ഡിജിറ്റല്‍ യുഗത്തിലും ഡിജിറ്റല്‍ അറസ്റ്റിന്റെ കാലത്തിലുമാണ് നാമിന്ന് ജീവിക്കുന്നത്. നിരവധിപ്പേരാണ് ഇപ്പോള്‍ ദിനംപ്രതി ഡിജിറ്റല്‍ അറസ്റ്റില്‍ കുടുങ്ങി പോകുന്നത്. ആവശ്യത്തിന് ബോധവല്‍ക്കരണങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും പലരും ഇപ്പോഴും ഡിജിറ്റല്‍ അറസ്റ്റിന് വിധേയരാകുകയാണ്.
ഇത്തരത്തിലുള്ള ഒരു അനുഭവമാണ് മുംബൈയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിജിറ്റല്‍ അറസ്റ്റ് വഴി മുംബൈ സ്വദേശിയായ 26 വയസുകാരിയുടെ ഒരു ലക്ഷത്തിലധികം പണം തട്ടിപ്പുകാര്‍ തട്ടിയെടുത്തു. യുവതിയെ വീഡിയോ കോള്‍ ചെയ്ത തട്ടിപ്പ് സംഘം വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയും കള്ളപ്പണക്കേസില്‍ യുവതിയുടെ പേരുമുണ്ടെന്ന് പറഞ്ഞ് 1.7 ലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു.
ബോറിവലി ഈസ്റ്റില്‍ താമസിക്കുന്ന യുവതി ഫാര്‍മക്യൂട്ടിക്കല്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. നവംബര്‍ 19നാണ് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍മാരെന്ന് പറഞ്ഞ് തട്ടിപ്പ് സംഘം യുവതിയെ ഫോണില്‍ വിളിക്കുന്നത്. ജയിലില്‍ കഴിയുന്ന ജെറ്റ് എയര്‍വേഴ്‌സിന്റെ സ്ഥാപക ചെയര്‍മാന്‍ നരേശ് ഗോയല്‍ പ്രതിയായ കള്ളപ്പണക്കേസിന്റെ അന്വേഷണത്തിന്റെയിടയില്‍ യുവതിയുടെ പേരുമുണ്ടായിരുന്നെന്ന് തട്ടിപ്പുകാര്‍ യുവതിയെ വിശ്വസിപ്പിച്ചു.
പിന്നാലെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീഡിയോ കോള്‍ ചെയ്യുകയും യുവതി ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് പറയുകയുമായിരുന്നു. ചോദ്യം ചെയ്യലിന് വേണ്ടി ഹോട്ടല്‍ മുറിയിലേക്ക് വരണമെന്നും തട്ടിപ്പുകാര്‍ യുവതിയോട് ആവശ്യപ്പെട്ടു. യുവതിയോട് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിനായി 1,78,000 രൂപ ആവശ്യപ്പെട്ടു. ശരീര പരിശോധനയ്ക്ക് വേണ്ടി വീഡിയോ കോളില്‍ യുവതിയോട് വസ്ത്രം അഴിച്ച് നില്‍ക്കാനും തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടിരുന്നു. യുവതി പണം തട്ടിപ്പുകാര്‍ക്ക് നല്‍കുകയും അവര്‍ ആവശ്യപ്പെട്ടതെല്ലാം ചെയ്യുകയും ചെയ്തു.
പിന്നീട് താന്‍ പറ്റിക്കപ്പെട്ടുവെന്ന് മനസിലാക്കിയ യുവതി നവംബര്‍ 28ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടും പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നേരത്തെയും നരേശ് ഗോയലിന്റെ പേര് പറഞ്ഞ് വര്‍ധ്മാന്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ശ്രീ പോള്‍ ഓസ്‌വാളില്‍ നിന്നും ഏഴ് കോടി തട്ടിയെടുത്തിരുന്നു.
എന്താണ് ഡിജിറ്റല്‍ അറസ്റ്റ്
സൈബര്‍ തട്ടിപ്പുകളുടെ വലിയ ലോകത്തെ ഒരു പുത്തന്‍ രീതിയാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആണെന്ന വ്യാജേന രംഗത്ത് വരുന്ന തട്ടിപ്പുകാര്‍ തങ്ങളുടെ ഇരകളെ കണ്ടെത്തി ഡിജിറ്റല്‍ അറസ്റ്റിന് വിധേയമാക്കുന്നു. അവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നു. പണം ലഭിക്കുന്നതോടെ മുങ്ങുന്നു. ഇതാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. സിബിഐയെന്നും ഇഡിയെന്നും പൊലീസെന്നും ടെലികോം ഏജന്‍സിയെന്നുമൊക്കെപ്പറഞ്ഞാണ് തട്ടിപ്പ് സംഘം ആളുകളെ സമീപിക്കുന്നത്.
മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള ക്രിമിനല്‍ കേസില്‍ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സി പിടികൂടിയതായി അവകാശപ്പെട്ട് ഏജന്‍സി ഉദ്യോഗസ്ഥരെന്ന വ്യാജേന പേടിപ്പിക്കുകയും ലക്ഷക്കണക്കിന് പണം ആവശ്യപ്പെടുകയും ചെയ്യും. ഇതിനായി വ്യാജരേഖകളാകും ഉപയോഗിക്കുക. അന്വേഷണ ഏജന്‍സികളുടെ ഓഫീസിനെ അനുകരിക്കുന്ന സ്റ്റുഡിയോകളും തട്ടിപ്പുകാര്‍ ഒരുക്കും. ഇതിനായി എഐ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളും ഇവര്‍ ഉപയോഗിക്കും. പണം ലഭിക്കുന്നതുവരെ വീഡിയോ കോള്‍ പ്ലാറ്റ്‌ഫോമുകളില്‍ ഇരയെ ഇവര്‍ നിര്‍ബന്ധിച്ച് ഇരുത്തും.
തട്ടിപ്പ് നടന്നതിന് ശേഷമുള്ള ആദ്യ 24 മണിക്കൂര്‍ വളരെ നിര്‍ണായകമാണ്. എത്രയും വേഗം 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ അറിയിക്കണം. നേരത്തെ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ പണം തിരിച്ച് കിട്ടാനുള്ള സാധ്യത കൂടുതലാണ്. പ്രതികളെ പിടികൂടാനും വലിയ തട്ടിപ്പുകളുടെ ചുരുളഴിക്കാനും ഇത് ഉപകാരപ്രദമാകും. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും നമുക്ക് പരാതി രജിസ്റ്റര്‍ ചെയ്യാം. ഓര്‍ക്കേണ്ട പ്രധാനകാര്യം സിബിഐയും ഇ ഡിയും പൊലീസുമൊന്നും ആരെയും വീഡിയോ കോളിലൂടെ അറസ്റ്റ് ചെയ്യാറില്ല എന്നതാണ്.
Content Highlights: Digital arrest reported in Mumbai