മലയാളത്തിൻ്റെ എം ടി, ബഷീറിൻ്റെ 'നൂലൻ വാസു'; ഗൗരവക്കാരനും തമാശക്കാരനും തമ്മിലുള്ള ഗാഢമായ സൗഹൃദം

'റ്റാറ്റ മരിച്ച് അദ്ദേഹത്തെ ഖബര്‍സ്ഥാനില്‍ കൊണ്ടുവരുന്ന അവസാന സമയം വരെ എം ടി കൂടെയുണ്ടായിരുന്നു'

dot image

മലയാള സാഹിത്യത്തിന് സംഭാവന നല്‍കി, ലോകസാഹിത്യത്തിൻ്റെ തന്നെ നെറുകയിലെത്തിച്ച രണ്ട് മഹാത്മാക്കളാണ് എം ടി വാസുദേവന്‍ നായരും, വൈക്കം മുഹമ്മദ് ബഷീറും. ഒരാള്‍ ജീവിത സത്യങ്ങളെ ഗൗരവമായി അനുഭവിപ്പിച്ചപ്പോള്‍ മറ്റൊരാള്‍ അവയെ നര്‍മത്തില്‍ പൊതിഞ്ഞ് രസിപ്പിച്ചു. ഏത് കണ്ണിലൂടെ നോക്കിയാലും വളരെ വൈരുദ്ധ്യമായിരുന്ന എംടിയും ബഷീറും തമ്മിലുണ്ടായിരുന്നത് സങ്കല്‍പ്പിക്കാവുന്നതിനുമപ്പുറമുള്ള ബന്ധമായിരുന്നു. ബഷീറിന്റെ സ്വന്തം 'നൂലന്‍ വാസു'വുമായുള്ള ബന്ധത്തെക്കുറിച്ച് ഓര്‍മിക്കുകയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ അനീസ് ബഷീര്‍.

M T Vasudevan Nair
എം ടി വാസുദേവന്‍ നായർ

മലയാളത്തിന്റെ എം ടി, ബഷീറിന്റെ നൂലന്‍ വാസു

ബഷീറുമായുള്ള ആത്മബന്ധം വളരെ വലുതായിരുന്നു എം ടിക്ക്. ബഷീറിനെ സംബന്ധിച്ച് എം ടി എന്ന പേരുണ്ടായിരുന്നില്ല. എം ടി ഗുരുവെന്ന് വിളിച്ചിരുന്നത് റ്റാറ്റയെ (ബഷീറിനെ മക്കള്‍ വിളിച്ചിരുന്ന പേര്)യായിരുന്നു. പകരം റ്റാറ്റ എം ടിയെ വിളിച്ചിരുന്നത് നൂലന്‍ വാസു, കഠാര വാസു എന്നിങ്ങനെയായിരുന്നു. എം ടി പണ്ട് വളരെ മെലിഞ്ഞ ഒരാളായിരുന്നു. റ്റാറ്റയ്ക്ക് ആത്മബന്ധമുള്ളയാളുകള്‍ക്കൊക്കെ ഇതുപോലത്തെ പേരിടാന്‍ വളരെ ഇഷ്ടമാണ്. അവരെല്ലാം ഈ സന്തോഷത്തില്‍ പങ്കുചേരുകയും ചെയ്യും. അത്രയും ആളുകളുടെ മുന്നില്‍ നിന്നാണ് കഠാര വാസുവെന്നൊക്കെ വിളിക്കുക. എം ടിയെ പോലത്തെ ആളുകള്‍ വളരെ ഗൗരവമുള്ളയാളുകളായതിനാല്‍ തന്നെ ഇവര്‍ക്ക് ഇതൊക്കെ എങ്ങനെ ദഹിക്കുമെന്ന് ഉമ്മച്ചിക്ക് വളരെ സംശയമായിരുന്നു. എന്നാല്‍ അവര്‍ക്ക് ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഭയങ്കര സന്തോഷമാണ്. അങ്ങനൊരു ബന്ധമായിരുന്നു ഇരുവരും തമ്മില്‍.

