ഭിന്നശേഷി വിദ്യാർത്ഥികളുടെ സ്വന്തം 'മ്യൂസിക് ടീച്ചർ'; പാട്ടിനൊരു മാജിക്കുണ്ട്, ഡോ. കൃഷ്ണയ്ക്കും!

തൃശൂര്‍ പൂങ്കുന്നം ചക്കാമുക്കിലെ വേണുനാദം സ്‌കൂള്‍ ഓഫ് മ്യൂസിക്ക് കരുണയും സഹാനുഭൂതിയും സംഗീതരൂപത്തില്‍ ഒഴുകിപ്പരക്കുന്ന ഒരിടമാണ്

dot image

'നമ്മളെക്കൊണ്ട് എല്ലാം പറ്റും മോനെ, പക്ഷെ നമ്മള്‍ ഒന്ന് ശ്രമിക്കണം എന്നേയുള്ളൂ'; എങ്ങനെയാണ് ഇത്രയും സ്‌നേഹം നേടിയത് എന്ന ചോദ്യത്തിന് കൃഷ്ണയുടെ ഉത്തരം ഇത്രമാത്രമായിരിക്കും. കരുതല്‍, സ്‌നേഹം എന്നീ വാക്കുകളുടെ ഉള്‍പ്പരപ്പുകളിലേക്കാണ് കഴിഞ്ഞ ഇരുപത് വര്‍ഷമായി ഡോ. കൃഷ്ണ ഗോപിനാഥ് എന്ന സംഗീതാധ്യാപിക ഊളിയിടുന്നത്. ഭിന്നശേഷി വിദ്യാര്‍ത്ഥികളില്‍ സംഗീതം കൊണ്ട് മാറ്റങ്ങള്‍ വരുത്തിയ ഡോ. കൃഷ്ണ എന്നും എപ്പോഴും ലളിതമായ ഒരു ചിരിയോടെയാണ് കാണപ്പെടുക. കൃഷ്ണയുടെ സ്വരത്തിലൂടെ പുതിയ ഒരു ജീവിതത്തിന്റെ നനവറിഞ്ഞ ഭിന്നശേഷി കുട്ടികളുടെ എണ്ണം അനവധിയാണ്. തങ്ങളുടെ കുട്ടികള്‍ക്ക് ഇങ്ങനെയും ഒരു ജീവിതം സാധ്യമാണ് എന്നറിഞ്ഞ മാതാപിതാക്കളുടെ എണ്ണം അതിലും കൂടുതലാണ്. കൃഷ്ണയുടെ ഓരോ വാക്കിലും, ഓരോ സംഗീതസ്വരത്തിലും ഭിന്നശേഷി കുട്ടികളുടെ മേല്‍ തനിക്കുള്ള അനുകമ്പയുടെയും പ്രതിബദ്ധതയുടെയും നിഴലുകളുണ്ട്. തൃശൂര്‍ പൂങ്കുന്നം ചക്കാമുക്കിലെ വേണുനാദം സ്‌കൂള്‍ ഓഫ് മ്യൂസിക്ക് അത്തരത്തില്‍ കരുണയും സഹാനുഭൂതിയും സംഗീതരൂപത്തില്‍ ഒഴുകിപ്പരക്കുന്ന ഒരിടമാകുന്നു. അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് ഡോ കൃഷ്ണ ഗോപിനാഥ് തന്റെ യാത്രാവഴികള്‍ രേഖപ്പെടുത്തുകയാണ് ഇവിടം.

തുടക്കം, യാത്ര..

ഡോ കൃഷ്ണയെ സംബന്ധിച്ച് ഇപ്പോള്‍ താന്‍ ചെയ്യുന്നത് ഒരു ജോലിയേ അല്ല! അതൊരു നിയോഗമാണ്. താന്‍ പോലും അറിയാതെ തന്നിലേക്ക് എത്തിച്ചേര്‍ന്നതാണ് ഈ ദൗത്യം എന്നാണ് കൃഷ്ണ എപ്പോഴും പറയുക.

