
എമ്പുരാൻ സൃഷ്ടിച്ച വിവാദങ്ങളുടെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. 24 കട്ടുകളോടെ സിനിമയിൽ മാറ്റങ്ങൾ വരുത്തി ഇറക്കിയിട്ടും സംഘപരിവാർ ചേരിയുടെ എമ്പുരാൻ വിരുദ്ധ രോഷം ഒടുങ്ങിയിട്ടുമില്ല. RSS മുഖമാസികയായ ദി ഓർഗനൈസർ ഒന്നിനുപിറകെ ഒന്നായി സിനിമയ്ക്കെതിരെയും അണിയറപ്രവർത്തകർക്കെതിരെയും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയാണ്. സിനിമയുടെ റിലീസിന് ശേഷം ഗുജറാത്ത് കലാപവും ഗോധ്ര ട്രെയിൻ തീവെപ്പും ബാബു ബജിറംഗി എന്ന ബാബു ഭായ് പട്ടേലുമെല്ലാം വീണ്ടും ചർച്ചയാവുകയാണ്. സിനിമയിൽ കലാപ ദൃശ്യങ്ങൾ കാണിക്കുകയും കലാപത്തിലേക്ക് നയിച്ച ഗോധ്ര സംഭവം കാണിക്കാതിരിക്കുകയും ചെയ്യുന്നുവെന്നാണ് സിനിമയെ എതിർക്കുന്നവർ പറയുന്നത്.
2002 ഫെബ്രുവരി 27-ന് രാവിലെയാണ് സബർമതി എക്സ്പ്രസ് തീവണ്ടിയിലെ എസ് 6 കോച്ചിൽ തീപിടുത്തമുണ്ടായത്. 59 യാത്രക്കാരാണ് കൊല്ലപ്പെട്ടത്. അയോധ്യയിൽ നിന്ന് തിരികെ വരുന്ന കർസേവകരായിരുന്നു ഇതിൽ ഭൂരിഭാഗവും. ഈ സംഭവത്തെ തുടർന്നാണ് ഗുജറാത്ത് വംശഹത്യ ആരംഭിക്കുന്നത്. തീപിടുത്തത്തിന്റെ കാരണം ഇപ്പോഴും ഒരു തർക്കവിഷയവും അജ്ഞാതമായി തുടരുകയാണ്. നിരവധി ഔദ്യോഗിക അനൗദ്യോഗിക കമ്മീഷനുകൾ ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷണങ്ങൾ നടത്തി റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട മൂന്ന് കമ്മീഷനെക്കുറിച്ചും അവരുടെ കണ്ടെത്തലുകളുമാണ് നമ്മൾ പരിശോധിക്കുന്നത്.
2002 ഫെബ്രുവരി. 27 ന് നടന്ന ഗോധ്ര സംഭവത്തെക്കുറിച്ചും തുടർന്ന് നടന്ന ഗുജറാത്ത് കലാപത്തെക്കുറിച്ചും അന്വേഷിക്കാൻ ഗുജറാത്ത് സർക്കാർ നിയോഗിച്ച കമ്മീഷനായിരുന്നു നാനാവതി-മേഹ്ത കമ്മീഷൻ. ഗോധ്ര ട്രെയിൻ തീവെപ്പിനെക്കുറിച്ചന്വേഷിക്കൻ 2002 മാർച്ച് 6ന് ഗുജറാത്ത് ഹൈക്കോടതിയിലെ റിട്ട. ജഡ്ജ് ആയ കെ ജി ഷാ യെ ഏകാംഗ കമ്മീഷനായി നിയമിക്കുന്നു. എന്നാൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബംന്ധം ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ സുപ്രീം കോടതി റിട്ട. ജഡ്ജ് ആയിരുന്ന ജസ്റ്റിസ് ജി ടി നാനാവതിയെക്കൂടി ഉൾപ്പെടുത്തി കമ്മീഷനെ പുനർ നിയമിച്ചു. 2008 ൽ കെ ജി ഷായുടെ മരണത്തെതുടർന്ന് ഗുജറാത്ത് ഹൈക്കോടതിയിലെ റിട്ട. ജഡ്ജായിരുന്ന അക്ഷയ് എച്ച് മെഹ്തയെ കമ്മീഷന്റെ ഭാഗമായി നിയമിച്ചു. കമ്മീഷന്റെ കാലാവധി മൂന്ന് മാസമായിരുന്നെങ്കിലും, അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി 22 തവണ കാലാവധി നീട്ടിനൽകി. 2008 സെപ്റ്റംബറിൽ കമ്മീഷൻ 168 പേജുള്ള റിപ്പോർട്ടിന്റെ ആദ്യ ഭാഗം പുറത്തുവിട്ടു. 2012 ൽ അന്തിമ റിപ്പോർട്ടും പുറത്തുവന്നു.