എസ് കെ പൊറ്റക്കാടിന്റെ വസതിയായ 'ചന്ദ്രകാന്ത'ത്തില്‍ നിന്നാണ് ഇരുവരും തമ്മിലുളള്ള ബന്ധം തുടങ്ങുന്നത്. 'ന്റുപ്പൂപ്പക്കൊരാനേണ്ടാര്‍ന്ന്' എന്ന കഥയുടെ നാടകം അവതരിപ്പിക്കുന്നതിന് തലയോലപ്പറമ്പില്‍ നിന്ന് ബഷീറിനെ കൊണ്ടുപോയത് തിക്കോടിയനടക്കമുള്ള ആളുകളായിരുന്നു. ആ സമയത്ത് എസ് കെയുടെ ചന്ദ്രകാന്തം ഒഴിഞ്ഞു കിടക്കുകയായിരുന്നു. എസ്‌കെയുടെ വീട്ടിലേക്കാണ് കൊണ്ടുപോകുന്നത്.

എന്‍ പി മുഹമ്മദും എം ടിയും അന്ന് ചെറുപ്പക്കാരാണ്. അവരാണ് ചന്ദ്രകാന്തത്തില്‍ വരുന്നത്. ചന്ദ്രകാന്തത്തില്‍ ഇവരെ ഏല്‍പ്പിക്കുന്നത് പച്ചക്കറി നുറുക്കല്‍, സാധനം വാങ്ങിക്കൊണ്ടുവരലുമൊക്കെയാണ്. എം ടി അന്ന് വലിയ സാഹിത്യ സിംഹമായിട്ടില്ലല്ലോ. അങ്ങനെ അന്ന് തുടങ്ങിയ സൗഹൃദമാണ്. 1957- 58 വര്‍ഷങ്ങളിലാണ് ഈ ബന്ധം ആരംഭിക്കുന്നത്. അത് 1994 ജൂലൈ അഞ്ച് വരെ തുടര്‍ന്ന് കൊണ്ടു പോയിട്ടുണ്ട്. അന്ന് മുതല്‍ റ്റാറ്റ മരിച്ച് അദ്ദേഹത്തെ ഖബര്‍സ്ഥാനില്‍ കൊണ്ടുവരുന്ന അവസാന സമയം വരെ എം ടി കൂടെയുണ്ടായിരുന്നു. ഏറ്റവും പ്രധാനം വര്‍ഷങ്ങളോളമുള്ള ഈ സൗഹൃദമാണ്.

M T Vasudevan Nair and Vaikkam Muhammad Basheer
എം ടിയും ബഷീറും

ഗുരുവിന്റെ പ്രയാസങ്ങളില്‍ കൂട്ടിരുന്ന പ്രിയ ശിഷ്യന്‍

എല്ലാ ദിവസവും വന്ന് കാണുന്ന സൗഹൃദമായിരുന്നില്ല എം ടിയും റ്റാറ്റയും തമ്മില്‍. ഏതൊരു പ്രയാസത്തിലും ഓടി വരുന്ന ഒരു ചങ്ങാതി, ആശ്രയിക്കാന്‍ പറ്റുന്ന ഒരാളായിരുന്നു അദ്ദേഹത്തിന് എം ടി. എം ടി അദ്ദേഹത്തിന്റെ ലാളന ഏറ്റുവാങ്ങിയിട്ടുമുണ്ട്.

അദ്ദേഹത്തിന് ഏറ്റവും വലിയ മാനസിക പ്രയാസമുണ്ടായിരുന്ന സമയത്ത് എം ടി കൂടെയുണ്ടായിരുന്നു. എം ടി തന്നെ അത് എഴുതിയിട്ടുണ്ട്. അന്ന് വാഹന സൗകര്യമില്ലല്ലോ. അദ്ദേഹത്തിന്റെ കാറില്‍ വന്ന് ബഷീറിനെ കൊണ്ടു പോകുന്ന രംഗം എം ടി എഴുതിയിട്ടുണ്ട്. ബഷീറിന്റെ സമ്പൂര്‍ണ കൃതിയില്‍ ആമുഖമായി ഇത് വന്നിട്ടുണ്ട്.

