശിലെ മീററ്റിൽ നേവി ഉദ്യോഗസ്ഥനെ ഭാര്യ മുസ്കാനും പുരുഷ സുഹൃത്ത് സഹിൽ ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സൗരഭ് രജ്പുതിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയ ശേഷം തലയും കൈകളും കാമുകൻ്റെ വീട്ടിൽ കൊണ്ടുപോയി മന്ത്രവാദം നടത്തിയതായി പൊലീസ് വ്യക്തമാക്കി.

സൗരഭിന്റെ മുറിച്ചുമാറ്റിയ തലയും കൈകളും സാഹിൽ തൻ്റെ മുറിയിലേക്ക് കൊണ്ടുപോയി ദുർ മന്ത്രവാദം നടത്തുകയും പിന്നീട് മുസ്‌കാന്റെ വീട്ടിലേക്ക് തിരികെ എത്തിക്കുകയും ചെയ്തതായാണ് പൊലീസ് സംശയിക്കുന്നത്. തുടർന്ന് ഇരുവരും ചേർന്ന് ശരീരഭാഗങ്ങൾ സിമന്റ് ഡ്രമ്മിൽ നിക്ഷേപിച്ചതായാണ് പൊലീസ് പറയുന്നത്.

കേസിൽ പ്രതിയായ ഭാര്യയുടെ സുഹൃത്ത് സാഹിലിൻ്റെ വീട്ടിലെ മുറിയിൽ നിന്ന് ഡ്രാഗണുകളുടെ രേഖാചിത്രങ്ങളും മറ്റ് ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട ചിത്രങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾക്ക് ദുർമന്ത്രവാദവുമായി ബന്ധമുണ്ടെന്ന് പൊലീസ് വിലയിരുത്തുന്നത്. സാഹിലിൻ്റെ മുറിയിൽ പരിശോധന നടത്തിയപ്പോൾ ഒരു പൂച്ചയെയും ചിതറി കിടക്കുന്ന നിരവധി ബിയർ കുപ്പികളും പൊലീസ് കണ്ടെത്തിയിരുന്നു.

മയക്കുമരുന്നിന് അടിമയായിരുന്ന സാഹിൽ അന്ധവിശ്വാസങ്ങളിലും ദുർ മന്ത്രവാദത്തിലും വിശ്വാസിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സാഹിൽ കൂടുതൽ സമയവും വീട്ടിൽ ചെലവഴിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. സാഹിലിന്റെ അമ്മ വളരെക്കാലം മുമ്പ് മരിച്ചു. അച്ഛൻ നോയിഡയിലാണ് താമസിക്കുന്നത്.

സാഹിലിന്റെ അന്ധവിശ്വാസങ്ങളെ മുസ്‌കാൻ മുതലെടുത്തതായും പൊലീസ് സംശയിക്കുന്നുണ്ട് . മുസ്‌കാൻ വ്യാജ സ്‌നാപ്ചാറ്റ് അക്കൗണ്ടുകളിലൂടെ മരിച്ചുപോയ അമ്മയാണെന്ന് പറഞ്ഞ് സാഹിലിന് ടെക്‌സ്‌റ്റ് മെസേജ് അയയ്‌ക്കുകയും സൗരഭിനെ കൊല്ലാൻ പ്രേരിപ്പിക്കുകയും ചെയ്‌തിരുന്നതായും പൊലീസ് പറയുന്നു.

അതേസമയം മുൻ നേവി ഉദ്യോഗസ്ഥൻ ലണ്ടനിൽ നിന്ന് വലിയ തുകയുമായാണ് തിരിച്ചെത്തിയതെന്ന് സൗരഭിന്റെ സഹോദരൻ ബബ്ലു അവകാശപ്പെട്ടു. ബോളിവുഡ് നടിയാകാൻ വേണ്ടി ഭാര്യ മുസ്‌കൻ റസ്‌തോഗി പലതവണ വീട്ടിൽ നിന്ന് പോയിട്ടുണ്ടെന്നും ഇത് ദമ്പതികൾക്കിടയിൽ തർക്കങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും സഹോദരൻ വെളിപ്പെടുത്തി. ഈ തർക്കങ്ങൾ കാരണം 2021-ൽ വിവാഹമോചന കേസും ഫയൽ ചെയ്തിരുന്നതായും സഹോദരൻ ബബ്ലു പറഞ്ഞു.

സൗരഭിന്റെ പണം ഉപയോഗിച്ച് മുസ്‌കാൻ സ്ഥലവും ഐഫോണും വാങ്ങിയിരുന്നതായും ബബ്ലു പറഞ്ഞു. പാസ്‌പോർട്ട് പുതുക്കുന്നതിനായാണ് സൗരഭ് ഇന്ത്യയിലേക്ക് വന്നതെന്നും സഹോദരൻ പറഞ്ഞു. മുസ്‌കന്റെ മാതാപിതാക്കളും ഗൂഢാലോചനയിൽ പങ്കാളികളാണെന്നും അവളുടെ കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും ബബ്‌ലു ആരോപിച്ചു.

എന്നാൽ തന്റെ അച്ഛനാണ് വീട്ടുചെലവുകൾ വഹിക്കുന്നതെന്നാണ് മുസ്‌കാൻ്റെ അവകാശവാദം, സാമ്പത്തിക തർക്കങ്ങളെച്ചൊല്ലി സൗരഭുമായി തർക്കമുണ്ടാകാറുണ്ടായിരുന്നെന്നും മുസ്കാൻ മൊഴി നൽകിയിട്ടുണ്ട്.

മാർച്ച് നാലിനാണ് ഭാര്യ മുസ്കാൻ റസ്‌തോഗിയും കാമുകൻ സാഹില് ശുക്ലയും ചേർന്ന് കൊലപ്പെടുത്തിയത്. മൃതദേഹം 15 കഷണങ്ങളാക്കി വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിൽ സിമന്റിട്ട് മൂടുകയായിരുന്നു. മുസ്‌കാനും സാഹിലും തമ്മിലുള്ള വിവാഹേതര ബന്ധമാണ് കൊടുംക്രൂരയിലേക്ക് നയിച്ചത്.

Content Highlight : Navy officer's murder; Police suspect witchcraft links between wife and lover

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us