ഗോധ്ര സംഭവത്തെക്കുറിച്ച് ഗുജറാത്ത് പോലീസ് കണ്ടെത്തിയ അതേ കാര്യങ്ങൾ തന്നെയാണ് ഏറെക്കുറേ കമ്മീഷനും പറഞ്ഞത്. it was not an accidet, its a conspiracy എന്നതാണ് കമ്മീഷൻ റിപ്പോർട്ടിലുണ്ടായിരുന്ന പ്രധാന കാര്യം. CRPF ൽ നിന്ന് പിരിച്ചുവിട്ട നനുമിയാൻ എന്നയാളും ഗോധ്രയിലെ പുരോഹിതനായ മൗലവി ഹുസൈൻ ഹാജി ഇബ്രാഹിം ഉമർജിയുമുൾപ്പെടെയുള്ളവർ ചേർന്ന് നടത്തിയ പ്ലാൻഡ് ഓപ്പറേഷനാണ് ഗോധ്രയിലെ ട്രെയിൽ തീവെപ്പ് എന്നാണ് നാനാവതി-മേഹ്ത കമ്മീഷന്റെ റിപ്പോർട്ടിൽ പറഞ്ഞത്. രണ്ടായിരത്തോളം വരുന്ന ജനക്കൂട്ടം സബർമതി എക്സ്പ്രസ് തടഞ്ഞ് നിർത്തി ട5, ട6 കോച്ചുകളുടെ വെസ്റ്റിബ്യൂൾ തകർത്ത് കോച്ചുകൾക്കുള്ളിലേക്ക് തീ ഇട്ടു എന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തൽ. ഇത് സാധൂകരിക്കുന്നതിന് കമ്മീഷൻ മുന്നോട്ടുവച്ച ഏറ്റവും പ്രധാനപ്പെട്ടകാര്യം സംഭവം നടക്കുന്നതിന് തലേ ദിവസം പ്രദേശത്ത് 140 ലിറ്റർ പെട്രോൾ വാങ്ങി സൂക്ഷിച്ചു എന്നതായിരുന്നു. ഗോധ്ര സംഭവത്തിന് പിന്നാലെ നടന്ന ഗുജറാത്ത് കലാപത്തിൽ സംസ്ഥാന സർക്കാറിന് പിഴവുകൾ സംഭവിച്ചിട്ടില്ലെന്നും സർക്കാർ സംവിധാനങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്നതിലും അധികം ആളുകൾ കലാപത്തിന് ഇറങ്ങിയതിനാലാണ് സർക്കാരിന് പെട്ടന്ന് കലാപം അടിച്ചമർത്താൻ കഴിയാതെ പോയതെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
എന്നാൽ കമ്മീഷന്റെ സുതാര്യതയും സത്യസന്ധതയും പൊതുസമൂഹത്തിൽ ചോദ്യം ചെയ്യപ്പെട്ടു. അതിൽ പ്രധാന കാരണം കമ്മീഷൻ അംഗമായിരുന്ന ഷാ യും നരേന്ദ്ര മോദിയുമായുള്ള ബന്ധം തന്നെയായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പല വെളിപ്പെടുത്തലുകളും സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്ന തെഹൽക്ക ഗുജറാത്ത് ഗവ. കൗൺസിലായിരുന്ന അരവിന്ദ് പാണ്ഡ്യയുടെ ഒരു വിഡിയോയും പുറത്തുവിട്ടു. അതിൽ അദ്ദേഹം പറയുന്നത് നാനാവതിയെയും സ്വാധീനിക്കാൻ സാധിക്കുമെന്നും അതിനാൽ പ്രധാന രാഷ്ട്രീയ നേതാക്കളാരും ഈ കേസിൽ ശിക്ഷിക്കപ്പെടില്ല എന്നുമാണ്. മാത്രമല്ല 1984 ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ കൂടിയാണ് ജസ്റ്റിസ് നാനാവതി. അന്ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹറാവുവിനെ പോലും ചോദ്യം ചെയ്യാൻ ധൈര്യം കാണിച്ച ജസ്റ്റിസ് നാനാവതി പക്ഷെ ഗുജറാത്ത് കലാപത്തെക്കുറിച്ചന്വേഷിച്ചപ്പോൾ ആരോപണ വിധേയരായ പ്രധാന നേതാക്കളെ പോലും ചോദ്യം ചെയ്തില്ല.