റ്റാറ്റയെ വാഹനത്തില്‍ കൊണ്ടുപോകുന്ന ഘട്ടത്തില്‍ കഠാര കയ്യില്‍ വെച്ചിരുന്നു. ആ കഠാര എം ടിയുടെ കഴുത്തിന് അടുത്താണ് നില്‍ക്കുന്നത്. ഒന്ന് നീങ്ങിയാല്‍ എം ടിയുടെ കഴുത്ത് മുറിയും. 'എന്നാലും എന്റെ ഗുരു രക്ഷപ്പെടണം. കഠാരയുടൈ തണുപ്പ് ഞാനറിഞ്ഞ് യാത്ര ചെയ്യുന്നു'വെന്ന വാചകമുണ്ടതില്‍. അങ്ങനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി അദ്ദേഹത്തെ സമ്പൂര്‍ണമായി മാറ്റി നമുക്ക് തിരിച്ച് കിട്ടിയതാണ്.

അതിന് ശേഷമാണ് ഞാനുണ്ടായത്. എനിക്ക് തോന്നുന്നത് ഞാനൊക്കെ ഉണ്ടാകാനുള്ള ഒരു സാഹചര്യമൊരുക്കിയത് അതാണ്. അദ്ദേഹത്തിന് ആ സമയത്തൊക്കെ അസുഖം കൂടിയ ഘട്ടമായിരുന്നു. ആ സമയത്ത് കൂടെയുണ്ടായ ആളാണ് എം ടി. ആയൊരു ഘട്ടത്തില്‍, ഒരാൾക്കും സഹായിക്കാന്‍ തോന്നാത്ത സമയത്ത്, കാര്‍ കൊണ്ട് വന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തി.

സ്‌നേഹം പ്രകടിപ്പിക്കാനാറിയാത്ത എം ടി

റ്റാറ്റ മരിക്കുമ്പോള്‍ എനിക്ക് 22 വയസാണ്. കൃത്യമായി എന്ത് ചെയ്യണമെന്ന് അറിയില്ല. സിനിമയും സീരിയലുകളുമൊക്കെ ഭയങ്കരമായിട്ടുള്ള സമയമാണ്. റ്റാറ്റയുടെ പല കഥകള്‍ അനധികൃതമായി പലരും സിനിമയും സീരിയലുമാക്കാന്‍ ശ്രമിച്ച് കൊണ്ടിരുന്നു. ഒരു കഥയ്ക്ക് വേണ്ടി പലരും ഒരു ഒപ്പ് വാങ്ങിക്കൊണ്ടു പോകും.

അന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ ഞാന്‍ നേരെ മാതൃഭൂമിയിലേക്ക് ചെന്ന് അദ്ദേഹത്തെ കണ്ടു. 'വാസുവേട്ടാ എനിക്ക് ഒരു വക്കീലിനെ പറഞ്ഞു താ' എന്ന് പറഞ്ഞു. 'നീ പോരാടു, ഞാന്‍ കൂടെയുണ്ട്' എന്നായിരുന്നു മറുപടി. മുന്‍പന്തിയില്‍ വാസുവേട്ടനുണ്ടായിരുന്നില്ല, പക്ഷേ പിന്നണിയില്‍ വാസുവേട്ടന്‍ കൂടെയുണ്ടായിരുന്നു. നമുക്ക് കിട്ടേണ്ട പണം വാങ്ങി തന്നു.