2000ത്തിലാണ് കൃഷ്ണ സംഗീതം പഠിപ്പിച്ചുതുടങ്ങുത്. സഹപ്രവര്‍ത്തക കൂടിയായിരുന്ന, ഒരു ടീച്ചറുടെ മകനായ മണികണ്ഠനില്‍ നിന്നാണ് കൃഷ്ണ നിരവധി ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ജീവിതം തന്നെ മാറ്റിമറിക്കാനിടയായ സംഗീത ക്ളാസ് ആരംഭിക്കുന്നത്. ഡൗണ്‍ സിന്‍ഡ്രോം ആയിരുന്നു മണികണ്ഠന്. അന്ന് ആ കുട്ടിയെ സുഖമില്ലാത്ത ഒരു കുട്ടി എന്ന് മാത്രമേ കൃഷ്ണ കരുതിപ്പോന്നിരുന്നുള്ളൂ. 'ഒരു ദിവസം ആ ടീച്ചര്‍ എന്റെയടുത്ത് വന്ന് മകനെ സംഗീത ക്ലാസിലേക്ക് കൊണ്ടുവന്നോട്ടേ എന്ന് ചോദിച്ചു. എന്റെ അമ്മ ഭഗവത്ഗീത ക്ലാസുകള്‍ എടുക്കുന്ന സമയമാണ്. ഞാന്‍ വളരെ സന്തോഷത്തോടെ മണികണ്ഠനെ സ്വീകരിച്ചു. ആ കുഞ്ഞിന്റെ ഭാഷ ആദ്യം എനിക്ക് മനസിലാകുമായിരുന്നില്ല. ശബ്ദം മാത്രമേ ഉണ്ടാകുകയുള്ളൂ, വാക്കുകള്‍ ഇല്ല. അതുകൊണ്ടുതന്നെ അവരവരുടെ അമ്മമാര്‍ക്ക് മാത്രമേ ആ ഭാഷ മനസിലാകുമായിരുന്നുള്ളൂ', കൃഷ്ണ പറയുന്നു.

അവിടെനിന്ന് കൃഷ്ണയും പഠിച്ചുതുടങ്ങുകയായിരുന്നു. അവരുടെ ലോകത്തെക്കുറിച്ച്, അവരുടെ ജീവിതത്തെക്കുറിച്ച്, അവരെക്കുറിച്ച് എല്ലാം… കൃഷ്ണ പഠിപ്പിക്കുന്നതിനൊപ്പം പഠിച്ചും തുടങ്ങി. ആദ്യമെല്ലാം മണികണ്ഠനെ ക്ളാസില്‍ പിടിച്ചിരുത്തുന്നത് തന്നെ ബുദ്ധിമുട്ടായിരുന്നുവത്രെ. പക്ഷെ പതിയെ പതിയെ മണികണ്ഠന്‍ ഇരുന്നുതുടങ്ങി. ക്ലാസുകള്‍ കേട്ട് തുടങ്ങി. താളമിട്ടും, മറ്റുള്ളവരോട് പാടാന്‍ പറഞ്ഞും തുടങ്ങി.

'സുഖമില്ലാത്ത കുട്ടികള്‍ എന്ന് മാത്രമേ എനിക്ക് മുമ്പ് അറിയുമായിരുന്നുള്ളൂ. അതിനപ്പുറം ഒരറിവും എനിക്ക് ഉണ്ടായിരുന്നില്ല. പിന്നീടാണ് ഭിന്നശേഷി തന്നെ പല തരത്തിലുണ്ടെന്ന് അറിയുന്നത്. ജനിക്കുമ്പോള്‍ തന്നെ ഡൗണ്‍ സിന്‍ഡ്രോം പ്രകടമാകും. പക്ഷെ ചിലത് നമുക്ക് കുഞ്ഞ് ജനിച്ചയുടന്‍ മനസിലാകില്ല.'

പതിയെപതിയെ മണികണ്ഠനെ സംഗീതത്തിന്റെ ലോകത്തിലേക്ക് കൊണ്ടുവരാന്‍ കൃഷ്ണയ്ക്കായി. മണികണ്ഠന്‍ പാട്ടിന് താളമിടാന്‍ തുടങ്ങി, കയ്യടിക്കാന്‍ തുടങ്ങി, അങ്ങനെ എങ്ങനെയെല്ലാം പ്രതികരിക്കാന്‍ പറ്റുമോ അങ്ങനെയെല്ലാം മണികണ്ഠന്‍ പ്രതികരിച്ചു തുടങ്ങി. മണികണ്ഠന്റെ ഓരോ നീക്കത്തെയും കൃഷ്ണ പ്രോത്സാഹിപ്പിച്ചുതുടങ്ങി അങ്ങനെയിരിക്കെ ഒരിക്കല്‍ അമ്മയോടൊപ്പം യാത്ര ചെയ്യുമ്പോള്‍ മണികണ്ഠന്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു കാര്യം ചെയ്തു.

