
ന്യൂഡല്‍ഹി: പതിനാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകൾക്കും വോട്ടെടുപ്പിനും ഒടുവിൽ വഖഫ് ബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ഭേദഗതികൾ തള്ളിയാണ് ബിൽ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 288 അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ 232 അംഗങ്ങൾ എതിർത്തു.
എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, കെ സി വേണുഗോപാല്‍, മുഹമ്മദ് ജാവേദ്, അസസുദ്ദീന്‍ ഒവൈസി, കെ രാധാകൃഷ്ണൻ, ഇ ടി മുഹമ്മദ് ബഷീർ അടക്കമുള്ളവർ മുന്നോട്ടുവെച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളി. ഇതോടെ ബിൽ ലോക്സഭ കടന്നു. രാജ്യസഭയിലും കൂടി പാസാക്കിയ ശേഷം രാഷ്ട്രപതി കൂടി ഒപ്പുവെച്ചാൽ വഖഫ് നിയമഭേദഗതി പ്രാബല്യത്തിൽ വരും.
മികച്ച ചര്‍ച്ചയാണ് ഉണ്ടായതെന്ന് കേന്ദ്ര പാർലമെൻ്റ്കാര്യ മന്ത്രി കിരണ്‍ റിജിജു മറുപടി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. എല്ലാവരും അവരുടെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. വഖഫ് സ്വത്തുക്കള്‍ നിയമവിധേയമാക്കുകയാണ് ലക്ഷ്യം. ബില്‍ മുസ്‌ലിം വിരുദ്ധമല്ല. ട്രിബ്യൂണലില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. ഇതിനെല്ലാം പുതിയ ബില്ലിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്നും കിരൺ റിജിജു പറഞ്ഞു.
ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും തെറ്റായ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും കിരൺ റിജിജു പറഞ്ഞു. കൃത്യമായ തെളിവുകള്‍ ഇല്ലാതെ ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറയുന്നത് ശരിയല്ല. ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് തെളിവ് ഉണ്ടാകണമെന്നും കിരണ്‍ റിജിജു പറഞ്ഞു. രാജ്യത്തെ വിഭജിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ആറ് ന്യൂന പക്ഷങ്ങള്‍ രാജ്യത്തുണ്ട്. പാഴ്‌സിയാണ് ഏറ്റവും ചെറിയ കമ്യൂണിറ്റി. അവരെ നിങ്ങള്‍ കാണുന്നില്ലേയെന്ന് പ്രതിപക്ഷത്തോട് കേന്ദ്ര മന്ത്രി ചോദിച്ചു. മോദി സര്‍ക്കാര്‍ അവരെ കാണുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് ഹിന്ദുസ്ഥാനില്‍ ലഭിക്കുന്ന സുരക്ഷ ലോകത്തൊരിടത്തും ലഭിക്കുന്നില്ല. മുഴുവന്‍ എംപിമാരും ബില്ലിനെ പിന്തുണയ്ക്കണമെന്നും കിരണ്‍ റിജിജു ആവശ്യപ്പെട്ടിരുന്നു.
വഖഫ് ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണ് സര്‍ക്കാരിന്റെ അജണ്ടയെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞിരുന്നു. ന്യൂനപക്ഷത്തിനെതിരല്ല ബില്‍ എന്നാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആവര്‍ത്തിച്ച് പറയുന്നത്. കുറ്റബോധമാണ് മന്ത്രിയെക്കൊണ്ട് ഇത് പറയിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. മുനമ്പത്ത് നീതി ലഭിക്കണം എന്നാണ് തങ്ങളുടെ താല്‍പര്യമെന്നും മുനമ്പത്തിന്റെ പേരില്‍ രാഷ്ട്രീയ താല്‍പര്യം നടപ്പാക്കരുതെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.
മുസ്‌ലിം ജനവിഭാഗം രാജ്യത്തിന്റെ ശത്രുക്കളാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നായിരുന്നു കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞത്. വഖഫ് ബില്ല് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനും മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്താനും മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിക്രമിച്ച് കടക്കുന്നതിന്റെ അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കാനും ഈ ബില്ല് ഉദ്ദേശിക്കുന്നുവെന്നും കെ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: Lok Sabha passed Waqf Bill