എന്നാല്‍ അതിലദ്ദേഹം ഒരു സങ്കടം പറഞ്ഞു. 'കടവ് പോലെയൊരു കഥ എന്റെ മനസിലുണ്ടായിരുന്നു. അത് ബഷീറിന്റെ ഒരു മനുഷ്യനായിരുന്നു. അതും പോയി, സാരമില്ല' എന്ന്. അത് ആ സമയത്ത് ഹ്രസ്വ ചിത്രമായി മാറി. പിന്നീട് എം ടിക്ക് അത് സിനിമയാക്കാന്‍ പറ്റിയില്ല. അങ്ങനെയൊരു സങ്കടം എന്നോട് പറഞ്ഞിരുന്നു. അദ്ദേഹം പക്ഷേ റ്റാറ്റയോട് അത് ചോദിച്ചിരുന്നില്ല. ടാറ്റയ്ക്ക് അത് അറിയുന്നുമുണ്ടായിരുന്നില്ല.

എം ടിക്ക് എന്നെക്കാള്‍ ഷാഹിന(വൈക്കം മുഹമ്മദ് ബഷീറിന്റെ മകള്‍)യോടായിരുന്നു വാത്സല്യം. ഞങ്ങള്‍ പോയി കണ്ടാല്‍ ഒരു ചെറുപുഞ്ചിരിയും ചെറിയ സംസാരവുമുണ്ടാകും. തുഞ്ചന്‍ സ്മാരകം വന്നതോട് കൂടി അവിടെ പോയി ഇരിക്കാനും സംസാരിക്കാനും ഇഷ്ടമായിരുന്നു. കുറച്ചേ സംസാരിക്കുകയുള്ളു. ഞാനും ഷാഹിനയും അപ്പുറവും ഇപ്പുറവും ഇരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചിരി വരും. ആ സന്തോഷം കണ്ടാലേ അറിയാം, സ്‌നേഹം വളരെ അധികം ഉള്ളിലുണ്ട്. അത് പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന് അറിയില്ല. അതാണ് അദ്ദേഹത്തിന്റെ ഒരു രീതി. അത് ഞങ്ങള്‍ക്ക് അറിയാം.

പിന്നീട് ഞാന്‍ മാതൃഭൂമിയില്‍ ജോയിന്‍ ചെയ്തു. ആ സമയത്ത് അദ്ദേഹം മാതൃഭൂമി പീരിയോഡിക്കല്‍സിന്റെ എഡിറ്ററാണ്. അങ്ങനെ നില്‍ക്കുമ്പോള്‍ കോഴിക്കോട് ഒരു വലിയ സാഹിത്യ ക്യാമ്പുണ്ടായിരുന്നു. അവിടെ ഒരു വലിയ സാഹിത്യകാരനോട് അദ്ദേഹം സംസാരിച്ചിരിക്കുകയായിരുന്നു. ഞാന്‍ അപ്പോള്‍ വെറുതെ വാസുവേട്ടന്റെ അടുത്തേക്ക് ചെന്നു. വാസുവേട്ടന്‍ ചിരിച്ച് കൊണ്ട് അദ്ദേഹത്തോട് പറഞ്ഞു 'he is mister Aneesh Basheer, Son of Vaikkom Muhammad Basheer, he is my colleague now', ആ ഒരു വാചകം കേട്ടപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമായി. അന്ന് ഞാന്‍ 26-27 വയസുള്ള യുവാവാണ്. എം ടി എന്റെ സഹപ്രവര്‍ത്തകനാണെന്ന് പറഞ്ഞതാണ് വലിയ സന്തോഷമുണ്ടാക്കിയത്.

