
ന്യൂഡല്‍ഹി: വഖഫ് ബില്ലിന്റെ പേരില്‍ പരിഭ്രാന്തി പരത്താന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂനപക്ഷത്തെ ഭയപ്പെടുത്തി വോട്ട് ബാങ്കായി നിര്‍ത്താനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ബില്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും അമിത് ഷാ പറഞ്ഞു. വഖഫ് ബില്ലിനെച്ചൊല്ലിയുള്ള ചര്‍ച്ചയില്‍ ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
'ബില്‍ മുസ്‌ലിം വിരുദ്ധമല്ല. വഖഫിലെ അഴിമതി അവസാനിപ്പിക്കാനാണ് ബില്‍. ന്യൂനപക്ഷങ്ങളുടെ ഉന്നമനമാണ് ലക്ഷ്യം. പ്രതിപക്ഷം രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു. ബില്ലിലെ ഭേദഗതികള്‍ മതപരമായ സംഘര്‍ഷം സൃഷ്ടിക്കില്ല. കോണ്‍ഗ്രസ് 123 ഡല്‍ഹി സ്വത്ത് വഖഫിന് സമ്മാനം നല്‍കി. ബില്‍ ആരുടെയും അവകാശം തട്ടിയെടുക്കില്ല', അമിത് ഷാ പറഞ്ഞു.
തമിഴ്‌നാട്ടില്‍ 100 കണക്കിന് വര്‍ഷം പഴക്കമുള്ള ക്ഷേത്രം വഖഫിന് എഴുതിക്കൊടുത്തെന്നും ദാനംകിട്ടിയ ഭൂമിയാണ് വഖഫ് എന്നുപറയുന്നതെന്നും അമിത് ഷാ പറഞ്ഞു. ആ വസ്തുവകകളുടെ പരിപാലനത്തിനാണ് വഖഫ് ബോര്‍ഡെന്നും അമിത് ഷാ പറഞ്ഞു. വഖഫില്‍ ആര്‍ജെഡിക്ക് കാപട്യമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
'2001ല്‍ ലാലു പ്രസാദ് യാദവ് പറഞ്ഞത് വഖഫ് സ്വത്ത് തട്ടിയെടുക്കുന്നു എന്നാണ്. അതില്‍ നിയമം ആവശ്യപ്പെട്ടതും ലാലുപ്രസാദ് യാദവാണ്. ലാലുവിന്റെ ആവശ്യം മോദി ഇന്ന് സാക്ഷാത്കരിച്ചു. വഖഫ് ഉത്തരവുകള്‍ പുതിയ നിയമത്തില്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയും. വഖഫിന്റെ കയ്യില്‍ ധാരാളം സ്വത്തുണ്ട്, എന്നാല്‍ വരുമാനം കുറവാണെന്ന് പറയുന്നു. കണക്കുകളില്‍ ദുരൂഹതയുണ്ട്', അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സഭകള്‍ ബില്ലിനെ പിന്തുണയ്ക്കുന്നുണ്ടെന്നും പ്രതിപക്ഷത്തിന് വോട്ട് ബാങ്കാണ് പ്രധാനമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. മോദി സര്‍ക്കാര്‍ വോട്ട് ബാങ്കിനായി ഒരു ബില്ലും കൊണ്ടുവരില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെ നിയമം കൊണ്ടുവന്നത് ബിജെപിയാണെന്നും അമിത് ഷാ പറഞ്ഞു.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ആര്‍ജെഡിയുടെ പ്രതിഷേധമെന്നും അമിത് ഷാ പരിഹസിച്ചു. എല്ലാവരും നിയമത്തെ അംഗീകരിക്കും. തങ്ങള്‍ മുസ്‌ലിം വിഭാഗത്തെ ഭയപ്പെടുന്നില്ലെന്നും പ്രതിപക്ഷമാണ് ഭയപ്പെടുന്നതെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷത്തിന് അവര്‍ വോട്ടുബാങ്കാണെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം ആഭ്യന്തരമന്ത്രി ന്യൂനപക്ഷത്തിന്റെ രക്ഷകനായി ചമയുകയാണെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. 2025ലെ ഏറ്റവും വലിയ തമാശയാണിത്. മാനസികവും ശാരീരികവും സാമൂഹികവുമായി ന്യൂനപക്ഷങ്ങളെ വേട്ടയാടിയ സര്‍ക്കാരാണ് ഇതെന്നും ന്യൂനപക്ഷത്തോട് തുടരുന്നത് അനീതിയാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഈ ബില്ലു കൊണ്ടുവന്നത് വലിയ ഉദാഹരണമാണെന്നും ബില്ല് എല്ലാ അധികാരവും സര്‍ക്കാരിന് നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Amit Shah supports Waqf bill and E T Muhammad Basheer against it on Lok Sabha