ഇതെല്ലാം കമ്മീഷനെക്കുറിച്ചുള്ള സംശയങ്ങൾ ഉയരാൻ കാരണമായി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ഉം ഇന്ത്യൻ നാഷണൽ കോൺഗ്രസും കമ്മീഷൻ ഗുജറാത്ത് സർക്കാരിനെ കുറ്റവിമുക്തരാക്കിയതിനെ എതിർത്തു. റിപ്പോർട്ട് വർഗീയ പ്രചരണങ്ങളെ ശക്തിപ്പെടുത്തുന്നുവെന്ന് സിപിഐ(എം) വാദിച്ചു. 2004ൽ വാജ്പേയ് സർക്കാർ മാറി മൻമോഹൻ സിംങിന്റെ നേതൃത്വത്തിലുള്ള UPA സർക്കാർ അധികാരത്തിൽ വന്നു. ഗോധ്ര റെയിൽവെയുമായി കൂടി ബന്ധപ്പെട്ട കാര്യമായതിനാൽ ഒന്നാം UPA സർക്കാരിൽ റെയിൽവേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് 2004 സെപ്റ്റംബറിൽ ഉമേഷ് ചന്ദ്ര ബാനർജിയുടെ നേതൃത്വത്തിൽ ഒരു കമ്മീഷനെ നിയമിച്ച് ഗോധ്ര സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. 2005 ജനുവരിയിൽ, ബാനർജി കമ്മീഷൻ ആദ്യഘട്ട റിപ്പോർട്ട് അവതരിപ്പിച്ചു. അതുവരെ പ്രചരിച്ചിരുന്ന ഗൂഢാലോചന സിദ്ധാന്തങ്ങളെ എല്ലാം തള്ളിക്കളയുന്നതായിരുന്നു ഈ റിപ്പോർട്ട്. ഗോധ്രയിൽ സംഭവിച്ചത് ഒരു അപകടമായിരുന്നെന്നും ഇതിന് പിന്നിൽ ഗൂഢാലോചന ഇല്ലെന്നും കമ്മീഷൻ ഫോറൻസിക് തെളിവുകളുടെ സഹായത്തോടെ വിശദീകരിച്ചു.
ഇരകൾക്കുണ്ടായ പരിക്കുകൾ ഉള്ളിൽ നിന്ന് തീ പടർന്നാൽ ഉണ്ടാകുന്നത് പോലെ മാത്രമാണെന്നും പുറത്തുനിന്നുള്ള അക്രമമായിരുന്നെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ കഴിയില്ലെന്നും ഫോറൻസിക് റിപ്പോർട്ടുകളെ ഉദ്ധരിച്ച് കമ്മീഷൻ വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ പരിക്കേറ്റ നീലകണ്ഠ് തുളസീദാസ് ഭാട്ടിയ ഗുജറാത്ത് ഹൈക്കോടതിയിൽ ബാനർജിയുടെ കണ്ടെത്തലുകളെ ചോദ്യം ചെയ്തു. മുൻ കേന്ദ്ര സർക്കാർ നിയോഗിച്ച ഒരു കമ്മീഷൻ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യത്തിൽ മറ്റൊരു കമ്മീഷൻ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. ബാനർജി കമ്മീഷന്റെ നിയമനം രാഷ്ട്രീയ പ്രേരിതമാണെന്നും കോടതി പറഞ്ഞു. റിപ്പോർട്ട് പാർലമെന്റിൽ വയ്ക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. വരാനിരിക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിന് മുൻപുള്ള തിരഞ്ഞെടുപ്പ് ഗിമ്മിക്കാണ് കമ്മീഷൻ എന്ന് പ്രതിപക്ഷം വിമർശിച്ചു. പൊതുജനങ്ങൾക്ക് മുൻപിൽ റിപ്പോർട്ട് എത്തിയെങ്കിലും കമ്മീഷൻ അസാധുവായി.
