സുരേഷ് ഗോപിക്ക് രാഷ്ട്രീയവും സിനിമയും വേർതിരിച്ച് കാണാൻ കഴിയുന്നില്ല; പ്രസ്താവന കേരളത്തോടുള്ള അവഹേളനം: ഇ പി

ഭരണഘടനാപരമായി പാസാക്കിയ പ്രമേയത്തെയാണ് സുരേഷ് ഗോപി അവഹേളിച്ചതെന്ന് ഇ പി ജയരാജന്‍

dot image

മധുര: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐഎം നേതാവ് ഇ പി ജയരാജന്‍. സുരേഷ് ഗോപി ലോക്‌സഭയില്‍ നടത്തിയ പ്രസ്താവന കേരളത്തോടുള്ള അവഹേളനമാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയവും സിനിമയും വേര്‍തിരിച്ചു കാണാന്‍ സുരേഷ് ഗോപിക്ക് കഴിയുന്നില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ഭരണഘടനാപരമായി പാസാക്കിയ പ്രമേയത്തെയാണ് അവഹേളിച്ചതെന്നും ഇ പി കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭയിലെ വഖഫ് ബില്ലിലെ ചര്‍ച്ചയില്‍ കേരളം പാസാക്കിയ പ്രമേയത്തിനെതിരെ സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. ബില്ലിന് എതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം നാളെ ബില്‍ പാസാക്കുന്നതോടെ അറബിക്കടലില്‍ മുങ്ങുമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. അതിനായി കാത്തിരിക്കൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇ പി ജയരാജൻ രംഗത്തെത്തിയത്.

വഖഫ് ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ ലോക്‌സഭയില്‍ പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോരുണ്ടായിരുന്നു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ലോക്‌സഭയില്‍ വഖഫ് ബില്ലിനുള്ള പ്രമേയം അവതരിപ്പിച്ചത്. ജെപിസിയില്‍ വിശാല ചര്‍ച്ച നടന്നുവെന്നും വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് ബില്ല് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ബില്‍ മുസ്‌ലിം വിരുദ്ധമല്ലെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ പറഞ്ഞു. വഖഫിലെ അഴിമതി അവസാനിപ്പിക്കാനാണ് ബിൽ. ന്യൂനപക്ഷങ്ങളുടെ ഉന്നമനമാണ് ലക്ഷ്യം. പ്രതിപക്ഷം രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണ് സര്‍ക്കാരിന്റെ അജണ്ടയെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. ന്യൂനപക്ഷത്തിനെതിരല്ല ബില്‍ എന്നാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആവര്‍ത്തിച്ച് പറയുന്നത്. കുറ്റബോധമാണ് മന്ത്രിയെക്കൊണ്ട് ഇത് പറയിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. മുനമ്പത്ത് നീതി ലഭിക്കണം എന്നാണ് തങ്ങളുടെ താല്‍പര്യമെന്നും മുനമ്പത്തിന്റെ പേരില്‍ രാഷ്ട്രീയ താല്‍പര്യം നടപ്പാക്കരുതെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.

മുസ്‌ലിം ജനവിഭാഗം രാജ്യത്തിന്റെ ശത്രുക്കളാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നായിരുന്നു കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞത്. വഖഫ് ബില്ല് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനും മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്താനും മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിക്രമിച്ച് കടക്കുന്നതിന്റെ അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കാനും ഈ ബില്ല് ഉദ്ദേശിക്കുന്നുവെന്നും കെ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: EP Jayarajan against Suresh Gopi on Waqf bill

dot image
To advertise here,contact us
dot image