'എന്റെ ജീവിതത്തില്‍ എനിക്ക് മറക്കാന്‍ കഴിയാത്ത സന്ദര്‍ഭമാണത്. മണികണ്ഠന്‍ അമ്മയോടൊപ്പം യാത്ര ചെയ്യുന്ന സമയത്ത്, ഞാന്‍ പഠിപ്പിച്ചുകൊടുത്ത ഒരു പാട്ടിന്റെ ഒരു ഭാഗം അവന്‍ പാടി. മുഴുവനായല്ല, കുറച്ച് ഭാഗം മാത്രം അമ്മ എന്ന് വിളിച്ച ശേഷം അവന്‍ ആ പാട്ട് പാടിയപ്പോള്‍ ആ അമ്മയ്ക്ക് എന്ത് സന്തോഷമായെന്നോ. ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികള്‍ ഒരു കാര്യം പറയുമ്പോള്‍ ആദ്യ ഭാഗമോ വരിയോ പറയില്ല, രണ്ടാം ഭാഗമോ വരിയോ തൊട്ടേ പറഞ്ഞുതുടങ്ങു. എന്റെ ലക്ഷ്യം ഈ കുട്ടികളെകൊണ്ട് മുഴുവനായും ഒരു വാക്യം പറയിപ്പിക്കുക എന്നതായിരുന്നു. അതില്‍ എനിക്ക് വിജയിക്കാന്‍ സാധിച്ചു…' കൃഷ്ണ അഭിമാനബോധത്തോടെ പറയുകയാണ്.

കൂടുതൽ കുട്ടികൾ, ഉത്തരവാദിത്വം…

മണികണ്ഠന് ഉണ്ടായ മാറ്റമാണ് കൂടുതല്‍ ഭിന്നശേഷിക്കാരായ കുട്ടികളെ കൃഷ്ണയുടെ അടുത്തേക്ക് എത്തിച്ചത്. ശ്രേയസ്, പൂജ രമേശ്, സൗമ്യ, ദേവാനന്ദ് അങ്ങനെ നിരവധി കുട്ടികള്‍. ഇവരെല്ലാം ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍ തുടങ്ങിയ വ്യത്യസ്തമായ കണ്ടീഷനുകളിലൂടെ കടന്നുപോകുന്നവരായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരെയും വെവ്വേറെ രീതിയിലുമായിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നത്.

Also Read:

'ഓട്ടിസം ഉള്ള കുട്ടിയായിരുന്നു. ഓട്ടിസം ഉള്ള ചിലര്‍ക്ക് ശബ്ദം തീരെ പറ്റില്ല. സംഗീത ക്ലാസിലെ ശബ്ദം കേട്ടപ്പോള്‍ പൂജ ഒരിക്കല്‍ വല്ലാതെയായി. അന്നാണ് ഞാന്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളെപ്പറ്റി, അവരുടെ വ്യത്യസ്ത അവസ്ഥകളെപറ്റി കൂടുതല്‍ മനസിലാക്കിയത്', കൃഷ്ണ പറയുന്നു. ഇന്ന് സംഗീത ലോകത്തെത്തന്നെ ഏറ്റവും അറിയപ്പെടുന്ന ഒരു പാട്ടുകാരി കൂടിയാണ് പൂജ. ഇത്തരം കുട്ടികളെ ക്ളാസില്‍ സമാധാനപരമായി ഇരുത്തുക എന്നതാണ് കൃഷ്ണ ആദ്യം ചെയ്യുക. പിന്നീട് ക്ളാസുകളില്‍ ശ്രദ്ധ കേന്ദ്രീകരിപ്പിക്കാനുള്ള ശ്രമമാണ് ഉണ്ടാകുക. അടുത്തതായി സംസാരിപ്പിക്കുക എന്നതാണ് ദൗത്യം. അതിനായി ആ കുട്ടിയെ ശരിക്കും മനസിലാക്കുകയാണ് ആദ്യം വേണ്ടത്. ശബ്ദത്തോട് ഇടപഴകാനായി കുട്ടികളുടെ മുന്‍പില്‍ അവരുടെ അമ്മമാരെക്കൊണ്ട് തന്നെ കൃഷ്ണ പഠിപ്പിക്കും. കുട്ടികള്‍ ആള്‍ക്കൂട്ടത്തോട് ഇടപഴകാനായി അമ്മമാരെ അടുത്ത് നിര്‍ത്തിയും മറ്റും പാടിക്കും. ഇങ്ങനെ നിരന്തര പരിശീലനത്തിലൂടെയാണ് ഭിന്നശേഷി കുട്ടികളെ കൃഷ്ണ മാറ്റിയെടുക്കുന്നത്.

