
ന്യൂഡൽഹി: സർക്കാരിനെ അനൗദ്യോഗികമായി നിയന്ത്രിക്കുന്നത് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഭർത്താവ് മനീഷ് ഗുപ്തയാണെന്ന പ്രതിപക്ഷ നേതാവ് അതിഷിയുടെ ആരോപണത്തിൽ വിവാദം കനക്കുന്നു. അതിഷിയുടെ പ്രതികരണത്തിനെതിരെ ബിജെപി രംഗത്തെത്തിയതോടെയാണ് വിഷയം രാഷ്ട്രീയ വിവാദമായി മാറിയിരിക്കുന്നത്. അതിഷിയുടെ ആരോപണം അപമാനിക്കുന്നതാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവയുടെ മറുപടി.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് ഡൽഹിയിൽ അനൗദ്യോഗികമായി ഭരണം നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഭർത്താവാണ് എന്ന ആരോപണം അതിഷി ഉന്നയിച്ചത്. ഒരു ഫോട്ടോ തെളിവായി ഒപ്പം ചേർത്തായിരുന്നു അതിഷിയുടെ പോസ്റ്റ്. MCD, DJB, PWD, DUSIB തുടങ്ങിയ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ രേഖ ഗുപ്തയുടെ ഭർത്താവ് പങ്കെടുക്കുന്ന ചിത്രമായിരുന്നു അതിഷി പോസ്റ്റിനൊപ്പം പങ്കുവെച്ചത്.
'ഈ ഫോട്ടോ ശ്രദ്ധാപൂർവ്വം നോക്കൂ. എം.സി.ഡി, ഡി.ജെ.ബി, പി.ഡബ്ല്യു.ഡി, ഡി.യു.എസ്.ഐ.ബി എന്നിവയുടെ ഉദ്യോഗസ്ഥരുടെ യോഗം നടത്തുന്നത് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഭർത്താവ് മനീഷ് ഗുപ്തയാണ്' എന്നായിരുന്നു അതിഷിയുടെ പോസ്റ്റിൽ കുറിച്ചിരുന്നത്.
തിരഞ്ഞെടുക്കപ്പെട്ട വനിതാ സർപഞ്ചിന്റെ ഭർത്താവ് പലപ്പോഴും അനൗദ്യോഗികമായി ഭരണപരമായ ചുമതലകൾ ഏറ്റെടുക്കുന്ന ഗ്രാമപഞ്ചായത്തുകളിലെ ഭരണ രീതികളുമായി ഡൽഹിയിലെ സാഹചര്യത്തെ താരതമ്യം ചെയ്തുള്ള പരിഹാസവും പോസ്റ്റിൽ അതിഷി പങ്കുവെച്ചിരുന്നു. 'ഗ്രാമത്തിൽ ഒരു വനിതാ സർപഞ്ച് തിരഞ്ഞെടുക്കപ്പെട്ടാൽ, എല്ലാ സർക്കാർ ജോലികളും അവരുടെ ഭർത്താവ് കൈകാര്യം ചെയ്യുമെന്ന് നേരത്തെ നമ്മൾ കേട്ടിരുന്നു. ഗ്രാമത്തിലെ സ്ത്രീകൾക്ക് സർക്കാർ ചുമതല എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലെന്ന് പറയപ്പെട്ടിരുന്നു. അതിനാൽ 'സർപഞ്ചിൻ്റെ ഭർത്താവ്' ആയിരിക്കും ജോലി കൈകാര്യം ചെയ്യുന്നത്. എന്നാൽ രാജ്യത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായിരിക്കണം ഒരു സ്ത്രീ മുഖ്യമന്ത്രിയുടെ ഭർത്താവ് അവർ കൈകാര്യം ചെയ്യേണ്ട സർക്കാർ ചുമതലകൾ കൈകാര്യം ചെയ്യുന്നത്' എന്നായിരുന്നു അതിഷിയുടെ പരിഹാസം.
തലസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി മുടക്കം, സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ് തുടങ്ങിയവ രേഖ ഗുപ്തയുടെ ഇടപെടലില്ലായ്മയുമായി ബന്ധപ്പെട്ടതാണോ എന്നും അതിഷി പോസ്റ്റിലൂടെ ചോദിച്ചിരുന്നു. 'രേഖ ഗുപ്തയ്ക്ക് സർക്കാർ ജോലികൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലേ? ഡൽഹിയിൽ എല്ലാ ദിവസവും നീണ്ട വൈദ്യുതി മുടക്കം ഉണ്ടാകുന്നതിന്റെ കാരണം ഇതാണോ? രേഖയ്ക്ക് വൈദ്യുതി കമ്പനികളെ കൈകാര്യം ചെയ്യാൻ കഴിയുന്നില്ലേ? സ്വകാര്യ സ്കൂളുകളുടെ ഫീസ് വർദ്ധിക്കുന്നതിന്റെ കാരണം ഇതാണോ? രേഖയ്ക്ക് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യാൻ കഴിയുന്നില്ലേ? അത് അങ്ങേയറ്റം അപകടകരമാണ്' എന്നും പോസ്റ്റിൽ അതിഷി ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാൽ അതിഷിയ്ക്കെതിരെ രൂക്ഷമായ ഭാഷയിൽ മറുപടി പറഞ്ഞ ബിജെപി മുഖ്യമന്ത്രി രേഖ ഗുപ്തയെ പിന്തുണയ്ക്കുകയും ചെയ്തു. 'അതിഷി ഒരു സ്ത്രീ എന്ന നിലയിൽ, മറ്റൊരു വനിതാ നേതാവിനെ അപമാനിക്കുന്നത് അതിശയകരമാണ്. രേഖ ഗുപ്ത DUSU സെക്രട്ടറിയിൽ നിന്ന് ഡൽഹി മുഖ്യമന്ത്രിയായി ഉയർന്നുവന്നിട്ടുണ്ട്. അവരുടെ ഭർത്താവ് അവരെ പിന്തുണയ്ക്കുന്നതിൽ നിയമവിരുദ്ധതയോ അധാർമ്മികതയോ ഇല്ല' എന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഭാര്യ സുനിത കെജ്‌രിവാൾ അറസ്റ്റിനുശേഷം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പൊതുജനങ്ങളെ അഭിസംബോധന ചെയ്തതിനെ ചൂണ്ടിക്കാണിച്ച് 'അത് ജനാധിപത്യത്തിന് അപമാനമായിരുന്നില്ലെ' എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ചോദിച്ചു.
Content highlights: Atishi alleges Rekha Gupta's husband running Delhi government, BJP hits back