
ചലച്ചിത്രം എന്ന നിലയ്ക്ക് എമ്പുരാന്‍ മികച്ചൊരു സൃഷ്ടിയാണ്. കെട്ടുറപ്പുള്ള കഥയും തിരക്കഥയും പൂര്‍ണമായും ആ കഥയോട് നീതി പുലര്‍ത്തുന്ന സംവിധാനവും ക്യാമറയും എഡിറ്റും എന്ന് വേണ്ട എല്ലാ അര്‍ഥത്തിലും ചിത്രം പ്രതീക്ഷ കാത്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചിത്രത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളിലുള്ളത് ഇത് മോഹന്‍ലാലിന്റെ മാസ് പടമാണോ അതല്ല പൃഥ്വിരാജ് ബ്രില്യന്‍സ് ആണോ എന്നതാണ്. പടം പുറത്തിറങ്ങിയാല്‍ പിന്നെ അത് പ്രേക്ഷകരുടേതാണ് ആ അര്‍ഥത്തില്‍ അതിനെ വിലയിരുത്തുന്നതിനെയും വിമര്‍ശിക്കുന്നതിനെയും അതേ അര്‍ഥത്തില്‍ തന്നെ കാണേണ്ടതുമുണ്ട്.
സത്യത്തില്‍ എമ്പുരാന്‍ ഒരു മുരളി ഗോപി ആര്‍ട്ടാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എക്കാലത്തെയും വലിയ സംഭവവികാസങ്ങളിലൂന്നിയാണ് ചിത്രം അവതരിപ്പിക്കുന്നത്. അതും കൃത്യമായി അടുക്കിപ്പെറുക്കി പറയുന്നു. ലൂസിഫറില്‍ ബാക്കിവെച്ച ചില ചോദ്യങ്ങള്‍ക്ക് എമ്പുരാനില്‍ കൃത്യമായ ഉത്തരങ്ങളുണ്ട്. അത് വെറും ഉത്തരങ്ങളല്ല. ചരിത്രവും രാഷ്ട്രീയവും എല്ലാം ചേര്‍ന്നു നില്‍ക്കുന്ന ഉത്തരങ്ങളാണ്. അതുകൊണ്ട് തന്നെ ചരിത്രത്തോട് നീതി പുലര്‍ത്തേണ്ടതുമുണ്ട്. അങ്ങനെയാണോ എന്ന് പ്രേക്ഷകര്‍ പറയട്ടെ. അതിവിടെ ഉണ്ടോ ഇല്ലയോ എന്ന് പ്രേക്ഷകര്‍ തന്നെ തീരുമാനിക്കട്ടെ.
സിനിമ കാണുന്ന ഓരോരുത്തരും വിഭിന്നങ്ങളും വ്യത്യസ്തവുമായ രാഷ്ട്രീയ സാംസ്‌കാരിക പശ്ചാത്തലത്തില്‍ ഊന്നി നില്‍ക്കുന്നവരാണ്. ഇന്ത്യയൊട്ടാകെ പിടിച്ചു കുലുക്കിയ രാഷ്ട്രീയ സംഭവ വികാസങ്ങളെ അത്ര ലളിതമായി അവതരിപ്പിക്കാനാവില്ല. പക്ഷേ എത്ര വെടിയും പുകയും പകയും പ്രതികാരവും ബാക്കിവെച്ചാലും അതില്‍ ചില വസ്തുതകളുണ്ട്. അത് കാണാതെയും പറയാതെയും പോവുന്നത് ശരിയല്ല.
സിനിമയുടെ തുടക്കത്തില്‍ ഡിസ്‌ക്ലൈമറുണ്ട്. ഈ ചിത്രത്തിന് നടന്ന സംഭവങ്ങളുമായോ വ്യക്തികളുമായോ ഒരു ബന്ധവുമില്ലെന്ന്. പക്ഷേ അത് വെള്ളം തൊടാതെ വിശ്വസിക്കാന്‍ നമുക്കാവില്ലല്ലോ. വര്‍ഷങ്ങള്‍ക്ക് പിന്നില്‍ നിന്നാണ് കഥ തുടങ്ങുന്നത്. വര്‍ഷക്കണക്കുകള്‍ നമുക്ക് മാറ്റിവെക്കാം. ഗുജറാത്ത് കലാപവും ഗോധ്ര തീവെപ്പും ഗുല്‍ബര്‍ഗ് സൊസൈറ്റി കൊലയും കൂട്ടബലാത്സംഗങ്ങളും വംശഹത്യയും ബാബു ബജ്‌റംഗിയും മായ് കൊദ്വാനിയും സാകിയ ജാഫ്രിയുമൊന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കേവലം മിത്തുകളല്ല.