ഭിന്നശേഷി എന്നതിന്റെ യഥാര്‍ത്ഥ ഇംഗ്ലീഷ് പദം 'ഡിഫറന്റലി ഏബിള്‍ഡ്' എന്നാണ്. അതായത് പ്രത്യേക കഴിവുകളുള്ളവര്‍. ശരിയാണ്. മറ്റാരേക്കാളും വേഗത്തില്‍ തെറ്റുകള്‍ കണ്ടുപിടിക്കാനും പാട്ടിലെ ശ്രുതി തെറ്റിയാല്‍ പോലും മനസിലാക്കാനും ഈ കുഞ്ഞുങ്ങള്‍ക്ക് കഴിവുണ്ട്. 'ഒരിക്കല്‍ ഞാന്‍ കുട്ടികളുമൊത്ത് പ്രാക്ടീസ് ചെയ്യുകയായിരുന്നു. ഇതിനിടെ ഒരു വിദ്യാര്‍ത്ഥിയുടെ ശ്രുതി തെറ്റി. അപ്പോള്‍ത്തന്നെ മണികണ്ഠന്‍ ഉടനെ പറഞ്ഞു, 'കൃഷ്ണ മിസ്സെ, ശ്രുതി പോയി' എന്ന്. എങ്ങനെ ഞങ്ങള്‍ക്കും മുന്‍പ് മണികണ്ഠന്‍ ഇത് മനസിലാക്കി എന്നതോര്‍ത്ത് ഞങ്ങളെല്ലാവരും അത്ഭുതപ്പെട്ടുപോയി'. നമ്മള്‍ ഈ കുഞ്ഞുങ്ങളില്‍ ചെറിയ എഫേര്‍ട്ടുകള്‍ മാത്രമെടുത്താല്‍ മതി, ഇവര്‍ നമുക്ക് മുന്‍പില്‍ വെയ്ക്കുന്ന അത്ഭുതങ്ങള്‍ക്ക് കണക്കുകള്‍ ഉണ്ടാകില്ലെന്ന് കൃഷ്ണ പറയുന്നു. ഇത്തരം കുട്ടികളെ നല്ലരീതിയില്‍ പ്രോത്സാഹിപ്പിച്ച് സമൂഹത്തിന്റെ മുന്‍പന്തിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചാല്‍, ഇവര്‍ പ്രകടിപ്പിച്ചേക്കാവുന്ന അത്ഭുതങ്ങള്‍ ഒരിക്കലും ചെറുതാകില്ല എന്നും കൃഷ്ണ അടിവരയിട്ട് പറയുന്നു.