മൂന്നാമത്തേത് സ്വതന്ത്ര അന്വേഷണം നടത്തിയ ഒരു സംഘമാണ് കൺസേൺഡ് സിറ്റിസൺ ട്രിബ്യൂണൽ. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഉൾപ്പെടെയുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ഇവരുടെ റിപ്പോർട്ടും ബാനർജി കമ്മീഷന്റെ കണ്ടെത്തലുകളോട് ചേർന്നു നിൽക്കുന്നതായിരുന്നു. ട്രെയിൽ തീവെച്ചതിന് തെളിവില്ലെന്ന് ഇവരുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗൂഢാലോചന സിദ്ധാന്തത്തെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളും ലോജിക്കലായ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടി അന്വേഷണ റിപ്പോർട്ട് പൊളിച്ചടുക്കി. നേരത്തെ നമ്മൾ പറഞ്ഞ ഫോറൻസിക് പരിശോധന റിപ്പോർട്ടുകളാണ് ശാസ്ത്രീയ തെളിവുകളായി ഇവർ മുന്നോട്ടുവെക്കുന്നത്. അന്വേഷണ സംഘം നടത്തുന്ന ലോജിക്കലായ ചില നിരീക്ഷണങ്ങൾ പ്രസക്തവും യുക്തിപരവുമാണ്.
ഗുജറാത്തിലേക്ക് പുറപ്പെട്ട സബർമതി എക്സ്പ്രസ് ട്രെയിനിൽ അനുവദനീയമായതിലും ഇരട്ടിയോളം ആളുകൾ ഉണ്ടായിരുന്നു. ഇതിൽ കർസേവകരും സാധാരണ യാത്രക്കാരും ഉൾപ്പെടും. കർസേവകരെ ലക്ഷ്യം വച്ച് ബോഗിക്ക് തീയിട്ടതാണെങ്കിൽ ഈ ബോഗിയിൽ കർസേവകർ മാത്രമായിരുന്നില്ല എന്നത് വ്യക്തമാണ്. കർസേവകർ മാത്രമല്ല കൊല്ലപ്പെട്ടത് എന്നതിന് തെളിവും ചൂണ്ടിക്കാണിക്കുന്നു. അന്ന് കൊല്ലപ്പെട്ട 59 പേരിൽ 5 പേരെയാണ് തിരിച്ചറിഞ്ഞത്. അതിൽ ഒരാൾ ഗോധ്ര സ്റ്റേഷൻ മാസ്റ്ററുടെ ഭാര്യയായിരുന്നു. മാത്രമല്ല രണ്ടായിരത്തോളം പേർ ആക്രമിക്കാനെത്തി എന്ന് പറയുന്ന സംഭവത്തിൽ 11ബോഗികളുള്ള ട്രെയിനിന്റെ ഒരു ബോഗികൾക്ക് മാത്രമാണ് തീ പിടിച്ചത്.
ഇത്രയും പേരുണ്ടായിട്ടും എന്തുകൊണ്ട് ട6 ബോഗി മാത്രം ആക്രമിച്ചു. ബോഗിക്ക് തീപിടിച്ചപ്പോൾ ചെയിൻ വലിച്ച് ട്രെയിൽ നിർത്തിയതാണോ അതോ ട്രെയിൻ നിർത്തിയശേഷം തീ ഇട്ടതാണോ എന്നതിന് ഇതുവരെ സ്ഥരീകരണം ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കർസേവകർക്കെതിരായ ടാർഗറ്റ് അറ്റാക്കാണെന്ന വാദം നിലനിൽക്കില്ലെന്ന് കൺസേൺഡ് സിറ്റിസൺ ട്രിബ്യൂണല്‍ റിപ്പോർട്ട് പുറത്തുവന്നു. ഗോധ്രയിൽ ട്രെയിനിൽ വെന്തുമരിച്ചവരായാലും തുടർന്നുള്ള കലാപത്തിൽ കൊല്ലപ്പെട്ടവരായാലും മരിച്ചുവീണത് ഹിന്ദുവോ മുസൽമാനോ അല്ല മനുഷ്യരാണ്. ചരിത്രത്തെ പഠിക്കുന്നത് അപനിർമ്മിക്കാനോ ഉണങ്ങാത്ത മുറിവിൽ കുത്തി നോവിക്കാനോ അല്ല. ഇനി ഒരിക്കലും തെറ്റുകൾ ആവർത്തിക്കാതിരിക്കാനാണ്.
Content Highlights: Godhra Incident What do the 3 investigation reports say