ഇന്ത്യയില്‍ വംശഹത്യയെ കുറിച്ചു പറയുന്ന സിനിമയോ എഴുത്തോ എന്തു തന്നെയായാലും അതില്‍ ഗുജറാത്ത് കലാപം പറയാതെ പോവാനാവില്ല. അതിന് മുന്‍പ് എടുത്തു പറയാവുന്നത് സിഖ് കലാപം മാത്രമാണ്. അതുകൊണ്ടു തന്നെ സയീദ് മസൂസിദിന്റെ പ്രതികാരത്തിന്റെ കഥയില്‍ പറയുന്ന ആ സാങ്കല്‍പിക കൂട്ടക്കൊലയ്ക്ക് ഗുജറാത്ത് കലാപവുമായി ബന്ധം തോന്നിയാല്‍ അതിനെ തികച്ചും യാദൃച്ഛികമെന്ന് വിലയിരുത്താനാവില്ല. അതില്‍ വംശഹത്യയെ അങ്ങനെയല്ലെന്ന് ന്യായീകരിക്കുന്ന ഘടകങ്ങള്‍ ഏറെയുണ്ടെങ്കിലും അതിലേറെയാണ് അതിനെ സാധൂകരിക്കുന്ന ഘടകങ്ങള്‍.
ഒരു മതവിഭാഗക്കാര്‍ ഒന്നിച്ച് അഭയം തേടിയെത്തുന്നതും അവരെ ഒന്നടങ്കം വകവരുത്തുന്നതും, അതിലൂടെ രാഷ്ട്രീയത്തില്‍ അപ്രമാദിത്തം നേടിയെടുക്കുന്നതുമെല്ലാം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സുപരിചിതമാണ്. കേരളത്തിന് അത്ര പരിചിതമല്ലെങ്കിലും. പക്ഷേ കേരളത്തിന് ഏറെ പരിചിതമായ മക്കള്‍ രാഷ്ട്രീയം വളരെ കൃത്യമായി പറയുന്നുണ്ടിവിടെ. അതിപ്പോള്‍ ജിതിന്‍ രാം ദാസ് ആയാലും പ്രിയദര്‍ശിനിയായാലും അവരെ നമുക്കറിയാം. ചില ഘട്ടങ്ങളിലെങ്കിലും വലതുപക്ഷ ശക്തികളോട് ഏറ്റുമുട്ടാന്‍ ഒന്നിക്കുന്ന രണ്ട് മുന്നണികളുടെയും പഴിചാരലുകളും പോരായ്മകളും പടവെട്ടലും സഖ്യം ചേരലും എല്ലാം കിറു കൃത്യം.
ആളുകളെ തരംതിരിക്കലും പ്രതീകവത്കരിക്കുന്നതും വിവേചനം അരക്കിട്ടുറപ്പിക്കുന്നതും ധ്രുവീകരിക്കുന്നതുമെല്ലാം നമ്മള്‍ ഇതിനകം കണ്ട് ശീലിച്ചതാണ്. അത് കാലങ്ങള്‍ക്ക് മുമ്പേ സ്റ്റിങ് ഓപ്പറേഷനിലൂടെ തെഹല്‍ക പോലൊരു മാധ്യമം പുറത്തുകൊണ്ടു വന്നിട്ടുമുണ്ട്. അതിലും വിരുദ്ധാഭിപ്രായങ്ങളുണ്ടാവാം. പക്ഷേ അതിലേക്ക് കൂടി ശ്രദ്ധയെത്തിക്കുന്നു എന്നതാണ് മുരളി ഗോപിയുടെ തിരക്കഥയുടെ മേന്മ. ഗോവര്‍ധന്‍ വെറുമൊരു സ്‌നിഫര്‍ ഡോഗല്ല. അയാളുടെ സാധ്യതകള്‍ അവസാനിക്കുന്നുമില്ല. ഒരുപക്ഷേ സമീപകാലത്ത് ഏറ്റവും പരിഹാസപാത്രമാകാവുന്ന മാധ്യമ പ്രവര്‍ത്തകരുടെ പ്രതിനിധി കൂടിയാവാം അയാള്‍.