ഞാന്‍ വിദ്യാര്‍ത്ഥിയാണ്, ഗുരുവല്ല

20 വര്‍ഷമായി കൃഷ്ണ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ സംഗീതം പഠിപ്പിക്കാന്‍ തുടങ്ങിയിട്ട്. ഈ കാലത്തിനിടയ്ക്ക് തന്നെ സമീപിച്ച എല്ലാ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ജീവിതത്തെയും കൃഷ്ണ സംഗീതം കൊണ്ട് മാറ്റിയിട്ടുണ്ട്. ഇപ്പോഴും മാറ്റിക്കൊണ്ടിരിക്കുന്നു. പക്ഷെ അപ്പോഴെല്ലാം താന്‍ ഗുരുവായിട്ടല്ല, ഒരു വിദ്യാര്‍ത്ഥിയായിട്ടാണ് അവരുടെ മുന്‍പില്‍ ഇരുന്നിരുന്നത് എന്നാണ് കൃഷ്ണ പറയുക. കൃഷ്ണയെ സംബന്ധിച്ച്, താന്‍ പഠിപ്പിച്ചതിനേക്കാള്‍, ആ കുട്ടികളില്‍ നിന്ന് പഠിച്ചതാണ് കൂടുതല്‍. ഈ കുട്ടികളിലൂടെയാണ് കൃഷ്ണ പല ജീവിതങ്ങളും പഠിച്ചത്. ഭിന്നശേഷി എന്നാല്‍ എന്താണെന്ന് അറിഞ്ഞത്. ഇപ്പോള്‍ ഒരു ഭിന്നശേഷി വിദ്യാര്‍ത്ഥി തന്റെ മുന്‍പില്‍ വന്നിരുന്നാല്‍ എത്ര നാള്‍കൊണ്ട് അവരെ മാറ്റിയെടുക്കാന്‍ സാധിക്കും എന്നത് വരെ കൃഷ്ണയ്ക്ക് പറയാന്‍ സാധിക്കും.

'സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികള്‍ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. അത്തരത്തില്‍ സംസാരം പറ്റാത്ത കുട്ടികള്‍ക്ക് ഞാന്‍ ചെവിയിലൂടെ പാടിക്കൊടുക്കും. 'സരിഗമ' എന്ന് നമ്മള്‍ പാടിക്കൊടുക്കുമ്പോള്‍ കുട്ടികള്‍ ഇതേ ഓര്‍ഡറില്‍ പറയണമെന്നില്ല. എങ്കിലും അവര്‍ പാടാന്‍ ശ്രമിക്കും. അതാണ് നമ്മുടെയൊക്കെ ഒരു സന്തോഷം. ഹൈപ്പര്‍ ആക്റ്റീവ് ആയ കുട്ടികളെയും ഇത്തരത്തിലാണ് ഞാന്‍ ശ്രദ്ധിക്കുക. അവരുടെ ചെവിയില്‍ പാട്ട് പാടികൊടുത്തുകൊണ്ട്, അവരുടെ ഈ ഹൈപ്പര്‍ ആക്ടീവ്‌നെസ് കുറയ്ക്കും', കൃഷ്ണ പറഞ്ഞു.

ഇത്തരത്തില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ സംഗീതം പഠിപ്പിച്ച അനുഭവങ്ങള്‍ കൊണ്ടാണ് കൃഷ്ണ ഡോക്ടറേറ്റ് നേടിയത്. ശ്രീലങ്കയിലെ ദി ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ കോംപ്ലിമെന്ററി മെഡിസിനില്‍ നിന്ന് മ്യൂസിക്ക് തെറാപ്പി ഇന്‍ ഓട്ടിസത്തിലാണ് കൃഷ്ണ ഡോക്റ്ററേറ്റ് നേടിയിട്ടുള്ളത്.

മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍

20 വര്‍ഷത്തോളമായി കൃഷ്ണ ഭിന്നശേഷി കുട്ടികളുടെ ജീവിതത്തില്‍ വിസ്മരിക്കാന്‍ പോലും സാധിക്കാത്തത്ര മാറ്റം വരുത്താന്‍ തുടങ്ങിയിട്ട്. ഈ പ്രവൃത്തിയെ ഒരു ജോലിയെന്നല്ല, തനിക്ക് വന്നുചേര്‍ന്ന ഒരു നിയോഗം എന്ന് തന്നെയാണ് കൃഷ്ണ എപ്പോഴും പറയുക. കടന്നുപോയ വഴികളെല്ലാം കൃഷ്ണയ്ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്തതാണ്. മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ ഒന്നല്ല, ഈ ഇരുപത് വര്‍ഷത്തിനിടയില്‍ ഓരോ ദിവസങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുകയാണ് എന്നാണ് കൃഷ്ണയുടെ പക്ഷം. കുട്ടികളുടെ 'കൃഷ്ണ മിസ്സെ' എന്നുളള വിളിയും, വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചറിയലുമെല്ലാമാണ് ഏറ്റവും വലിയ അവാര്‍ഡ്.