പ്രാസംഗികന്‍, കഥാകൃത്ത്, നോവലിസ്റ്റ്, സിനിമാക്കാരന്‍, സംവിധായകന്‍ തുടങ്ങി ഏത് റോളെടുത്താലും അതില്‍ ഒന്നാമനാണ് എം ടി. കുറച്ച് മുതിര്‍ന്നപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് ഞാന്‍ മാറി നിന്നിട്ടുണ്ട്. അതുവരെ ബഷീറിന്റെ മകനെന്ന നിലയിലുള്ള വാത്സല്യം പേറി നിന്ന്, മാറി നിന്ന് എം ടിയുടെ കഥകള്‍ വായിച്ച്, എം ടിയെ പറ്റി അറിഞ്ഞ്, എം ടിയെന്ന സാഹിത്യകാരനെ അറിഞ്ഞ് വന്നപ്പോള്‍ കുറച്ച് അകലം പാലിച്ചതാണ്. വ്യക്തി, സാഹിത്യകാരന്‍, കഥാകൃത്ത്, സിനിമാക്കാരന്‍ എന്ന നിലയിലൊക്കെ എം ടിയെ വായിച്ച് വന്നപ്പോള്‍ എം ടി എത്രയോ ദൂരത്താണെന്ന് മനസിലാക്കിയപ്പോഴുള്ള ഒരു അകല്‍ച്ച വന്നിട്ടുണ്ടായിരുന്നു.

സാഹിത്യത്തിന് പകരം സംഗീതം സംസാരിക്കുന്ന എം ടിയും ബഷീറും

എം ടിയും റ്റാറ്റയും പരസ്പരം സാഹിത്യത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഇവരുടെ പ്രധാന രീതി തര്‍ക്കമായിരുന്നു. എം ടിയുടെ സ്‌നേഹം തര്‍ക്കത്തിലായിരുന്നു. 'എന്തിനാ ഗുരു ഇങ്ങനെ പറഞ്ഞത്, കത്തെഴുതിയത്, അത് പ്രസിദ്ധീകരിച്ചില്ലേ' തുടങ്ങിയ കാര്യങ്ങള്‍ എം ടി പറയും. 'ശെടാ, ഞാനൊരു കത്തെഴുതി, അവരത് പ്രസിദ്ധീകരിക്കുമെന്ന് ഞാന്‍ കരുതിയോ' എന്ന് ടാറ്റയും പറയും. അപ്പോള്‍, 'പ്രസിദ്ധീകരിക്കാന്‍ വേണ്ടി തന്നെയാണ് നീണ്ട കത്തെഴുതിയത്. അല്ലെങ്കില്‍ ഒരു പേജില്‍ ഒതുക്കേണ്ട കത്ത് എന്തിനാണ് നാല് പേജിലെഴുതിയത്' എന്ന് എം ടി ചോദിക്കും. അങ്ങനെ തര്‍ക്കിക്കുമ്പോള്‍ ബീഡി വാങ്ങി വലിക്കും. അതൊക്കെ എനിക്ക് ഓര്‍മയുള്ള കാര്യമാണ്.

തര്‍ക്കിക്കുന്നത് കണ്ടാല്‍ തോന്നും ഇരുവരും തമ്മില്‍ ദേഷ്യമാണെന്ന്. എന്നാല്‍ മാനസികമായി അടുപ്പമുള്ളത് കൊണ്ടാണ് അവര്‍ക്ക് തര്‍ക്കിക്കാന്‍ സാധിക്കുന്നത്. എം ടിക്ക് ജീവിതത്തോടും, കഥകളോടും, കഥാപാത്രങ്ങളോടും ഗൗരവമുള്ള സമീപനമായായിരുന്നു. പക്ഷേ, ബഷീറിന്റെ രീതി മറ്റൊന്നാണ്. രണ്ട് പേരും വൈരുദ്ധ്യമുള്ളവരാണ്. പക്ഷേ രണ്ട് പേരും പറയുന്നത് ഒരേ കാര്യമായിരുന്നു. സാഹിത്യത്തിന് പകരം രണ്ട് പേരും സംഗീതത്തെക്കുറിച്ച് സംസാരിക്കും. പോള്‍ റോബ്‌സണെ കേള്‍ക്കണമെന്ന് അദ്ദേഹം എം ടിയോട് പറയുമായിരുന്നു.

Content Highlights: Relation between MT Vasudevan Nair and Vaikom Muhammad Basheer

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us