ചിത്രത്തില്‍ പറയുന്ന കാലഘട്ടങ്ങള്‍ ചില വസ്തുതകളെ ഓര്‍മപ്പെടുത്തുന്നുണ്ടെന്ന് മാത്രം പറയാം. അതെന്തൊക്കയാണ് എന്ന് പറയുന്നേയില്ല. അങ്ങനെ വ്യാഖ്യാനിക്കുകയും വേണ്ട. ലൂസിഫറിലെ പ്രധാന ചോദ്യം സ്റ്റീഫന്‍ നെടുമ്പള്ളി ആരെന്നായാരുന്നു. അതിന് അബ്രാം ഖുറേഷി ഉത്തരം തരുന്നുണ്ട്. ആ ഉത്തരം സയീദ് മസൂദിന്റെ കഥകൂടിയാണ്. എമ്പുരാന്‍ പറഞ്ഞു തുടങ്ങിയത് 90 കളിലെ കഥയാണ്. എങ്കില്‍ ലൂസിഫര്‍ ത്രീയില്‍ പറയാനുണ്ടാവുക എണ്‍പതുകളിലെ കഥയാണ്. അതിന് ഇനിയും ഏറെ വകഭേദങ്ങളുണ്ടാവും, തീര്‍ച്ച. അത് സിഖ് വിരുദ്ധ കലാപമാണോ നെല്ലിയിലും മുസഫിര്‍ നഗറിലും മണിപ്പൂരിലും നടക്കുന്നതുപോലുള്ള ജാതിഹത്യകളെ കുറിച്ചാണോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണോ എന്ന് മാത്രം നോക്കിയാല്‍ മതി.
സിനിമ സിനിമയാണ് അതിനെ കലാപരമായി തന്നെ കാണേണ്ടതുമുണ്ട്. അതിനെ ആ വഴിയ്ക്ക് വിടാം. ഇക്കണ്ട രാഷ്ട്രീയ സംഭവ വികാസങ്ങളെയെല്ലാം കേരള രാഷ്ട്രീയ പശ്ചാത്തലത്തിലേക്ക് എത്തിക്കുന്നിടത്താണ് ആദ്യം പറഞ്ഞ മുരളി ഗോപി ബ്രില്യന്‍സ്. തിരക്കഥയോട് കിടപിടിക്കുന്ന മേക്കിങും കാമറയുമാണ് എമ്പുരാന്. ലണ്ടനും പാരീസും റഷ്യയും ആഫ്രിക്കയുമെല്ലാം കൈവെള്ളയിലായ ഖുറേഷി അബ്രാമിന്റെയും സയീദ് മസൂദിന്റെയും കഥ പറയുമ്പോള്‍ അതിന്റെ മേക്കിങ് മോശമാവുന്നത് എങ്ങനെയാണ്.
ചിലയിടങ്ങളിലെങ്കിലും ഇതൊരു മലയാള സിനിമയാണെന്ന് നാം മറന്നുപോവും. ഹോളിവുഡിനെ മറികടക്കുന്ന കാഴ്ചാനുഭവമാണ്. ചിത്രത്തിന്റെ മേക്കിങിനെ കുറിച്ച് നിര്‍മാതാക്കള്‍ പറഞ്ഞതൊന്നും തള്ളല്ല. ഒരു കാര്യം പറയാം ലൂസഫറല്ല എമ്പുരാന്‍. എമ്പരാനല്ല ലൂസിഫര്‍. രണ്ടും രണ്ട് യോണറില്‍ പറയുന്ന സിനിമകളാണ്. അതിനെ അങ്ങനെ വിടുന്നതാണ് ആസ്വാദനത്തിന് നല്ലത്.
Content Highlights: Politics and history in Empuraan movie