ഭിന്നശേഷി കുട്ടികളെ ശ്രദ്ധിക്കുക എന്നുള്ളത് എളുപ്പമുള്ള കാര്യമേ അല്ല എന്ന് കൃഷ്ണ ആണയിട്ട് പറയുന്നുണ്ട്. ചിലര്‍ ആക്രമിക്കും. ചിലര്‍ പിച്ചും, മാന്തും. പക്ഷെ കൃഷ്ണയ്ക്ക് വേദന തോന്നാറേയില്ല. അടുത്ത ദിവസം കുട്ടികള്‍ തന്നെ വന്ന് മുറിവുകളിലും മറ്റും തടവിത്തരും, ശബ്ദവും തലയും താഴ്ത്തി 'കൃഷ്ണ മിസ്സെ' എന്ന നൈര്‍മല്യത്തോടെ വിളിക്കും.

ഈ കുട്ടികള്‍ കൃഷ്ണയ്ക്ക് സ്വന്തം മക്കള്‍ തന്നെയാണ്. ഇവരോട് കൃഷ്ണയ്ക്കുള്ളത് കേവലം അധ്യാപക വിദ്യാര്‍ത്ഥി ബന്ധമല്ല, 'അമ്മ മക്കള്‍' ബന്ധം തന്നെയാണ്. നിലവില്‍ ഇരുപതോളം ഭിന്നശേഷി വിദ്യാര്‍ത്ഥികളാണ് വേണുനാദം അക്കാദമിയില്‍ ഉള്ളത്. ഇവര്‍ക്ക് പുറമെ പാട്ട് പഠിക്കാനായെത്തുന്ന മറ്റ് വിദ്യാര്‍ത്ഥികളും ഉണ്ട്. എല്ലാവരെയും ഒരുമിച്ചിരുത്തിത്തന്നെയാണ് കൃഷ്ണ ക്ളാസുകള്‍ എടുക്കുക. അവിടെ ഭിന്നശേഷി കുട്ടികളെന്നോ, സാധാരണ കുട്ടികളെന്നോ വേര്‍തിരിവുകളില്ല. നമ്മള്‍ ഒരു കുടുംബമാണ് എന്ന സങ്കല്‍പ്പത്തിനും ആ ആശ്രിതത്വത്തിനും മാത്രമേ സ്ഥാനമുള്ളൂ. ഇത്രയും വര്‍ഷം ഈ കുട്ടികളുടെയൊപ്പം ചിലവഴിക്കാന്‍ സാധിച്ച സമയത്തിന് കൃഷ്ണയ്ക്ക് വളരെ ചുരുക്കം പേരോട് മാത്രമേ നന്ദി പറയാനുള്ളൂ. ഒന്ന് ദൈവത്തോട്. രണ്ട് ഭര്‍ത്താവും മക്കളും അമ്മയും അടങ്ങുന്ന തന്റെ കുടുംബത്തോട്.

Also Read:

എല്ലാ ഭിന്നശേഷി കുട്ടികളെയും ഒരേ കണ്ണോടെ കാണരുത് എന്നാണ് കൃഷ്ണയുടെ അഭ്യര്‍ത്ഥന. ഓരോ കുട്ടികളിലും ഓരോ കഴിവുകളുണ്ട് എന്നത് ഉറപ്പാണ്. അത് കണ്ടെത്താനായി മാതാപിതാക്കളും മുന്നിട്ടുവരണമെന്നും ഭിന്നശേഷി കുട്ടികളാണ് എന്നതുകൊണ്ട് മാത്രം അവരെ പിന്തുണയ്ക്കാതിരിക്കരുതെന്നും കൃഷ്ണ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികള്‍ സമൂഹത്തില്‍ മറ്റെല്ലാവരെയും പോലെയാണ്. മനുഷ്യരില്‍ ചിലര്‍ക്ക് സ്‌നേഹവും കരുതലും അധികമായി വേണം. അവരെ കൈപിടിച്ചുയര്‍ത്താന്‍, അവരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാന്‍ ഒരു ഇടവും ശക്തിയും വേണം. വേണുനാദം മ്യൂസിക്ക് അക്കാദമി യഥാര്‍ത്ഥത്തില്‍ കരുണയുടെയും സ്‌നേഹത്തിന്റെയും സംഗീതസഭയാകുന്നത്, ജീവിതത്തിലെമ്പാടും കൃഷ്ണ ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം മൂല്യങ്ങള്‍ കൊണ്ട് കൂടിയാണ്.

Content Highlights: Life of Dr Krishna Gopinath, music teacher who makes impact in differently abled childrens life

dot image
To advertise here,contact us
dot image