മൂന്ന് സിനിമകൾക്ക് പിന്നിലും ഒറ്റ പേര്; ട്രെയ്‌ലർ റിലീസിന് പിന്നാലെ വീണ്ടും ചർച്ചയായി നിഷാദ് യൂസഫ്

കരിയറിന്റെ ഏറ്റവും 'പീക്ക് ടൈം' എന്ന് വിളിക്കാൻ കഴിയുന്ന സമയത്താണ് അദ്ദേഹം വിടപറഞ്ഞത്

dot image

മലയാളത്തിലെ മൂന്ന് മുൻനിര സിനിമകളുടെ ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങിരിക്കുകയാണ്. തുടരും, ആലപ്പുഴ ജിംഖാന, ബസൂക്ക എന്നീ ചിത്രങ്ങളുടെ ട്രെയ്‌ലറുകളാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ഈ മൂന്ന് സിനിമകളുടെയും എഡിറ്റിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്നത് ഒരാളാണ്, നിഷാദ് യൂസഫ്. കഴിഞ്ഞ ഒക്ടോബറിലാണ് എഡിറ്റിങ് നിർവഹിച്ച സൂര്യ ചിത്രം

കങ്കുവ റിലീസിന് തയ്യാറെടുക്കവേ, അപ്രതീക്ഷിതമായി നിഷാദ് യൂസഫ് നമ്മളെ വിട്ടുപിരിഞ്ഞത്. കരിയറിന്റെ ഏറ്റവും 'പീക്ക് ടൈം' എന്ന് വിളിക്കാൻ കഴിയുന്ന സമയത്താണ് അദ്ദേഹം വിടപറഞ്ഞത്. മൂന്ന് വലിയ സിനിമകൾ വരാനിരിക്കെ വീണ്ടും പ്രേക്ഷക മനസിലേക്ക് എത്തുകയാണ് നിഷാദ് യൂസഫ്.

ഉണ്ട, തല്ലുമാല എന്നീ സിനിമകൾക്ക് ശേഷം മൂന്നാം തവണയായിരുന്നു ഖാലിദ് റഹ്മാനൊപ്പം നിഷാദ് വർക്ക് ചെയ്തത്. ആലപ്പുഴ ജിംഖാനയുടെ ട്രെയ്‌ലർ കാണുമ്പോൾ തല്ലുമാലയെപ്പോലെ നിഷാദിന്റെ എഡിറ്റിംഗ് മികവ് സിനിമയിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തല്ലുമാലയിലൂടെ എഡിറ്റിംഗിന്റെ മറ്റൊരു തലം നിഷാദ് പ്രേക്ഷകർക്ക് കാണിച്ചുകൊടുത്തു. ആ സിനിമയെ അടിമുടി ചടുലമാക്കിയതിൽ അദ്ദേഹത്തിന്റെ എഡിറ്റിംഗ് വഹിച്ച പങ്ക് ചെറുതല്ല. ആ സിനിമയിലൂടെ അദ്ദേഹത്തിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുകയും ചെയ്തു. ഒരുപറ്റം ചെറുപ്പക്കാരുടെ കഥപറയുന്ന ആലപ്പുഴ ജിംഖാനയിൽ അവരുടെ വേഗത്തിനൊപ്പം പിടിച്ചുനിൽക്കാൻ നിഷാദിന്റെ എഡിറ്റ് വളരെ വലിയ രീതിയിൽ സഹായകമാകുമെന്നത് ഉറപ്പാണ്.

തരുൺ മൂർത്തി ചിത്രം തുടരുമിന്റെ ട്രെയ്‌ലർ കാണുമ്പോൾ ഫാമിലി ഇമോഷൻസ് കലർന്ന ഒരു ത്രില്ലർ സിനിമയാകും എന്ന സൂചനയാണ് നൽകുന്നത്. ഒരു സത്യൻ അന്തിക്കാട് സിനിമയുടെ സ്വഭാവത്തോട് ചേർന്ന് നിൽക്കുകയും അതേസമയം അല്പം നിഗൂഢത ഒളിപ്പിച്ചുവെക്കുമ്പോഴും നിഷാദ് എന്ന എഡിറ്റർ തന്റെ കൈയ്യൊപ്പ് അതിൽ പതിച്ചിട്ടുണ്ടാകും എന്ന് ഉറപ്പാണ്.

കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ റിയലിസ്റ്റിക് കഥാപാത്രവുമായി ഒരു സിനിമ സ്‌ക്രീനിൽ വരുമ്പോൾ അതിലെ നിഷാദ് ടച്ചിനെ മലയാളികൾ മിസ് ചെയ്യുമെന്നതിൽ സംശയമില്ല.

മമ്മൂട്ടി ചിത്രമായ ബസൂക്ക അടുത്ത മാസം പുറത്തിറങ്ങാനിരിക്കെ അവിടെയും പ്രേക്ഷകര്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഫാക്റ്ററുകളിൽ ഒന്ന് നിഷാദ് യൂസഫ് ആണ്. സ്റ്റെെലിഷ് മേക്കിങ്ങും ആക്ഷന്‍ സീനുകളുമായാണ് ബസൂക്ക എത്തുന്നത്. ഇനി ഈ മൂന്ന് സിനിമകളും പുറത്തിറങ്ങുമ്പോൾ ബിഗ് സ്ക്രീനിൽ 'എഡിറ്റിംഗ് - നിഷാദ് യൂസഫ്' എന്ന് തെളിയുന്ന നേരത്ത് കരഘോഷങ്ങൾക്ക് പകരം ഒരു വേദന മാത്രമാകും ബാക്കി.

Content Highlights: Remembering editor Nishad Yusuf on the day of trailer release of Thudarum,Alapuzha Gymkhana and Bazooka

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us