
ലഖ്‌നൗ: സംഭല്‍ ഷാഹി ജമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫര്‍ അലിയെ അറസ്റ്റ് ചെയ്ത് ഉത്തര്‍ പ്രദേശ് പൊലീസ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 24ന് സംഭലിലുണ്ടായ സംഘര്‍ഷത്തില്‍ സഫര്‍ അലിക്ക് പങ്കുണ്ടെന്നും, ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചാണ് അറസ്റ്റ്. അക്രമത്തില്‍ സഫര്‍ അലിക്ക് പങ്കുണ്ടെന്നതിന്റെ തെളിവ് തങ്ങള്‍ക്ക് ലഭിച്ചെന്ന് സംഭല്‍ പൊലീസ് സൂപ്രണ്ട് കൃഷന്‍ കുമാര്‍ ബിഷ്‌ണോയി പറഞ്ഞു. ഇന്ന് രാവിലെയാണ് സഫര്‍ അലിയെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും പിടിച്ചുകൊണ്ടുപോകുന്നത്. തുടര്‍ന്ന് കോട്‌വാലി പൊലീസ് സ്റ്റേഷനില്‍ വെച്ച് ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നുവെന്നും കൃഷന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം അക്രമത്തില്‍ തനിക്ക് പങ്കില്ലെന്ന് പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ സഫര്‍ അലി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാളെ ജൂഡീഷ്യല്‍ പാനലിന് മുമ്പാകെ മൊഴി നല്‍കുന്നതിന് മുന്നോടിയായി പൊലീസ് മനപ്പൂര്‍വം സഫര്‍ അലിയെ അറസ്റ്റ് ചെയ്തതാണെന്ന് സഹോദരന്‍ താഹിര്‍ അലി പ്രതികരിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാരാണ് ജൂഡിഷ്യല്‍ പാനലിനെ നിയമിച്ചത്.
കലാപത്തിന്റെ സമയത്ത് പൊലീസ് വെടിയുതിര്‍ത്തെന്നും, കൊല്ലപ്പെട്ടവരെല്ലാം വെടിയുണ്ടയേറ്റാണ് കൊല്ലപ്പെട്ടതെന്നും സഫര്‍ അലി നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ മൊഴി സഫര്‍ മാറ്റിപ്പറയില്ലെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. പൊലീസ് കൊണ്ടുപോകുന്നതിന് മുമ്പായി താന്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും സത്യത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ തയ്യാറല്ലെന്നും സഫര്‍ പറഞ്ഞതായും താഹിര്‍ അലി പറഞ്ഞു. 'സംഭല്‍ ഭരണകൂടം മനപ്പൂര്‍വം അസ്വസ്ഥതയുണ്ടാക്കുകയാണ്. പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഭരണകൂടം ശ്രമിക്കുന്നില്ല. ഞങ്ങള്‍ സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാ പൊലീസുദ്യോഗസ്ഥരും മുതിര്‍ന്ന ഉദ്യോഗസ്ഥരും കൂടുതല്‍ സംഘര്‍ഷമുണ്ടാക്കുകയാണ്', താഹിര്‍ അലി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 19ന് ഷാഹി ജുമാ മസ്ജിദില്‍ അഡ്വക്കേറ്റ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. നവംബര്‍ 24 ന് രണ്ടാംഘട്ട സര്‍വേക്ക് അഡ്വക്കേറ്റ് കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് പ്രതിഷേധം നടന്നത്. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൊലീസ് തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ അന്ന് തന്നെ പറഞ്ഞിരുന്നു.
ഹരിഹര്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിര്‍മിച്ചതെന്ന ആരോപണവുമായി അഭിഭാഷകരായ വിഷ്ണു ശങ്കര്‍ ജെയിനും പിതാവ് ഹരിശങ്കര്‍ ജെയിനും സിവില്‍ കോടതിയെ സമീപിച്ചിരുന്നു. ഗ്യാന്‍വാപി-കാശി വിശ്വനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ മസ്ജിദുകള്‍ക്കെതിരെ ഹര്‍ജി നല്‍കിയത് വിഷ്ണു ശങ്കറും ഹരിശങ്കറുമായിരുന്നു. ഹരിഹര്‍ മന്ദിര്‍ എന്നറിയപ്പെടുന്ന ക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ തകര്‍ക്കുകയും അവിടെ മസ്ജിദ് പണിയുകയായിരുന്നു എന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. തുടര്‍ന്നാണ് സര്‍വേ നടത്താന്‍ തീരുമാനിച്ചത്.
Content Highlights: UP police arrested Sambhal Masjid president